മെല്‍ബണ്‍: ലോക, ഏഷ്യന്‍ ചാംപ്യന്‍മാരായ ഇന്ത്യ നാണംകെടുത്തി ഓസ്ട്രലേിയന്‍ കുതിപ്പ്. ഇന്ത്യന്‍ ബാറ്റിങ് നിര വന്‍ ദുരന്തമായി മാറിയ കളിയില്‍ നാലു വിക്കറ്റിന്റെ മിന്നും ജയമാണ് കംഗാരുപ്പട ആഘോഷിച്ചത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0നു മുന്നിലെത്തി. ബൗളിങിലും പിന്നീട് ബാറ്റിങിലും ഇന്ത്യയെ നിഷ്പ്രഭരാക്കിയാണ് മെല്‍ബണില്‍ ഓസീസ് ജയിച്ചു കയറിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ എട്ടു ബോള്‍ ശേഷിക്കെ 125നു ഓള്‍ഔട്ടായപ്പോള്‍ തന്നെ മല്‍സരവിധിയും കുറിക്കപ്പെട്ടിരുന്നു. ക്യാപ്റ്റന്‍ മിച്ചെല്‍ മാര്‍ഷ് (26 ബോളില്‍ 46) വെടിക്കെട്ടുമായി ടീമിനു അടിത്തറയിട്ടപ്പോള്‍ 13.2 ഓവറില്‍ ആറു വിക്കറ്റിനു ഓസീസ് ജയിച്ചു കയറി. ട്രാവിസ് ഹെഡ് (28), ജോഷ് ഇംഗ്ലിസ് (20) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. അടുത്ത മല്‍സരം ഞായറാഴ്ച ഓവലില്‍ നടക്കും.

മാനം കാത്തത് അഭിഷേക്
മെല്‍ബണില്‍ ഇന്ത്യന്‍ ടീമിന്റെ മാനം കാത്തത് ഓപ്പണറും ലോക ഒന്നാം നമ്പര്‍ ബാറ്ററുമായ അഭിഷേക് ശര്‍മയാണ് (68). ക്രീസിന്റെ മറുവശത്തു വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോള്‍ ഒറ്റയാള്‍ പോരാട്ടവുമായി അദ്ദേഹം ടീമിനെ രക്ഷിക്കുകയായിരുന്നു. 37 ബോൡല്‍ എട്ടു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് അഭിഷേകിന്റെ ഇന്നിങ്‌സ്.
35 റണ്‍സ് നേടിയ പേസര്‍ ഹര്‍ഷിത് റാണയാണ് മറ്റൊരു പ്രധാന സ്‌കോറര്‍. വേറെയാരും തന്നെ ഇന്ത്യന്‍ നിരയില്‍ രണ്ടക്കം തികച്ചില്ല. ശുഭ്മന്‍ ഗില്‍ (5), സഞ്ജു സാംസണ്‍ (2), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (1), തിലക് വര്‍മ (0), അക്ഷര്‍ പട്ടേല്‍ (7), ശിവം ദുബെ (4) എന്നിവരെല്ലാം വന്‍ ഫ്‌ളോപ്പായി മാറി.
ജോഷ് ഹേസല്‍വുഡെറിഞ്ഞ ആദ്യ ഓവര്‍ മുതല്‍ തന്നെ ഇന്ത്യന്‍ ടീം ചിത്രത്തില്‍ ഇല്ലായിരുന്നു. മൂന്നാം ഓവറില്‍ തന്നെ ഗില്ലിനെ ഹേസ്ല്‍വുഡ് മടക്കി. വണ്‍ഡൗണായി സഞ്ജുവിനെ അയച്ചെങ്കിലും ആ നീക്കം ക്ലിക്കായില്ല. സഞ്ജുവിനു പിറകെ സൂര്യ, തിലക് എന്നിവരെല്ലാം കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ മടങ്ങിയതോടെ ഇന്ത്യ നാലിന് 32.
അഭിഷേകും അക്ഷറും ചേര്‍ന്ന് ടീമിനെ തിരികെ കൊണ്ടുവരുമെന്നു പ്രതീക്ഷിച്ചെങ്കിലും അക്ഷറിന്റെ റണ്ണൗട്ട് വീണ്ടും ഇന്ത്യയെ ഞെട്ടിച്ചു (49-5). എന്നാല്‍ ആറാം വിക്കറ്റില്‍ അഭിഷേക്- ഹര്‍ഷിത് ജോടി മികച്ച കൂട്ടുകെട്ടിലൂടെ ടീമിന്റെ മാനംകാത്തു.
47 ബോളില്‍ 56 റണ്‍സാണ് ഈ സഖ്യം നേടിയത്. ടീം സ്‌കോര്‍ 105ല്‍ നില്‍ക്കെ ഹര്‍ഷിത് മടങ്ങിയതോടെ ഇന്ത്യ വീണ്ടും തകര്‍ന്നു. നാലോവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്ത ഹേസല്‍വുഡാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. സാവിയര്‍ ബാര്‍ലെറ്റും നതാന്‍ എല്ലിസും രണ്ടു വിക്കറ്റ് വീതവും പിഴുതു.

ഒരിക്കല്‍ക്കൂടി ഇന്ത്യ ടോസ് കൈവിട്ടപ്പോള്‍ ഓസീസ് നായകന്‍ മിച്ചെല്‍ മാര്‍ഷ് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്തി. മറുഭാഗത്തു ഓസീസ് ടീം ഒരു മാറ്റം വരുത്തി. മാത്യു ഷോര്‍ട്ടിനു പകരം ജോഷ് ഫിലിപ്പെയെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടു വന്നു.
നേരത്തേ കാന്‍ബെറയിലെ ആദ്യ മല്‍സരം മഴ കാരണം ഫലമില്ലാതെ ഉപേക്ഷിച്ചിരുന്നു. ടോസ് കൈവിട്ട ശേഷം ബാറ്റിങിനിറങ്ങിയ ഇന്ത്യ വലിയൊരു ടോട്ടലിലേക്കു കുതിക്കവെയാണ് മഴയെത്തിയത്. 18 ഓവര്‍ വീതമാക്കി വെട്ടിക്കുറച്ച മല്‍സരത്തില്‍ 9.4 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിനു 97 റണ്‍സെന്ന നിലയില്‍ പിടിമുറുക്കവെയാണ് മഴയെത്തുന്നത്. തുടര്‍ന്നു മല്‍സരം പുനരാരംഭിക്കാന്‍ സാധിക്കാതെ വരികയും ഉപേക്ഷിക്കുകയുമായിരുന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.
ഓസ്‌ട്രേലിയ- ട്രാവിസ് ഹെഡ്, മിച്ചെല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, മിച്ച് ഓവന്‍, ജോഷ് ഫിലിപ്പ്, നഥാന്‍ എല്ലിസ്, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, മാത്യു ക്യുനെമാന്‍, ജോഷ് ഹേസല്‍വുഡ്.