ഗുവാഹത്തി: ഒരു വര്‍ഷത്തിനിടം സ്വന്തം നാട്ടില്‍ വീണ്ടുമൊരിക്കല്‍ക്കൂടി ടെസ്റ്റില്‍ തൂത്തുവാരപ്പെട്ടിരിക്കുകയാണ് ടീം ഇന്ത്യ. കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിന്റെ ഊഴമായിരുന്നെങ്കില്‍ ഇത്തവണ സൗത്താഫ്രിക്കയാണ് ഇന്ത്യയെ തൂത്തുവാരിയിരിക്കുന്നത്. രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ 549 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യക്കു അവര്‍ നല്‍കിയത്.
പക്ഷെ അഞ്ചാംദിനം പൊരുതാന്‍ പോലുമാവാതെ വെറും 140 റണ്‍സിനു ഇന്ത്യ കൂടാരംകയറി. ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ് അവസാനിക്കുകയും ചെയ്തു. 408 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് സൗത്താഫ്രിക്ക സ്വന്തമാക്കിയത്. 25 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവര്‍ ഇന്ത്യയില്‍ ഒരു പരമ്പര നേടിയത്. അവസാനത്തെ പരമ്പര നേട്ടം 1999-2000ലായിരുന്നു.

റണ്‍ചേസില്‍ രവീന്ദ്ര ജഡേജയൈാഴികെ (54) മറ്റാരും തന്നെ ഇന്ത്യന്‍ നിരയില്‍ പൊരുതി നോക്കിയില്ല. 87 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ജഡ്ഡുവിനെ മാറ്റി നിര്‍ത്തിയാല്‍ ആരും തന്നെ ഇന്ത്യന്‍ നിരയില്‍ 20 റണ്‍സ്് പോലും തികച്ചില്ല.
ആറു വിക്കറ്റുകളുമായി സ്പിന്നര്‍ സൈമണ്‍ ഹാര്‍മര്‍ വീണ്ടും ഇന്ത്യയുടെഅന്തകനായി മാറി. രണ്ടു വിക്കറ്റിനു 27 റണ്‍സെന്ന ദയനീയ അവസ്ഥയിലാണ് നാലാംദിനം ഇന്ത്യ കളി അവസാനിപ്പിച്ചത്. 113 റണ്‍സ് കൂടി നേടുന്നതിനിടെ ശേഷിച്ച എട്ടു വിക്കറ്റുകളും കൈവിട്ട ഇന്ത്യ തോല്‍വിയിലേക്കു കൂപ്പുകുത്തുകയായിരുുന്നു.
നേരത്തേ 288 റണ്‍സിന്റെ വളരെ ആധികാരികമായ ലീഡ് ഒന്നാമിന്നിങ്‌സില്‍ സൗത്താഫ്രിക്കയ്ക്കു ലഭിച്ചിട്ടും. പക്ഷെ ഇന്ത്യയെ ഫോളോഓണിനു അയക്കാതെ അവര്‍ വീണ്ടും ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നാലാംദിനം ലഞ്ച് ബ്രേക്കിനു ശേഷം അഞ്ചു വിക്കറ്റിനു 260 റണ്‍സില്‍ വച്ച് സൗത്താഫ്രിക്ക ഇന്നിങ്‌സും ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
94 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് ടീമിന്റെ ടോപ്സ്‌കോററയത്. 180 ബോളുകള്‍ നേരിട്ട താരത്തിന്‍െ ഇന്നിങ്‌സില്‍ ഒമ്പതു ഫോറും ഒരു സിക്‌സറുമുള്‍പ്പെടുന്നു. സ്റ്റബ്‌സിന്റെ സെഞ്ച്വറിക്കു വേണ്ടിയാണ് ഡിക്ലയറേഷന്‍ സൗത്താഫ്രിക്ക വൈകിപ്പിച്ചത്. അല്ലായിരുന്നെങ്കില്‍ ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ അവര്‍ ഇന്ത്യയെ ബാറ്റിങിനു അയക്കേണ്ടതായിരുന്നു.
എന്നാല്‍ സ്റ്റബ്‌സ് പുറത്തായതിനു പിറകെ സൗത്താഫ്രിക്ക ഡിക്ലയറും ചെയ്യുകയായിരുന്നു. ടോണി ഡിസോര്‍സി (49), വിയാന്‍ മുള്‍ഡര്‍ (35*), റയാന്‍ റിക്കെല്‍റ്റണ്‍ (35) എന്നിവരും ഭേദപ്പെട്ട പ്രകടനങ്ങള്‍ നടത്തി. ഇന്ത്യക്കു വേണ്ടി രവീന്ദ്ര ജഡേജ നാലു വിക്കറ്റുകള്‍ പിഴുതു.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത സൗത്താഫ്രിക്കന്‍ ടീം ഒന്നാമിന്നിങ്‌സില്‍ 489 റണ്‍സാണ് നേടിയത്. സെനുരാന്‍ മുത്തുസാമി (109) കന്നി സെഞ്ച്വറിയുമായി സൗത്താഫ്രിക്കന്‍ ഇന്നിങ്‌സിലെ അമരക്കാരനായി മാറി.
206 ബോളില്‍ 10 ഫോറും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. കരിയര്‍ ബെസ്റ്റ് സ്‌കോര്‍ നേടിയ മാര്‍ക്കോ യാന്‍സണാണ് മറ്റൊരു പ്രധാന സ്‌കോറര്‍. വെറു 91 ബോളിലാണിത്. ഏഴു സിക്‌സറും ആറു ഫോറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
മറുപടിയില്‍ ഇന്ത്യ വെറും 201 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. യശസി ജയ്‌സ്വാള്‍ (58), വാഷിങ്ടണ്‍ സുന്ദര്‍ (48) എന്നിവരൊഴികെ മറ്റാരും ഇന്ത്യന്‍ നിരയില്‍ പൊരുതി നോക്കിയില്ല. ആറു വിക്കറ്റുകള്‍ പിഴുത യാന്‍സനാണ് ഇന്ത്യയുടെ കഥ കഴിച്ചത്. സൈമണ്‍ ഹാര്‍മര്‍ മൂന്നു വിക്കറ്റുകളും നേടി.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ധ്രുവ് ജുറേല്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
സൗത്താഫ്രിക്ക- എയ്ഡന്‍ മാര്‍ക്രം, റയാന്‍ റിക്കെല്‍ട്ടണ്‍, വിയാന്‍ മുള്‍ഡര്‍, ടെംബ ബവൂമ (ക്യാപ്റ്റന്‍), ടോണി ഡി സോര്‍സി, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, കെയ്ല്‍ വെറെയ്‌നെ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ യാന്‍സണ്‍, സെനുരാന്‍ മുത്തുസാമി, സൈമണ്‍ ഹാര്‍മര്‍, കേശവ് മഹാരാജ്.