സൗത്താഫ്രിക്കയ്‌ക്കെതിരേ അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന ടി20 പരമ്പരയില്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ കാര്യം സംശയത്തില്‍ നില്‍ക്കെ പകരം ആരാവും ഓപ്പണറെന്നതാണ് ചോദ്യം. കഴുത്തിനേറ്റ പരിക്കു കാരണം ഗില്‍ വിശ്രമത്തിലാണ്. അദ്ദേഹത്തിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഇപ്പോഴും ആശങ്കയുണ്ട്.
ടി20 ടീമിനെ പ്രഖ്യാപിക്കാന്‍ വൈകുന്നതും ഈ കാരണത്താലാണ്. ജനുവരിയില്‍ ന്യൂസിലാന്‍ഡുമായുള്ള വൈറ്റ് ബോള്‍ പരമ്പരയില്‍ മാത്രമേ ടീമിലേക്കു ഗില്‍ മടങ്ങിയെത്താന്‍ സാധ്യതയുള്ളൂ.
അങ്ങനെയെങ്കില്‍ അഭിഷേക് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി ഒരാളെ കണ്ടെത്തേണ്ടായി വരും. ഓപ്പണിങ് റോള്‍ മോഹിച്ച് മല്‍സരരംഗത്തുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

സഞ്ജു സാംസണ്‍
മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ സഞ്ജു സാംസണാണ് ഇന്ത്യന്‍ ടി20 ടീമിന്റെ ഓപ്പണിങ് റോള്‍ സ്വപ്‌നം കാണുന്ന ഒരാള്‍. കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം തുടര്‍ച്ചയായി മൂന്നു ടി20 പരമ്പരകളില്‍ ഓപ്പണറായി കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. ബംഗ്ലാദേശ്, സൗത്താഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേയായിരുന്നു ഇത്.
ഇവരില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ രണ്ടു സെഞ്ച്വറികളും ബംഗ്ലാദേശിനെതിരേ ഒരു സെഞ്ച്വറിയും അദ്ദേഹം അടിച്ചെടുക്കുകയും ചെയ്തു. സഞ്ജു- അഭിഷേക് ശര്‍മ ഓപ്പണിങ് ജോടി ഇതോടെ വലിയ വിജയവുമായി തീര്‍ന്നു. എന്നാല്‍ കഴിഞ്ഞ ഏഷ്യാ കപ്പില്‍ ശുഭ്മന്‍ ഗില്‍ ടി20 ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടതോടെ സഞ്ജുവിനു അഞ്ചിലേക്കു മാറേണ്ടി വരികയും ചെയ്തു.
ഓപ്പണറായി 17 ടി20കളിലാണ് സഞ്ജു ഇതിനകം കളിച്ചിട്ടുള്ളത്. 178.77 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റോടെ 522 റണ്‍സും അടിച്ചെടുത്തു. മൂന്നു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. ഈ റെക്കോര്‍ഡ് സൗത്താഫ്രിക്കയ്‌ക്കെതിരേ ഓപ്പണിങ് റോളിലേക്കു അദ്ദേഹത്തെ ഫേവറിറ്റുമാറ്റി മാറ്റുന്നുണ്ട്.
റുതുരാജ് ഗെയ്ക്വാദ്
ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ കൂടിയായ റുതുരാജ് ഗെയ്ക്വാദാണ് ഇന്ത്യന്‍ ടി20 ടീമിന്റെ ഓപ്പണിങ് റോളിനായി രംഗത്തുള്ള രണ്ടാമത്തെ താരം. നിലലില്‍ സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയില്‍ അദ്ദേഹം ടീമിന്റെ ഭാഗമാണ്. ആദ്യ മല്‍സരത്തില്‍ നാലാം നമ്പറില്‍ ബാറ്റും ചെയ്തു.
ഓപ്പണറായി ടി20യില്‍ മികച്ച അനുഭവസമ്പത്തുള്ള താരമാണ് റുതുരാജ്. സിഎസ്‌കെയ്ക്കു വേണ്ടിയും മഹാരാഷ്ട്രയ്ക്കു വേണ്ടിയുമെല്ലാം ഒരുപാട് മല്‍സരങ്ങളില്‍ അദ്ദേഹം ഓപ്പണ്‍ ചെയ്തു കഴിഞ്ഞു.
ഐപിഎല്ലില്‍ ആകെ കളിച്ച 70 മല്‍സരങ്ങളില്‍ 60ലും ഓപ്പണറായാണ് റുതുരാജ് ബാറ്റ് വീശിയിട്ടുള്ളത്. 2289 റണ്‍സാണ് ഓപ്പണറായി അദ്ദേഹത്തിന്റെ സമ്പാദ്യം. 136.90 സ്‌ട്രൈക്ക് റേറ്റോടെയാണിത്. രണ്ടു സെഞ്ച്വറികളും 17 ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.

യശസ്വി ജയ്‌സ്വാള്‍
യുവ ഇടംകൈയന്‍ ബാറ്ററായ യശസ്വി ജയ്‌സ്വാളാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ ഓപ്പണറായി നറുക്കു വീണേക്കാവുന്ന മൂന്നാമത്തെ താരം. അഭിഷേക് ശര്‍മ ഇന്ത്യന്‍ ടി20 ടീമില്‍ ഓപ്പണറായി സീറ്റുറപ്പിക്കും മുമ്പ് ഫസ്റ്റ് ചോയ്‌സ് ഓപ്പണറായിരുന്നു ജയ്‌സ്വാള്‍.
എന്നാല്‍ ദേശീയ ടീമിനൊപ്പമുള്ള റെഡ് ബോള്‍ മല്‍സരങ്ങളുടെ തിരക്കുകള്‍ കാരണം ചില ടി20 പരമ്പരകള്‍ നഷ്ടമായത് അദ്ദേഹത്തിനു തിരിച്ചടിയായി. പകരം ടീമിലേക്കു വന്ന അഭിഷേക് സ്‌ഫോടനാത്മക ബാറ്റിങിലൂടെ ടീമിലെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തു.
ഇന്ത്യക്കു വേണ്ടി 23 ടി20കളില്‍ ജയ്‌സ്വാള്‍ ഇതിനകം ഓപ്പണറായി കളിച്ചു കഴിഞ്ഞു. 164.31 സ്‌ട്രൈക്ക് റേറ്റോടെ 723 റണ്‍സും സ്‌കോര്‍ ചെയ്തു. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമടക്കമാണിത്. അഭിഷേകിനെ പോലെ തുടക്കം മുതല്‍ വളരെ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന താരമാണ് ജയ്‌സ്വാള്‍.