സെഞ്ചൂറിയന്‍: സൗത്താഫ്രിക്കയുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു നാണംകെട്ട തോല്‍വി. വെറും മൂന്നു ദിവസം കൊണ്ടാണ് ആതിഥേയര്‍ ഇന്ത്യയുടെ കഥ കഴിച്ചത്. ഇന്നിങ്‌സിനും 32 റണ്‍സിനും ഇന്ത്യയെ സൗത്താഫ്രിക്ക കെട്ടുകെട്ടിക്കുകയായിരുന്നു. ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ അവര്‍ 1-0നു മുന്നിലെത്തുകയും ചെയ്തു. 163 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയപ്പോള്‍ തന്നെ ടെസ്റ്റില്‍ ഇന്ത്യ ബാക്ക്ഫൂട്ടിലായിരുന്നു. രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ ചീട്ടുകൊട്ടാരം കണക്കെ തകരുകയായിരുന്നു. വെറും 131 റണ്‍സിനാണ് ഇന്ത്യ കൂടാരത്തില്‍ തിരികെയെത്തിയത്.
വിരാട് കോലിയുടെ (76) ഒറ്റയാള്‍ പോരാട്ടവും ശുഭ്മന്‍ ഗില്ലിന്റെ (26) ഇന്നിങ്‌സും മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം പോലും കടക്കാന്‍ കഴിഞ്ഞില്ല. ക്രീസിന്റെ മറുഭാഗത്തു വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നെങ്കിലും കോലി അഗ്രസീവ് ബാറ്റിങിലൂടെ ഒരിക്കല്‍ക്കടി തന്റെ ക്ലാസ് തെളിയിക്കുകയായിരുന്നു. 82 ബോളുകള്‍ നേരിട്ട അദ്ദേഹം 12 ഫോറും ഒരു സിക്‌സറുമടിച്ചു. 37 ബോളില്‍ ആറു ഫോറടക്കമായിരുന്നു ഗില്‍ 26 റണ്‍സെടുത്തത്.

നായകന്‍ രോഹിത് ശര്‍മ (0), യശസ്വി ജയ്‌സ്വാള്‍ (5), ശ്രേയസ് അയ്യര്‍ (6), കെഎല്‍ രാഹുല്‍ (4), ആര്‍ അശ്വിന്‍ (0), ശര്‍ദ്ദുല്‍ ടാക്കൂര്‍ (2), ജസ്പ്രീത് ബുംറ (0), മുഹമ്മദ് സിറാജ് (4) എന്നിവരെല്ലാം വന്നതും പോയതും വളരെ പെട്ടെന്നായിരുന്നു. മൂന്നാം വിക്കറ്റില്‍ കോലി- ഗില്‍ സഖ്യം 39 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഇതു മാറ്റിനിര്‍ത്തിയാല്‍ മറ്റൊരു മികച്ച കൂട്ടുകെട്ട് പോലും ഇന്ത്യന്‍ ഇന്നിങ്‌സില്‍ കണ്ടില്ല. സൗത്താഫ്രിക്കന്‍ പേസര്‍മാര്‍ ഒരുക്കിയ കെണിയില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ വീണുകൊണ്ടിരുന്നു.
അരങ്ങേറ്റ മല്‍സരം കളിച്ച പേസര്‍ നാന്ദ്രെ ബര്‍ഗറാണ് സൗത്താഫ്രിക്കന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ചുനിന്നത്. നാലു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. മാര്‍ക്കോ യാന്‍സണിനു മൂന്നു വിക്കറ്റുകള്‍ ലഭിച്ചപ്പോള്‍ കാഗിസോ റബാഡ രണ്ടു വിക്കറ്റുകളും വീഴ്ത്തി.
അഞ്ചു വിക്കറ്റിനു 256 റണ്‍സെന്ന നിലയില്‍ ഇന്നു കളി പുനരാരംഭിച്ച സൗത്താഫ്രിക്ക 408 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി പുറത്താവുകയായിരുന്നു. 185 റണ്‍സെടുത്ത ഡീന്‍ എല്‍ഗറാണ് സൗത്താഫ്രിക്കന്‍ ഇന്നിങ്‌സിലെ അമരക്കാരനായത്.
287 ബോളുകള്‍ നേരിട്ട അദ്ദേഹം 28 ഫോറുകളടിച്ചു. കരിയര്‍ ബെസ്റ്റ് പ്രകടനം നടത്തിയ യാന്‍സണ്‍ 84 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ 56 റണ്‍സെടുത്ത ഡേവിഡ് ബെഡിങ്ഹാമാണ് മറ്റൊരു പ്രധാന സ്‌കോറര്‍. ഇന്ത്യക്കു വേണ്ടി ജസ്പ്രീത് ബുംറ നാലു വിക്കറ്റുകള്‍ പിഴുതപ്പോള്‍ മുഹമ്മദ് സിറാജിനു രണ്ടു വിക്കറ്റുകളും ലഭിച്ചു.

ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് രണ്ടാംദിനം ആദ്യ സെഷനില്‍ തന്നെ 245 റണ്‍സില്‍ അവസാനിച്ചിരുന്നു. കെഎല്‍ രാഹുലിന്റെ (101) സെഞ്ച്വറിയാണ് ഒരു ഘട്ടത്തില്‍ 200 റണ്‍സ് പോലും തികയ്ക്കുമോയെന്നു സംശയിച്ച ഇന്ത്യയെ 245 റണ്‍സ് വരെയെത്തിച്ചത്. 137 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 14 ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു. വിരാട് കോലിയും (38) ശ്രേയസ് അയ്യരുമാണ് (31) ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റുള്ളവര്‍. സൗത്താഫ്രിക്കയ്ക്കായി കാഗിസോ റബാഡ അഞ്ചു വിക്കറ്റുകളെടുത്തിരുന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗാര്‍, എയ്ഡന്‍ മാര്‍ക്രം, ടോണി ഡി സോര്‍സി, ടെംബ ബവുമ (ക്യാപ്റ്റന്‍), കീഗന്‍ പീറ്റേഴ്‌സന്‍, ഡേവിഡ് ബെഡിംഗ്ഹാം, കൈല്‍ വെറെയ്ന്‍ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ യാന്‍സണ്‍, ജെറാള്‍ഡ് കോട്സി, കാഗിസോ റബാഡ, നാന്ദ്രെ ബര്‍ഗര്‍.