അന്താരാഷ്ട്ര കരിയറില്‍ തുടര്‍ച്ചയായി രണ്ടാമത്തെ ടി20 പരമ്പരയിലും ഇന്ത്യക്കു വേണ്ടി ഓപ്പണറായി കളിക്കാന്‍ തയ്യാറെടുക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ഈ പരമ്പരയ്ക്കു ശേഷം ഇന്ത്യയുടെ സ്ഥിരം ടി20 ഓപ്പണറായും അദ്ദേഹം മാറുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ആര്‍സിബിയുടയും സൗത്താഫ്രിക്കയുടെയും മുന്‍ അനാലിസ്റ്റായ പ്രസന്ന അഗോരം. യശസ്വി ജയ്‌സ്വാളിനൊപ്പം സഞ്ജു സ്ഥിരം ഓപ്പണറായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ബംഗ്ലാദേശുമായുള്ള അവസാനത്തെ ടി20 പരമ്പരയില്‍ ഓപ്പണറായി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ മലയാളി താരത്തിനായിരുന്നു. പരമ്പരയിലെ അവസാന കളിയില്‍ കിടിലന്‍ സെഞ്ച്വറിയോടെയാണ് അദ്ദേഹം ടീം മാനേജ്‌മെന്റിന്റെ വിശ്വാസം കാത്തത്. ഇതാണ് സൗത്താഫ്രിക്കയ്‌ക്കെതിരേയും ഈ റോളില്‍ സ്ഥാനം നിലനിര്‍ത്താന്‍ സഞ്ജുവിനെ സഹായിച്ചത്.

സഞ്ജു സ്ഥാനമുറപ്പിക്കും
സൗത്താഫ്രിക്കയുമായുള്ള നാലു ടി20 മല്‍സരങ്ങളുടെ പരമ്പര കഴിയുന്നതോടെ ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഓപ്പണിങ് റോള്‍ ഭദ്രമാക്കുമെന്നാണ് പ്രസന്ന അഗോരത്തിന്റെ നിരീക്ഷണം. ഒരു ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് അദ്ദേഹം മലയാളി വിക്കറ്റ് കീപ്പറെ വാനോളം പ്രശംസിച്ചത്.
വരാനിരിക്കുന്ന ടി20 പരമ്പരയിലെ നാലു മല്‍സരങ്ങളിലും ഇന്ത്യക്കു വേണ്ടി സഞ്ജു തന്ന ഓപ്പണ്‍ ചെയ്യും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. അദ്ദേഹത്തെ ഈ പരമ്പരയിലും നിലനിര്‍ത്തിയതിനു സെലക്ടര്‍മാരെ ഞാന്‍ അഭിനന്ദിക്കുകയാണ്. അവസാനമായി കളിച്ച ടി20യില്‍ സെഞ്ച്വറി കുറിക്കാന്‍ സഞ്ജുവിനു സാധിച്ചിരുന്നു. അദ്ദേഹം തനിക്കു ലഭിക്കുന്ന അവസരങ്ങള്‍ വേണ്ടത്ര മുതലാക്കാറില്ലെന്നു വിമര്‍ശകര്‍ എല്ലായ്‌പ്പോഴും പറയുന്ന കാര്യമാണ്.
ഈ വിമര്‍ശകര്‍ക്കാണ് തകര്‍പ്പനൊരു സെഞ്ച്വറിയിലൂടെ സഞ്ജു മറുപടിയും നല്‍കിയിരിക്കുന്നത്. സൗത്താഫ്രിക്കയിലെ തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നാലു കളിയിലും നിങ്ങള്‍ തന്നെയായിരിക്കും ഓപ്പണ്‍ ചെയ്യുകയെന്നു സെലക്ടര്‍മാര്‍ അദ്ദേഹത്തിനു കൃത്യമായി നിര്‍ദേശവും നല്‍കിക്കഴിഞ്ഞുവെന്നും പ്രസന്ന അഗോരം വിശദമാക്കി.
ജയ്‌സ്വാളിന്‍റെ ഓപ്പണിങ് പങ്കാളി
ടി20 ഫോര്‍മാറ്റില്‍ ഭാവിയില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം ഇന്ത്യയുടെ സ്ഥിരം ഓപ്പണറായി സഞ്ജു സാംസണിനെ നമുക്കു കാണാന്‍ സാധിച്ചേക്കുമെന്നാണ് പ്രസന്ന അഗോരം പറയുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തം ഭാവി നിങ്ങള്‍ തന്നെ തീരുമാനിക്കൂയെന്ന തരത്തിലാണ് സഞ്ജുവിനു ഇപ്പോള്‍ ഓപ്പണറുടെ റോള്‍ ബിസിസിഐയും സെലക്ടര്‍മാരും ചേര്‍ന്ന് നല്‍കിയിരിക്കുന്നത്.
വളരെ മികച്ച സ്‌ക്വാഡിനെയാണ് സൗത്താഫ്രിക്കയിസലേക്കു ഇന്ത്യ അയക്കുന്നത്. അഭിഷേക് ശര്‍മയും സഞ്ജുവും ചേര്‍ന്ന് നാലു കളിയിലും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യും. ടീമിന്റെ ബാറ്റിങ് ലൈനപ്പ് മാറാനും പോവുന്നില്ല. സഞ്ജുവിന്റെയും അഭിഷേകിന്റെയും ഭാവി ഇനി അവരുടെ കൈകളില്‍ തന്നെയാണ്.
സഞ്ജു സാംസണ്‍ ശരിക്കും ക്ലാസ് പ്ലെയറാണ്. അക്കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ക്ലാസും കഴിവും താരതമ്യം ചെയ്യുമ്പോള്‍ മറ്റൊരു താരത്തെയും അദ്ദേഹവുമായി താരതമ്യം പോലും ചെയ്യാന്‍ സാധിക്കില്ല. സൗത്താഫ്രിക്കയുമായുള്ള നാലു ടി20കളില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ അദ്ദേഹം ഈ റോള്‍ തന്റെ പേരില്‍ ഉറപ്പിക്കും. അങ്ങനെ വന്നാല്‍ ഭാവി ടി20കളില്‍ യശസ്വി ജയ്‌സ്വാളും സഞ്ജുവും ചേര്‍ന്നായിരിക്കും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുകയെന്നു പ്രസന്ന അഗോരം പ്രവചിക്കുന്നു.

റിഷഭിനേക്കാള്‍ മികച്ച റെക്കോര്‍ഡ്
സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ സഞ്ജു സാംസണ്‍ കസറിയാല്‍ അതു ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ റിഷഭ് പന്തിന്റെ കാര്യം അവതാളത്തിലാക്കും. കാരണം ഈ ഫോര്‍മാറ്റില്‍ റിഷഭിനേക്കാള്‍ മികച്ച റെക്കോര്‍ഡാണ് മലയാളി താരത്തിന്റേത്. ടി20യില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടിയ ഏക വിക്കറ്റ് കീപ്പറാണ് സഞ്ജു. കൂടാതെ ഈ ഫോര്‍മാറ്റില്‍ അദ്ദേഹത്തിനു റിഷഭിനേക്കാള്‍ മികച്ച സ്‌ട്രൈക്ക് റേറ്റുമുണ്ട്.
ടി20യില്‍ 33 മല്‍സരങ്ങളിലാണ് സഞ്ജു ഇതിനകം കളിച്ചത്. ഇവയില്‍ 29 ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത അദ്ദേഹം 144.52 സ്‌ട്രൈക്ക് റേറ്റില്‍ 594 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. എന്നാല്‍ 76 ടി20കളില്‍ കളിച്ചു കഴിഞ്ഞ റിഷഭ് നേടിയത് വെറും മൂന്നു ഫിഫ്റ്റികളാണ്. സ്‌ട്രൈക്ക് റേറ്റ് 127.26 മാത്രമേയുള്ളൂ.