ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നാണംകെട്ടിരിക്കുകയാണ്. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ രണ്ടാം ടെസ്റ്റ് ഇന്ത്യക്ക് നിര്‍ണ്ണായകമായിരിക്കുകയാണ്. രണ്ടാം ടെസ്റ്റ് ജയിക്കാനാവാത്ത പക്ഷം ഇന്ത്യ പരമ്പര കൈവിടും. സമനില നേടിയാല്‍ പോലും ഇന്ത്യക്ക് പരമ്പര നഷ്ടമാവും. അതുകൊണ്ടുതന്നെ രണ്ടാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവ് നടത്താനാവും ഇന്ത്യ ശ്രമിക്കുക.
എന്നാല്‍ ഇന്ത്യന്‍ ക്യാംപില്‍ നിന്ന് ശുഭമല്ലാത്ത റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യയുടെ മീഡിയം പേസ് ഓള്‍റൗണ്ടര്‍ ശാര്‍ദ്ദുല്‍ ടാക്കൂര്‍ പരിക്കിന്റെ പിടിയിലാണെന്ന റിപ്പോര്‍ട്ടാണ് ടീമിനെ ആശങ്കയിലാക്കുന്നത്. നെറ്റ്‌സ് പരിശീലനത്തിനിടെ ശാര്‍ദ്ദുലിന്റെ തോളിന് പരിക്കേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. ബാറ്റിങ് പരിശീലനം നടത്തവെ റാത്തോറിന്റെ ത്രോ ശാര്‍ദ്ദുലിന്റെ തോളില്‍ കൊള്ളുകയായിരുന്നു. ഇതോടെ അദ്ദേഹം പരിശീലനം അവസാനിപ്പിച്ചു.
പിന്നീട് കൈക്ക് ബാന്റേജിട്ട് ശാര്‍ദ്ദുല്‍ ഇരിക്കുകയാണ് ചെയ്തത്. ഐസ് പാക്കും അദ്ദേഹം ഉപയോഗിച്ചു. എന്നാല്‍ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് സ്‌കാനിങ്ങിന് ശേഷമെ പറയാന്‍ സാധിക്കൂ. നിലവിലെ സൂചനകള്‍ പ്രകാരം ശാര്‍ദ്ദുല്‍ രണ്ടാം ടെസ്റ്റ് കളിച്ചേക്കില്ല. ആദ്യ ടെസ്റ്റിലും കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ ശാര്‍ദ്ദുലിനായിരുന്നില്ല. 24, 2 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോര്‍. ബൗളിങ്ങില്‍ തല്ലുകൊള്ളിയായി മാറി.
19 ഓവറില്‍ 101 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് ശാര്‍ദ്ദുല്‍ നേടിയത്. ശാര്‍ദ്ദുലിന്റെ അഭാവത്തോടെ ഇന്ത്യ ആരെ പകരക്കാരനാക്കുമെന്നതാണ് ചോദ്യം. ഇന്ത്യന്‍ ടീമില്‍ മറ്റൊരു പേസ് ഓള്‍റൗണ്ടറില്ല. അതുകൊണ്ടുതന്നെ ശാര്‍ദ്ദുലിന്റെ അഭാവം ഇന്ത്യയെ ബാധിക്കും. രവീന്ദ്ര ജഡേജ രണ്ടാം ടെസ്റ്റിലൂടെ തിരിച്ചെത്തും. ഇതോടെ താരം പ്ലേയിങ് 11ലേക്കുമെത്തും. എന്നാല്‍ ശാര്‍ദ്ദുലിന് പകരം ആര്‍ അശ്വിനെ കളിപ്പിക്കുക എളുപ്പമല്ല.

കാരണം ദക്ഷിണാഫ്രിക്കയിലെ പേസ് പിച്ചില്‍ സ്പിന്നിന് കാര്യമായൊന്നും ചെയ്യാനില്ല. ഈ സാഹചര്യത്തില്‍ രണ്ട് സ്പിന്നര്‍മാരെ കളിപ്പിച്ചാല്‍ ഇന്ത്യയുടെ ബൗളിങ് കരുത്തിനെയത് പ്രതികൂലമായി ബാധിക്കും. ആദ്യ ടെസ്റ്റില്‍ത്തന്നെ പരിക്ക് ഇന്ത്യക്ക് തലവേദനയായിരുന്നു. സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി പരിക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിലില്ലാത്തത് ടീമിനെ കാര്യമായി ബാധിച്ചിരുന്നു. ഈ വിടവ് നികത്താന്‍ സാധിക്കാത്തതാണ് ഒന്നാം ടെസ്റ്റില്‍ ഇന്ത്യ തകരാന്‍ കാരണമായത്.
ഇന്ത്യന്‍ താരങ്ങള്‍ കഠിന പരിശീലനമാണ് നടത്തുന്നത്. നെറ്റ്‌സില്‍ രോഹിത് ശര്‍മയടക്കം എല്ലാ താരങ്ങളും മണിക്കൂറുകള്‍ സമയം ചിലവിട്ടു. രോഹിത് ശര്‍മ ആദ്യ മത്സരത്തില്‍ 5, 0 എന്നിങ്ങനെയാണ് സ്‌കോര്‍ നേടിയത്. രണ്ടാം ടെസ്റ്റില്‍ തിളങ്ങാവാതെ പോയാല്‍ രോഹിത്തിന്റെ നായകസ്ഥാനത്തെയടക്കം അത് പ്രതികൂലമായി ബാധിച്ചേക്കും. ഒന്നാം ടെസ്റ്റിലെ രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തില്‍ ബാറ്റ്‌സ്മാനായും നായകനായും രോഹിത് ഗംഭീര തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. ശാര്‍ദ്ദുലിന്റെ പരിക്കോടെ ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരാവും. ഇന്ത്യ പ്രസിദ്ധ് കൃഷ്ണയെ പ്ലേയിങ് 11ല്‍ നിലനിര്‍ത്താനാണ് സാധ്യത കൂടുതല്‍. ആവേശ് ഖാനെ ശാര്‍ദ്ദുലിന് പകരം കളിപ്പിക്കുകയും ചെയ്യും. ഇതോടെ ഇന്ത്യയുടെ ബാറ്റിങ് കരുത്തിനെയത് പ്രതികൂലമായി ബാധിക്കും. അശ്വിന് പകരം ജഡേജ പ്ലേയിങ് 11ലെത്തും.
ഇത് ഇന്ത്യയെ സംബന്ധിച്ച് പോസിറ്റീവാണ്. മധ്യനിരയിലെ ബാറ്റിങ് കരുത്തുയരും. എന്നാല്‍ ശാര്‍ദ്ദുലുണ്ടായിരുന്നെങ്കില്‍ ബാറ്റിങ്ങില്‍ അല്‍പ്പം കൂടി ആത്മവിശ്വാസം ഇന്ത്യക്ക് ലഭിക്കുമായിരുന്നു. താരത്തിന്റെ അഭാവം ഇന്ത്യക്ക് വലിയ തലവേദനയാണെന്ന് തന്നെ പറയാം.
ഇന്ത്യയുടെ സാധ്യതാ 11: രോഹിത് ശര്‍മ (c), യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍