For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇത് പഴയ സഞ്ജുവല്ല, ക്ഷമയോടെ കളിച്ചത് എന്തുകൊണ്ട്? കോച്ച് പറയുന്നതിങ്ങനെ

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി ഇന്ത്യയുടെ മാച്ച് വിന്നറായി മാറുകയും പരമ്പര നേടിക്കൊടുക്കുകയും ചെയ്തിരിക്കുകയാണ് സഞ്ജു സാംസണ്‍. പൊതുവേ ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന താരമാണ് സഞ്ജു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കണ്ടത് തികച്ചും വ്യത്യസ്തനായ സഞ്ജു സാംസണെയാണ്. ക്ഷമയോടെ കളിച്ച് ടീമിന്റെ സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യുന്ന സഞ്ജുവിനെയാണ് കാണാനായത്.

നേരത്തെ മുതല്‍ സഞ്ജുവിനോട് പല പ്രമുഖരും പല ഉപദേശങ്ങളും നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ തന്റെ വെടിക്കെട്ട് ശൈലിയില്‍ വിശ്വസിച്ച് കളിക്കാനാണ് സഞ്ജു കൂടുതല്‍ താല്‍പര്യപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ പക്വതയോടെ നിലയുറപ്പിച്ച് കളിക്കുന്ന സഞ്ജുവിനെയാണ് കാണാനായത്. നേരത്തെ തന്നെ സുനില്‍ ഗവാസ്‌കര്‍ സഞ്ജുവിന് ഉപദേശം നല്‍കിയിരുന്നു. അന്ന് ഇത് തിരസ്‌കരിച്ച സഞ്ജു ഇപ്പോള്‍ അതേ തന്ത്രമാണ് പയറ്റുന്നത്.

ഇപ്പോഴിതാ സഞ്ജുവിന്റെ ക്ഷമയോടെയുള്ള സെഞ്ച്വറി പ്രകടനത്തിന്റെ രഹസ്യം പരിശീലകന്‍ ബിജുമോന്‍ എന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ' സഞ്ജു പ്രത്യേക ചിന്താഗതിയുള്ള താരമാണ്. തന്റെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് ആശങ്കപ്പെടാറില്ല. പദ്ധതികളും പ്രയത്‌നങ്ങളിലുമാണ് അവന്‍ വിശ്വസിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കായി ബംഗളൂരുവില്‍ പ്രത്യേക പരിശീലനം നടത്തിയിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമയില്‍ ഇതിന് അനുയോജ്യമായ പിച്ചാണൊരുക്കിയത്.

ദക്ഷിണാഫ്രിക്കയിലെ അതേ സാഹചര്യത്തിലുള്ള പിച്ച് ഇവിടെ തയ്യാറാക്കി. ദക്ഷിണാഫ്രിക്കയിലെ സാഹചര്യം വെല്ലുവിളി നിറഞ്ഞതാണെന്ന് സഞ്ജുവിനറിയാം. നല്ല ബൗണ്‍സ് ഇവിടുത്തെ പിച്ചിലുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ തയ്യാറാക്കുന്ന പിച്ചിനെക്കാള്‍ വ്യത്യസ്തമായ സാഹചര്യമാണ് ദക്ഷിണാഫ്രിക്കയിലുള്ളത്. അതുകൊണ്ടുതന്നെ അവിടുത്തെ സാഹചര്യത്തോട് പൊരുത്തപ്പെടുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. വലിയ ഇന്നിങ്‌സ് കളിക്കാന്‍ മാനസികമായി അവന്‍ തയ്യാറെടുത്തിരുന്നു'-പരിശീലകന്‍ പറഞ്ഞു.

sanju samson, tilak varma

ദക്ഷിണാഫ്രിക്കയിലെ സാഹചര്യത്തിനനുസരിച്ചുള്ള പിച്ച് ബംഗളൂരുവില്‍ തയ്യാറാക്കി പരിശീലനം നടത്തിയത് സഞ്ജുവിന് ഗുണം ചെയ്തിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്. കൂടാതെ ദക്ഷിണാഫ്രിക്കയിലെ പ്രയാസമുള്ള സാഹചര്യത്തില്‍ പതിയെ ബാറ്റുചെയ്ത നിലയുറപ്പിച്ച ശേഷം കടന്നാക്രമിക്കണമെന്നതായിരുന്നു പദ്ധതി. ഇത് രണ്ടും സെഞ്ച്വറിയിലേക്കെത്താന്‍ സഞ്ജുവിനെ സഹായിച്ചു. സാഹസിക ഷോട്ടിന് ശ്രമിക്കാതെ മോശം പന്തുകള്‍ക്കായി കാത്തുനിന്ന സഞ്ജുവിന്റെ പ്രകടനം എക്കാലത്തും ഓര്‍മിക്കപ്പെടുന്നതാണ്.

ഏത് ബാറ്റിങ് പൊസിഷനിലും ഏത് സാഹചര്യത്തിലും കളിക്കാനുള്ള മുന്നൊരുക്കമാണ് സഞ്ജു നടത്തിയതെന്നും പരിശീലകന്‍ പറഞ്ഞു. 'എല്ലാ സാഹചര്യത്തിലും ബാറ്റുചെയ്യാന്‍ അവന്‍ തയ്യാറായിരുന്നു. മൂന്നാം നമ്പറില്‍ ദക്ഷിണാഫ്രിക്കയിലെ സാഹചര്യത്തില്‍ കളിക്കുകയെന്നത് വെല്ലുവിളിയാണ്. അതോടൊപ്പം തന്നെ ടീമിനെ മികച്ച സ്‌കോറിലേക്കെത്തിക്കുകയും ആംഗര്‍ റോളില്‍ കളിക്കുകയും ചെയ്യാനുള്ള അവസരം കൂടിയാണ്. വളരെ ശാന്തതയോടെയും ക്ഷമയോടെയുമാണ് അവന്‍ കളിച്ചത്.

മധ്യ ഓവറില്‍ ചില ഡോട്ട്‌ബോളുകള്‍ കളിക്കാനും അവന്‍ തയ്യാറായി. അവസാനം ഇന്ത്യയെ മികച്ച ടോട്ടലിലേക്കെത്തിച്ചാണ് അവന്‍ പുറത്തായത്. പിഴവുകളില്ലാത്ത ഇന്നിങ്‌സായിരുന്നു കാഴ്ചവെച്ചത്' ബിജുമോന്‍ പറഞ്ഞു. സഞ്ജുവിന്റെ കരിയറിന്റെ ഏറ്റവും നിര്‍ണ്ണായക സമയത്താണ് ഈ സെഞ്ച്വറി പ്രകടനം. ഇന്ത്യന്‍ ടീമില്‍ ഇനിയെങ്കിലും തുടര്‍ച്ചയായി സഞ്ജുവിന് അവസരം ലഭിക്കാന്‍ ഈ പ്രകടനം സഹായിക്കുമെന്ന് തന്നെ വിലയിരുത്താം.

ഏകദിനത്തില്‍ 56ന് മുകളില്‍ ശരാശരി സഞ്ജുവിനുണ്ട്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ സഞ്ജുവിന് ടി20 ടീമില്‍ ഇടം ലഭിച്ചേക്കില്ല. എന്നാല്‍ ഏകദിനത്തില്‍ അദ്ദേഹം കൂടുതല്‍ അവസരം അര്‍ഹിക്കുന്നു. പക്ഷെ സീനിയര്‍ താരങ്ങളില്ലാത്തതിനാലാണ് ഇന്ത്യ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. വിരാട് കോലിയും ശ്രേയസ് അയ്യരും തിരിച്ചെത്തുമ്പോള്‍ സഞ്ജുവിന് വഴിമാറിക്കൊടുക്കേണ്ടി വരും. നിലവിലെ സഞ്ജുവിന്റെ പ്രകടനം അദ്ദേഹത്തിന് കൂടുതല്‍ അവസരം ലഭിക്കാന്‍ കാരണമാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Friday, December 22, 2023, 14:12 [IST]
Other articles published on Dec 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+