ടീം ഇന്ത്യയില്‍ എല്ലാ ഫോര്‍മാറ്റിലും സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനത്തിലൂടെ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ശ്രേയസ് അയ്യര്‍. പരിക്കില്‍ നിന്നും മോചിതനായി കഴിഞ്ഞ ഏഷ്യാ കപ്പിലൂടെ കളിക്കളത്തില്‍ മടങ്ങിയെത്തിയ ശേഷം അദ്ദേഹം മാരക ഫോമിലാണ്. വളരെ അഗ്രസീവായ ബാറ്റിങാണ് എല്ലാ ഫോര്‍മാറ്റുകളിലും ശ്രേയസ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഹിറ്റ്മാനെന്ന വിശേഷണം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു അവകാശപ്പെട്ടതാണെങ്കിലും ടെസ്റ്റിലെ യഥാര്‍ഥ ഹിറ്റ്മാന്‍ ശ്രേയസാണെന്നു കണക്കുകള്‍ പറയുന്നു.
കുറഞ്ഞത് 300 ബോളുകളെങ്കിലും നേരിട്ട ബാറ്റര്‍മാരെയെടുത്താല്‍ അറ്റാക്കിങ് ഷോട്ടുകളുടെ കാര്യത്തില്‍ ഏറ്റവുമുയര്‍ന്ന ശരാശരിയുള്ളവരില്‍ ലോകത്തു ശ്രേയസ് മൂന്നാംസ്ഥാനത്തുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. 2022 മുതലുള്ള ടെസ്റ്റുകളുടെ അടിസ്ഥാനത്തിലാണിത്. ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഇടം പിടിച്ച ഒരേയൊരു ഇന്ത്യന്‍ താരവും ശ്രേയസാണ്. 50.3 ശതമാനം അറ്റാക്കിങ് ഷോട്ടുകളാണ് ഈ കാലയളവില്‍ അദ്ദേഹം കളിച്ചിട്ടുള്ളത്.

ഈ ലിസ്റ്റില്‍ തലപ്പത്തു നില്‍ക്കുന്നത് ഇംഗ്ലണ്ട് താരം ബെന്‍ ഡക്കെറ്റാണ്. 60.8 ശതമാനം അറ്റാക്കിങ് ഷോട്ടുകള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. രണ്ടാംസ്ഥാനത്ത് ഓസ്‌ട്രേലിയയുടെ അഗ്രസീവ് ഇടംകൈന്‍ ബാറ്റര്‍ ട്രാവിസ് ഹെഡാണ്. 51.3 ശതമാനമാണ് അദ്ദേഹത്തിന്റെ ശരാശരി.
ശ്രേയസിനു പിറകില്‍ നാലാമത് പാകിസ്താന്‍ ക്യാപ്റ്റന്‍ ഷാന്‍ മസൂദാണ്. 49.7 ശതമാനം അഗ്രസീവ് ഷോട്ടുളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. ഇംഗ്ലണ്ടിന്റെ ബാറ്റിങ് സെന്‍സേഷന്‍ ഹാരി ബ്രൂക്ക് അഞ്ചാംസ്ഥാനത്തു നില്‍ക്കുന്നു. 49.5 ശതമാനം ശരാശരി യുവ ബാറ്റര്‍ക്കുണ്ട്.
സൗത്താഫ്രിക്കയ്ക്കതിരേ ഇപ്പോള്‍ സെഞ്ചൂറിയനില്‍ നടന്നു കൊണ്ടിരിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും ശ്രേയസ് അറ്റാക്കിങ് ഇന്നിങ്‌സായിരുന്നു കാഴ്ചവച്ചത്. പക്ഷെ അതൊരു വലിയ ഇന്നിങ്‌സാക്കി മാറ്റുവാന്‍ അദ്ദേഹത്തിനായില്ല. 50 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുമടക്കം 31 റണ്‍സെടുത്ത് ശ്രേയസ് പുറത്താവുകയായിരുന്നു. 62 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

മുന്‍ വൈസ് ക്യാപ്റ്റനും അഞ്ചാം നമ്പറില്‍ ദീര്‍ഘകാലം ഇന്ത്യയുടെ വിശ്വസ്തനുമായിരുന്ന അജിങ്ക്യ രഹാനെയ്ക്കു പകരമാണ് ശ്രേയസ് ടെസ്റ്റ് ടീമിലേക്കു വരുന്നത്. രഹാനെ ടെസ്റ്റില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പായി കൊണ്ടിരുന്നതോടെ അദ്ദേഹത്തെ ഒഴിവാക്കി 2021ല്‍ ശ്രേയസിനെ പരീക്ഷിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാവുകയായിരുന്നു. മികച്ച ഇന്നിങ്‌സുകളിലൂടെ വളരെ വേഗത്തില്‍ ടീമില്‍ സഥാനമുറപ്പിക്കാന്‍ ശ്രേയസിനു സാധിക്കുകയും ചെയ്തു.
11 ടെസ്റ്റുകളിലായി 17 ഇന്നിങ്‌സുകളിലാണ് ശ്രേയസ് ഇതിനകം ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 43.56 ശരാശരിയില്‍ 697 റണ്‍സ് താരം സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമടക്കമാണിത്. ഉയര്‍ന്ന സ്‌കോര്‍ 105 റണ്‍സാണ്. 83 ഫോറുകളും 15 സിക്‌സറുകളും ടെസ്റ്റില്‍ ശ്രേയസ് ഇതിനകം നേടുകയും ചെയ്തിട്ടുണ്ട്.
അതേസമയം, സൗത്താഫ്രിക്കയുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഭേദപ്പെട്ട സ്‌കോറിലേക്കു പൊരുതുകയാണ് ഇന്ത്യ. രണ്ടാംദിനം 60 ഓവറുകള്‍ കഴിയുമ്പോള്‍ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തിട്ടുണ്ട്. കെഎല്‍ രാഹുലിന്റെ (70*) ഫിഫ്റ്റിയാണ് വലിയ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ 200 റണ്‍സ് കടക്കാന്‍ സഹായിച്ചത്. മറ്റാരും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ 40 റണ്‍സ് തികച്ചില്ല.