റായ്പൂര്‍: സൗത്താഫ്രിക്കയുമായുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കു ഞെട്ടിക്കുന്ന തോല്‍വി. 359 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും അതു പ്രതിരോധിക്കാന്‍ കഴിയാതെയാണ് ഇന്ത്യ നാലു വിക്കറ്റിന്റെ തോല്‍വിയിലേക്കു വീണതത്. ആറു വിക്കറ്റുകള്‍ നഷ്ടത്തില്‍ നാലു ബോള്‍ ബാക്കിനില്‍ക്കെ സൗത്താഫ്രിക്ക 358 റണ്‍സ് മറികടക്കുകയായിരുന്നു. ഇതോടെ പരമ്പരയില്‍ അവര്‍ 1-1നു ഒപ്പമെത്തി. നിര്‍ണായകമായ അവസാന മല്‍സരം ശനിയാഴ്ച നടക്കും.
ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രമിന്റെ (110) സെഞ്ച്വറിയും മാത്യു ബ്രീറ്റ്‌സ്‌കെ (68), ഡെവാള്‍ഡ് ബ്രെവിസ് (54) എന്നിവരുടെ ഫിഫ്റ്റികളുമാണ് അസാധ്യമെന്നു കരുതപ്പെട്ട സ്‌കോര്‍ പിന്തുടര്‍ന്നു ജയിക്കാന്‍ ഇന്ത്യയെ സഹായിച്ചത്.
98 ബോളില്‍ 10 ഫോറും നാലു സിക്‌സറുമടക്കമാണ് മാര്‍ക്രം ടീമിന്റെ അമരക്കാരനായത്. ബ്രീറ്റ്‌സ്‌കെ 64 ബോളില്‍ അഞ്ചു ഫോറടിച്ചപ്പോള്‍ ബ്രെവിസ് 34 ബോളില്‍ അഞ്ചു സിക്‌സറും ഒരു ഫോറും പറത്തി.

വീണ്ടും കോലി, റുതുവും മിന്നിച്ചു
തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും സൗത്താഫ്രിക്കയ്ക്കു മുന്നില്‍ ഇന്ത്യ റണ്‍മല തീര്‍ക്കുകയായിരുന്നു. അഞ്ചു വിക്കറ്റുകള്‍ മാത്രം നഷ്ടത്തിലാണ് ഇന്ത്യ 358 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഇതിനു ടീമിനെ സഹായിച്ചതാവട്ടെ വിരാട് കോലിയുടെ (102) തുടര്‍ച്ചയായ രണ്ടാം ഞ്ച്വെറിയും റുതുരാജ് ഗെയ്ക്വാദിന്റെ (105) കന്നി സെഞ്ച്വറിയുമാണ്.
ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (66*) വീണ്ടുമൊരു ഫിഫ്റ്റി പ്ലസ് സ്‌കോറുമായി ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തേക്കുകയും ചെയ്തു. 83 ബോളില്‍ 12 ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് റുതുരാജിന്റെ ഇന്നിങ്‌സ്. കോലി 93 ബോളില്‍ ഏഴു ഫോറും രണ്ടു സിക്‌സറുമടിച്ചു.
ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. 10 ഓവറിനിടെ തന്നെ ഓപ്പണിങ് ജോടികളായരോഹിത് ശര്‍മയെയും (14) യശസ്വി ജയ്‌സ്വാളിനെയും (22) ഇന്ത്യക്കു നഷ്ടമായിരുന്നു. എന്നാല്‍ മൂന്നം വിക്കറ്റില്‍ കോലി- റുതുരാജ് ജോടി വമ്പന്‍ കൂട്ടുകെട്ടുമായി ടീമിനു ശക്തമായ അടിത്തറയിട്ടു. 195 റണ്‍സാണ് ഈ ജോടി വാരിക്കൂട്ടിയത്. വെറും 156 ബോളുകളില്‍ നിന്നായിരുന്നു ഇത്.

റുതുരാജ് ഇതിനിടെ കന്നി സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. വെറും 77 ബോളുകളിലാണിത്. ടീം സ്‌കോര്‍ 62ല്‍ ഒരുമിച്ച കോലി- റുതുരാജ് ജോടി 36ാം ഓവറില്‍ 257ല്‍ വച്ചാണ് വേര്‍പിരിഞ്ഞത്. റുതു മടങ്ങിയ ശേഷം കോലിയും സെഞ്ച്വറി പൂര്‍ത്തിയാക്കി.
എന്നാല്‍ കോലിയെയും വാഷിങ്ടണ്‍ സുന്ദറിനെയും (1) അടുത്തടുത്ത ഓവറില്‍ നഷ്ടമായതോടെ ഇന്ത്യന്‍ സ്‌കോറിങിന്റെ വേഗതയും കുറഞ്ഞു. ആറാം വിക്കറ്റില്‍ രാഹുല്‍- ജഡേജ ജോടി 54 ബോളില്‍ നേടിയ 69 റണ്‍സാണ് ടീം ടോട്ടല്‍ 358 വരെയെത്തിച്ചത്. 43 ബോള്‍ നേരിട്ട രാഹുലിന്റെ ഇന്നിങ്‌സില്‍ ആറു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
നേരത്തേ ഒരിക്കല്‍ക്കൂടി ടോസ് ഭാഗ്യം ഇന്ത്യ കൈവിട്ടപ്പോള്‍ സൗത്താഫ്രിക്കന്‍ നായകന്‍ ടെംബ ബവൂമ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ സൗത്താഫ്രിക്കന്‍ ടീമില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തി. ബവൂമയ്‌ക്കൊപ്പം കേശവ് മഹാരാജ്, ലുംഗി എന്‍ഗിഡി എന്നിവരാണ് ടീമിലേക്കു വന്നത്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ, വിരാട് കോലി, റുതുരാജ് ഗെയ്ക്വാദ്, വാഷിംഗ്ടണ്‍ സുന്ദര്‍, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷണ.
സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മാര്‍ക്രം, ടെംബ ബവൂമ (ക്യാപ്റ്റന്‍), മാത്യു ബ്രീറ്റ്സ്‌കെ, ടോണി ഡി സോര്‍സി, ഡെവാള്‍ഡ് ബ്രെവിസ്, മാര്‍ക്കോ യാന്‍സണ്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, നാന്‍ഡ്രെ ബര്‍ഗര്‍, ലുംഗി എന്‍ഗിഡി.