IND vs SA: സൗത്താഫ്രിക്കയില്‍ സഞ്ജു ഇന്ത്യക്കു വേണ്ടി മിന്നിക്കും! കാരണം പറഞ്ഞ് എബിഡി
സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമായ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ പ്രശംസിക്കുകയും ഒരു പ്രവചനം നടത്തുകയും ചെയ്തിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. സമീപകാലത്തു ദേശീയ ടീമില്‍ നിന്നും നിരന്തരം തഴയപ്പെട്ട സഞ്ജുവിനെ ബാക്കപ്പ് വിക്കറ്റ് കീപ്പറായിട്ടാണ് ഏകദിന സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടി20 പരമ്പരയില്‍ നിന്നും തഴയപ്പെട്ടെങ്കിലും ഏകദിനത്തിലേക്കു അദ്ദേഹത്തിനു വിളിയെത്തുകയായിരുന്നു.
സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലാണ് ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഇഷാന്‍ കിഷനു പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയതിനാല്‍ സഞ്ജുവിനു നറുക്കുവീഴുകയായിരുന്നു. പക്ഷെ രാഹുല്‍ തന്നെ വിക്കറ്റ് കാക്കുമെന്നതിനാല്‍ സഞ്ജുവിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമോയെന്നത് സംശയമാണ്. ടീമില്‍ ഇടം ലഭിച്ചാലും സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോളായിരിക്കും അദ്ദേഹത്തിനു ലഭിക്കുക.

സൗത്താഫ്രിക്കന്‍ പിച്ചുകള്‍ സഞ്ജുവിന്റെ ബാറ്റിങ് ശൈലിക്കു ഏറെ അനുയോജ്യമാണെന്നാണ് എബി ഡിവില്ലിയേഴ്‌സ് ചൂണ്ടിക്കാട്ടുന്നത്. സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമില്‍ വീണ്ടും കാണുന്നത് നല്ല കാര്യമാണ്. സൗത്താഫ്രിക്കന്‍ വിക്കറ്റുകള്‍ അദ്ദേഹം ശരിക്കും ആസ്വദിക്കും. ബാറ്റ് ചെയ്യുമ്പോള്‍ വളരെ നിവര്‍ന്നു നില്‍ക്കുന്ന ശൈലിയാണ് സഞ്ജുവിന്റേത്.
സൗത്താഫ്രിക്കയില്‍ അല്‍പ്പം ബൗണ്‍സും മൂവ്‌മെന്റുമെല്ലാം ഉണ്ടാവും. എല്ലാ ബാറ്റര്‍മാരും ഇവിടെ പരീക്ഷിക്കപ്പെടുകയും ചെയ്യും. പക്ഷെ സഞ്ജുവിനെപ്പോലെ ഒരാള്‍ നന്നായി പെര്‍ഫോം ചെയ്യുമെന്നു ഞാന്‍ കരുതുന്നു. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഒരു ഓപ്ഷന്‍ കൂടി അദ്ദേഹം ടീമിനു നല്‍കുന്നതായും എബി ഡിവില്ലിയേഴ്‌സ് തന്റെ യൂട്യൂബ് ചാനലില്‍ വിശദമാക്കി.
ഏഷ്യാ കപ്പിനു തൊട്ടുമുമ്പ് നടന്ന അയര്‍ലാന്‍ഡ് പര്യടനത്തിലെ ടി20 പരമ്പരയിലാണ് സഞ്ജു അവസാനമായി ഇന്ത്യന്‍ ടീമിനായി കളിച്ചത്. അതിനു ശേഷം ഏഷ്യന്‍ ഗെയിംസ്, ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ്, ഓസ്‌ട്രേലിയയുമായുള്ള ഏകദിന പരമ്പര, ഇപ്പോള്‍ നടക്കുന്ന ഓസീസിനെതിരായ ടി20 പരമ്പര എന്നിവയിലെല്ലാം സഞ്ജു തഴയപ്പെട്ടിരുന്നു.

2021ലെ ശ്രീലങ്കന്‍ പര്യടനത്തിലൂടെയായിരുന്നു അദ്ദേഹം ഏകദിന ഫോര്‍മാറ്റില്‍ അരങ്ങേറിയത്. പക്ഷെ ടീമിനു അകത്തും പുറത്തുമായി തുടരാനാണ് അദ്ദേഹത്തിന്റെ യോഗം. ടി20യെ അപേക്ഷിച്ച് ഏകദിനത്തില്‍ കൂടുതല്‍ മികച്ച റെക്കോര്‍ഡാണ് സഞ്ജുവിനുള്ളത്. 13 ഏകദിനങ്ങളിലാണ് അദ്ദേഹം ഇതുവരെ കളിച്ചത്. ഇവയില്‍ നിന്നും 55.71 ശരാശരിയില്‍ 104 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ 390 റണ്‍സ് സഞ്ജു സ്‌കോര്‍ ചെയ്തിട്ടുണ്ട്.മൂന്നു ഫിഫ്റ്റികളുള്‍പ്പെടെയായിരുന്നു ഇത്.
സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന പരമ്പരില്‍ പുറത്താവാതെ നേടിയ 86 റണ്‍സാണ് അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം. ഈ മാസം 17 മുതലാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. ജൊഹാനസ്ബര്‍ഗിലെ ന്യൂവാണ്ടറേഴ്‌സ് സ്റ്റേഡിയത്തിലാണ് ആദ്യ മല്‍സരം. പരമ്പരയിലെ തുടര്‍ന്നുള്ള മല്‍സരങ്ങള്‍ 19, 21 തിയ്യതികളിലായി നടക്കുകയും ചെയ്യും.
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം
റുതുരാജ് ഗെയ്ക്വാദ്, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, തിലക് വര്‍മ, രജത് പാട്ടിധര്‍, റിങ്കു സിങ്, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ദീപക് ചാഹര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications