പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഡെക്കിന് പുറത്തായിരിക്കുകയാണ് സഞ്ജു സാംസണ്‍. 111, 107 എന്നിങ്ങനെ തുടര്‍ സെഞ്ച്വറികളോടെ എത്തിയ സഞ്ജുവില്‍ നിന്ന് വലിയൊരു പ്രകടനം എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ മൂന്ന് പന്ത് നേരിട്ട് ഡെക്കിനാണ് അദ്ദേഹം പുറത്തായത്. മാര്‍ക്കോ യാന്‍സനെ കവര്‍ ചെയ്ത് ഓഫ് സൈഡിലേക്ക് ഷോട്ട് പായിക്കാമെന്ന് കരുതിയ സഞ്ജുവിന് പിഴച്ചു. ടൈമിങ് തെറ്റിയതോടെ ക്ലീന്‍ബൗള്‍ഡായി അദ്ദേഹം പുറത്താവുകയായിരുന്നു.
സഞ്ജു ചരിത്ര നേട്ടത്തിനരികില്‍ നിന്ന് താഴോട്ട് വീണത് പടുകുഴിയിലേക്കാണെന്ന് പറയാം. ഒരിക്കലും ആഗ്രഹിക്കാത്ത നാണംകെട്ട റെക്കോഡാണ് ഇപ്പോള്‍ സഞ്ജുവിനെ തേടിയെത്തിയിരിക്കുന്നത്. ഡെക്കിന് പുറത്തായവരില്‍ മറ്റൊരു ഇന്ത്യക്കാരനുമില്ലാത്ത നാണക്കേടാണ് ഇപ്പോള്‍ സഞ്ജുവിന് പേരിനൊപ്പം ചേര്‍ക്കേണ്ടി വന്നിരിക്കുന്നത്. ആ റെക്കോഡ് എന്താണെന്ന് അറിയാം.
ഒരു വര്‍ഷം കൂടുതല്‍ ഡെക്കാവുന്ന താരം
ഇന്ത്യന്‍ താരങ്ങളില്‍ ഒരു വര്‍ഷം കൂടുതല്‍ തവണ ടി20യില്‍ ഡെക്കാവുന്ന താരമെന്ന നാണക്കേടിലേക്കാണ് സഞ്ജു സാംസണ്‍ എത്തിയിരിക്കുന്നത്. ഈ വര്‍ഷം ഇത് നാലാം തവണയാണ് സഞ്ജു ടി20യില്‍ ഡെക്കിന് പുറത്താവുന്നത്. മറ്റൊരു ഇന്ത്യക്കാരനും ഒരു വര്‍ഷം ടി20യില്‍ നാല് തവണ ഡെക്കായിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്. മൂന്ന് തവണ വീതം ഡെക്കായ യൂസുഫ് പഠാന്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെ മറികടന്നാണ് നാണക്കേടില്‍ സഞ്ജു തലപ്പത്തെത്തിയത്.
വലിയ പ്രതീക്ഷ സഞ്ജു സാംസണില്‍ ഇന്ത്യക്കുണ്ടായിരുന്നു. സമീപകാലത്തെ താരത്തിന്റെ ഫോം മികച്ചതായിരുന്നു. എന്നാല്‍ രണ്ടാം ടി20യില്‍ ക്ഷമ കാട്ടാതെ മോശം ഷോട്ട് കളിച്ചതാണ് സഞ്ജുവിനെ ചതിച്ചതെന്ന് പറയാം. എന്തായാലും വലിയ ഉയരങ്ങളില്‍ നിന്ന് ഒരിക്കലും ആഗ്രഹിക്കാത്ത നാണക്കേടിന്റെ റെക്കോഡിലേക്കാണ് സഞ്ജു എത്തിയിരിക്കുന്നത്. ഇത് ആരാധകരേയും നിരാശപ്പെടുത്തുന്നു. പരമ്പരയില്‍ ഇനിയും മത്സരങ്ങള്‍ ശേഷിക്കെ സഞ്ജുവിന്റെ പ്രകടനം കണ്ടറിയാം.

അഭിഷേക് ശര്‍മയെ പുറത്താക്കൂ
ഇന്ത്യ അഭിഷേക് ശര്‍മയെ ഇനിയും ഓപ്പണിങ്ങില്‍ കളിപ്പിക്കേണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. അവസരങ്ങള്‍ മുതലാക്കാന്‍ താരത്തിന് സാധിക്കുന്നില്ല. സിംബാബ് വെക്കെതിരേ സെഞ്ച്വറി നേടിയ അഭിഷേകിന് പിന്നീട് ഈ മികവ് കാട്ടാന്‍ സാധിച്ചിട്ടില്ല. അവസാന ഏഴ് ടി20 ഇന്നിങ്‌സിലെ അഭിഷേകിന്റെ ശരാശരി 10 മാത്രമാണ്. അഭിഷേകിന് മികവ് കാട്ടാനാവാത്തത് ഓപ്പണിങ്ങില്‍ സഞ്ജുവിനും കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്നു. 10, 14, 16, 15, 4, 7, 4 എന്നിങ്ങനെയാണ് അഭിഷേകിന്റെ സ്‌കോര്‍.
യുവരാജ് സിങ്ങിന്റെ ശിഷ്യനാണ് അഭിഷേക്. പന്തുകൊണ്ടും ടീമിന് ഉപകാരിയായ അഭിഷേക് ഐപിഎല്ലില്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം റെക്കോഡ് പ്രകടനം നടത്തിയ ഇടം കൈയന്‍ ഓപ്പണര്‍ക്ക് ഇന്ത്യന്‍ ടീമിനൊപ്പം ഈ മികവ് കാട്ടാന്‍ സാധിക്കുന്നില്ലെന്ന് പറയാം. ഈ പ്രകടനം വെച്ച് അഭിഷേകിന് ഇന്ത്യന്‍ ടീമില്‍ തുടരാന്‍ സാധിക്കില്ല.
സൂര്യയും നിരാശപ്പെടുത്തി
സൂര്യകുമാര്‍ യാദവിനും പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിക്കുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേരത്തെ ആറ് ടി20കള്‍ കളിച്ച സൂര്യയുടെ ശരാശരി 68.60 ശരാശരിയില്‍ 343 റണ്‍സായിരുന്നു. എന്നാല്‍ 2024ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കളിക്കുമ്പോള്‍ 3 ഇന്നിങ്‌സില്‍ നിന്ന് 9.33 ശരാശരിയില്‍ 28 റണ്‍സാണ് സൂര്യകുമാറിന് നേടാനായത്. സൂര്യകുമാറിന്റെ മോശം ഫോം ഇന്ത്യയെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് തന്നെ പറയാം. ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചത് സഞ്ജുവിന്റെ ഒറ്റയാള്‍ പ്രകടനത്തിന്റെ കരുത്തിലാണ്. എന്നാല്‍ രണ്ടാം ടി20യില്‍ സഞ്ജു പെട്ടെന്ന് പുറത്തായതോടെ ഇന്ത്യ തകരുകയാണ്.