സൗത്താഫ്രിക്കന്‍ പര്യടനത്തിനു താന്‍ പൂര്‍ണമായി തയ്യാറായിക്കഴിഞ്ഞുവെന്നു നെറ്റ്‌സിലെ തീപ്പൊരി ബാറ്റിങിലൂടെ തെളിയിച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. അവിശ്വസനീയ ഫോമിലാണ് അദ്ദേഹം ബാറ്റ് വീശുന്നത്. തലങ്ങും വിലങ്ങും ഷോട്ടുകള്‍ പായിക്കുന്ന സഞ്ജുവിനെ നമുക്കു ഈ വീഡിയോയില്‍ കാണാന്‍ സാധിക്കും.
അടുത്ത മാസം എട്ടു മുതലാണ് ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനത്തിനു തുടക്കമാവുന്നത്. നാലു ടി20കളുടെ പരമ്പരയാണ് സൂര്യകുമാര്‍ യാദവും സംഘവും അവിടെ കളിക്കുക. ഈ വര്‍ഷം ഇന്ത്യന്‍ ടീമിന്റെ അവസാനത്തെ ടി20 പരമ്പരയും കൂടിയാണിത്. മികച്ച വിജയവുമായി ഈ പരമ്പര കൈക്കലാക്കാന്‍ തന്നെയായിരിക്കും ടീം ഇന്ത്യയുടെ ലക്ഷ്യം.

SCREENSHOT
സഞ്ജുവിന്റെ വെടിക്കെട്ട്
സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനു വേണ്ടി മിന്നിക്കാനുള്ള കഠിന പരിശീലനനത്തിലാണ് സഞ്ജു സാംസണ്‍. ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഐപിഎല്‍ റീട്ടെന്‍ഷന്‍ ലിസ്റ്റ് ഈയാഴ്ച പുറത്തു വിടാനിരിക്കെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജു അവിടെ എത്തിയതിന്റെ ദൃശ്യങ്ങള്‍ ദിവസങ്ങള്‍ക്കു മുമ്പ് പുറത്തുവന്നിരുന്നു.
റോയല്‍സിന്റെ ക്യാംപില്‍ തന്നെയാണ് സഞ്ജു ഇപ്പോള്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് വിവരം. നേരത്തേ ബംഗ്ലാദേശുമായി നാട്ടില്‍ നടന്ന ടി20 പരമ്പരയ്ക്കു മുമ്പും അദ്ദേഹം റോയല്‍സിന്റെ ക്യാംപിലാണ് ബാറ്റിങില്‍ തയ്യാറെടുപ്പുകള്‍ നടത്തിയത്. മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ നിരീക്ഷണത്താലിയുന്നു ഇത്. പക്ഷെ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വീഡിയോയില്‍ ദ്രാവിഡിനെ കാണാന്‍ സാധിക്കില്ല.
സഞ്ജു സാംസണ്‍ നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തുന്നു, വീഡിയോ കാണാം
വ്യത്യസ്ത തരത്തിലുള്ള ഷോട്ടുകള്‍ വളരെ ഒഴുക്കോടെ കളിക്കുന്ന സഞ്ജുവിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. വമ്പന്‍ ഷോട്ടുകളാണ് അദ്ദേഹം നെറ്റ്‌സില്‍ കൂടുതലും കളിച്ചത്. കൂറ്റന്‍ സിക്‌സറുകള്‍ വളരെ അനായാസം സഞ്ജു പായിക്കുകയും ചെയ്തു.

വീണ്ടും ഓപ്പണര്‍
തുടര്‍ച്ചയായി രണ്ടാമത്തെ പരമ്പരയിലും ടീം ഇന്ത്യക്കായി ഓപ്പണറായി തന്നെ സഞ്ജു സാംസണ്‍ കളിക്കുമെന്നു ഉറപ്പായിരിക്കുകയാണ്. ബംഗ്ലാദേശുമായുള്ള അവസാനത്തെ പരമ്പരയിലും അദ്ദേഹമാണ് മൂന്നു കളിയിലും ഓപ്പണ്‍ ചെയ്തത്. സൗത്താഫ്രിക്കയിലും ഇതേ റോള്‍ തന്നെയാണ് സഞ്ജുവിനെന്നു ഉറപ്പായിട്ടുണ്ട്.
കാരണം വെടിക്കെട്ട് താരമായ അഭിഷേക് ശര്‍മയെ മാറ്റി നിര്‍ത്തിയാല്‍ മറ്റു സ്‌പെഷ്യലിസ്റ്റ് ഓപ്പണിങ് ബാറ്റര്‍മാര്‍ ഇന്ത്യന്‍ സംഘത്തിലില്ല. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര വരാനിരിക്കെ പ്രധാന ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ക്കെല്ലാം വിശ്രമം നല്‍കിയിരിക്കുകയാണ്.
ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമിന്റെ ഭാഗമായതിനാല്‍ മറ്റു ഓപ്പണിങ് ബാറ്റര്‍മാരായ റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ എന്നിവരെയും സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ നാലു കളിയിലും സഞ്ജു- അഭിഷേക് സഖ്യം തന്നെയാവും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക.
ബംഗ്ലാദേശിനെതിരേയുള്ള കഴിഞ്ഞ പരമ്പരയിലെ ആദ്യത്തെ രണ്ടു കളിയിലും ഓപ്പണറായി ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സഞ്ജുവിനായിരുന്നില്ല. ഇതോടെ ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ചും ചോദ്യങ്ങളുയര്‍ന്നു. എന്നാല്‍ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ ബാറ്റ് കൊണ്ട് സഞ്ജു വിമര്‍ശകരുടെ വായടപ്പിച്ചു.
വെറും 40 ബോളില്‍ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ഹീറോയായത്. ഒരോവറിലെ അഞ്ചു കൂറ്റന്‍ സിക്സസറുകള്‍ ഉള്‍പ്പെടെയാണിത്.കളിയില്‍ 47 ബോളില്‍ 111 റണ്‍സ് അടിച്ചെടുത്ത് സഞ്ജു പുറത്താവുകയും ചെയ്തു. ഇന്ത്യ വമ്പന്‍ ജയം കൊയ്ത മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. ബംഗ്ലാദേശിനെതിരേ നിര്‍ത്തിയ ഇടത്തു നിന്നും തുടങ്ങാനായിരിക്കും ഇനി സഞ്ജുവിന്റെ ശ്രമം.