ഡര്‍ബന്‍: അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയോടെ ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. സൗത്താഫ്രിക്കയുമായുള്ള ആദ്യ ടി20യില്‍ 50 ബോളില്‍ നിന്നും 107 റണ്‍സോടെയാണ് അദ്ദേഹം വിലസിയത്. നേരത്തേ ബംഗ്ലാദേശുമായുള്ള അവസാന കളിയിലും അദ്ദേഹം സെഞ്ച്വറി കുറിച്ചിരുന്നു. അന്നു 47 ബോളില്‍ സഞ്ജു വാരിക്കൂട്ടിയത് 111 റണ്‍സാണ്.
കരുത്തരായ സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ കുറിച്ച സെഞ്ച്വറിയോടെ ടി20യില്‍ ഇന്ത്യയുടെ ഓപ്പണിങ് റോള്‍ അദ്ദേഹം ഏറെക്കുറെ ഭദ്രമാക്കുകയും ചെയ്തിരിക്കുകയാണ്. സഞ്ജുവിന്റെ മിന്നുന്ന പ്രകടനം കാരണം ഇന്ത്യയുടെ അഞ്ചു താരങ്ങള്‍ക്കാണ് പണി കിട്ടിയിരിക്കുന്നത്. അവര്‍ക്കു ഇനി പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തുക കടുപ്പം തന്നെയായിരിക്കും. ആരൊക്കെയാണ് ഈ താരങ്ങളെന്നു നോക്കാം.

കൂടുതല്‍ നെഞ്ചിടിപ്പ് ഇവര്‍ക്ക്
ഇന്ത്യന്‍ ടി20 ടീമിന്റെ ഓപ്പണിങ് റോളില്‍ സഞ്ജു സാംസണിന്റെ മിന്നുന്ന പ്രകടനം കാരണം ഏറ്റവുമധികം നെഞ്ചിടിപ്പ് രണ്ടു കളിക്കാര്‍ക്കാണ്. ഒരാള്‍ യുവ ഓപ്പണറും ബാറ്റിങ് സെന്‍സെഷനുമായ ശുഭ്മന്‍ ഗില്ലാണെങ്കില്‍ മറ്റൊരാള്‍ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തുമാണ്.
ടി20യില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികള്‍ ഗില്ലും യശസ്വി ജയ്‌സ്വാളുമായിരുന്നു. എന്നാല്‍ രണ്ടു പേരും ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കുള്ള ടെസ്റ്റ് ടീമിന്റെ ഭാഗമായതിനാല്‍ സൗത്താഫ്രിക്കന്‍ പര്യടനത്തിനായി പരിഗണിച്ചില്ല. ഇതേ തുടര്‍ന്നാണ് സഞ്ജുവിനും അഭിഷേക് ശര്‍മയ്ക്കും ഈ റോളിലേക്കു നറുക്കവീണത്.
ഓപ്പണറായെത്തിയ സഞ്ജു പ്രതീക്ഷകള്‍പ്പുറത്തെ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതോടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാര്‍ തിരിച്ചെത്തിയാലും ഈ റോളില്‍ നിന്നും അദ്ദേഹത്തെ മാറ്റി നിര്‍ത്തുകയെന്നത് ഇന്ത്യക്കു അസാധ്യമായി മാറിയിരിക്കുകയാണ്. അസ്രീവ് ബാറ്ററായ ജയ്‌സ്വാള്‍ തീര്‍ച്ചയായും പ്ലെയിങ് ഇലവനില്‍ കളിച്ചേ തീരൂ.
ഭയക്കേണ്ടത് ഗില്ലാണ്. കാരണം ഈ ഫോര്‍മാറ്റിനു അനുയോജ്യമായ അഗ്രസീവ് ശൈലിയുടെ വക്താവല്ല അദ്ദേഹം. പലപ്പോഴും സ്ലോ ഇന്നിങ്‌സുകളുടെ പേരില്‍ ഗില്‍ പഴിയും കേട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ പുറത്തിരുത്തി പകരം സഞ്ജുവിനെയും ജയ്‌സ്വാളിനെയും ഈ ഫോര്‍മാറ്റില്‍ ഇന്ത്യ സ്ഥിരം ഓപ്പണര്‍മാരും ആക്കിയേക്കും.
റിഷഭ് ഇനി വാട്ടര്‍ ബോയ്?
സഞ്ജു സാംസണിന്റെ മിന്നുന്ന പ്രകടനത്തോടെ ടി20യില്‍ ഇനി വാട്ടര്‍ ബോയ് മാത്രമായി റിഷഭ് പന്ത് ഒതുക്കപ്പെട്ടേക്കും. ടെസ്റ്റില്‍ അദ്ദേഹത്തിന്റെ അസാധാരണ മിടുക്കിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ടി20യില്‍ റിഷഭ് വെറും സാധാരണ താരം മാത്രമാണ്.
ടി20യില്‍ ഇന്ത്യക്കു വേണ്ടി 76 മല്‍സരങ്ങളില്‍ അദ്ദേഹം ഇതിനകം കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 23.25 ശരാശരിയില്‍ നേടാനായത് 1209 റണ്‍സ് മാത്രമാണ്. വെറും മൂന്നു ഫിഫ്റ്റികള്‍ മാത്രമേ റിഷഭ് നേടിയിട്ടുള്ളൂ. സ്‌ട്രൈക്ക് റേറ്റ് 127.4 ആണ്. എന്നാല്‍ സഞ്ജുവിന്റെ കരിയറെടുത്താല്‍ ഓപ്പണറായ ശേഷം അദ്ദേഹം കരിയര്‍ അടിമുടി മാറ്റിയെടുത്തിരിക്കുകയാണ്.

34 ടി20കളില്‍ നിന്നും 152.06 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 701 റണ്‍സ് താരം നേടിക്കഴിഞ്ഞു. രണ്ടു വീതം സെഞ്ച്വറികളും ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. അതുകൊണ്ടു തന്നെ ടി20യില്‍ ഇനി ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനു കൂടുതല്‍ അര്‍ഹതയും സഞ്ജുവിനു തന്നെയാണ്.
ഇവരും ഭയക്കണം
ശുഭ്മന്‍ ഗില്‍, റിഷഭ് പന്ത് എന്നിവര്‍ മാത്രമല്ല ഓപ്പണറായുള്ള സഞ്ജു സാംസണിന്റെ വളര്‍ച്ച കാരണം മറ്റു മൂന്നു താരങ്ങള്‍ കൂടി ഭയക്കണം. വിക്കറ്റ് കീപ്പര്‍മാരായ ഇഷാന്‍ കിഷന്‍, ധ്രുവ് ജുറേല്‍, ജിതേഷ് ശര്‍മ എന്നിവരാണിത്. സഞ്ജുവിനെ ഓവര്‍ടേക്ക് ചെയ്ത് മൂന്നു പേര്‍ക്കും ഇനി ടി20 ടീമില്‍ കയറിപ്പറ്റുക കടുപ്പം തന്നെയായിരിക്കും.
ടീമിന്റെ ഭാവി ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് ജുറേല്‍. അവസരം ലഭിക്കുമ്പോഴെല്ലാം ശ്രദ്ധേയമായ പ്രകടനങ്ങള്‍ താരം നടത്തുകയും ചെയ്യുന്നുണ്ട്. ഇഷാനാവട്ടെ അടുത്തിടെയായി ബിസിസിഐയുടെ ഗുഡ് ലിസ്റ്റില്‍ നിന്നും പുറത്തായ താരമാണ്.
നേരത്തേ ടി20യില്‍ ഓപ്പണിങ് റോളില്‍ കളിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിനു ഇനി തിരിച്ചുവരവ് കടുപ്പമാവും. ജിതേഷാവട്ടെ സീനിയര്‍ താരങ്ങളില്ലാത്തപ്പോള്‍ ടീമിലെത്തിയിരുന്ന താരമാണ്. സഞ്ജു കസറുന്നതോടെ ഇനി അദ്ദേഹത്തെ ഭാവി പരമ്പരകളില്‍ പരിഗണിക്കാനും സാധ്യത കുറവാണ്.