സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പര ഈ മാസം 30നു തുടങ്ങാനിരിക്കവെ ഇന്ത്യന്‍ ടീമിന്റെ പ്രധാന ആശങ്ക ശ്രേയസ് അയ്യരുടെ പകരക്കാരന്റെ കാര്യത്തിലാണ്. പരിക്കേറ്റു വിശ്രമിക്കുന്ന വൈസ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം ഈ പരമ്പരയില്‍ കളിക്കില്ലെന്നു ഉറപ്പായിരിക്കുകയാണ്.
മികച്ച ഫോമിലുള്ള ശ്രേയസിന്റെ അഭാവം മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യക്കു തിരിച്ചടിയാവുമെന്നുറപ്പാണ്. അദ്ദേഹത്തിനു പകരം നാലാം നമ്പറില്‍ കസറാന്‍ ശേഷിയുള്ള മികച്ചൊരു ബാറ്ററെയാണ് നോട്ടമിടുന്നത്. ഈ റോളില്‍ ടീമിലേകു കോള്‍ ലഭിക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

സഞ്ജു സാംസണ്‍
മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ സഞ്ജു സാംസണാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. സ്റ്റാര്‍ ബാറ്ററായ കെഎല്‍ രാഹുല്‍ ഫസ്റ്റ് ചോയ്‌സ് കീപ്പറായി ഇന്ത്യന്‍ ഏകദിന ടീമിലുണ്ടാവുമെന്നുറപ്പാണ്. അതിനാല്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായിട്ടാവും സഞ്ജു പരമ്പരയില്‍ കളിക്കുക.
നിലവില്‍ ഏകദിന പ്ലാനുകളുടെ ഭാഗമല്ലെങ്കിലു അദ്ദേഹത്തെ തിരിച്ചുവിളിക്കാനുള്ള സാധ്യത പൂര്‍ണമായി തള്ളാന്‍ സാധിക്കില്ല. കാരണം ഈ ഫോര്‍മാറ്റില്‍ സഞ്ജുവിന്റെ റെക്കോര്‍ഡ് കണ്ടില്ലെന്നു നടിക്കാന്‍ സെലക്ടര്‍മാര്‍ക്കു സാധിക്കില്ല. ഏകദിനത്തില്‍ അവസരം ലഭിച്ചപ്പോഴെല്ലാം മധ്യനിര ബാറ്ററായി അദ്ദേഹം കസറിയിട്ടുണ്ട്.
അവസാനമായി കളിച്ച എകദിനത്തില്‍ മാച്ച് വിന്നിങ് സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് സഞ്ജു. ഇതാവട്ടെ സൗത്താഫ്രിക്കയ്‌ക്കെതിരേ തന്നെയുമായിരുന്നു. 2023ലെ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ അവസാന മാച്ചിലാണ് സെഞ്ച്വറിയോടെ അദ്ദഹം ടീമിന്റെ ഹീറോയായത്. ഏകദിനത്തില്‍ ഇതിനകം 14 ഇന്നിങ്‌സുകളിലാണ് സഞ്ജു കളിച്ചത്. 56.67 എന്ന കിടിലന്‍ ശരാശരിയില്‍ 510 റണ്‍സ് നേടി. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റിയുമടക്കമാണിത്.
റുതുരാജ് ഗെയ്ക്വാദ്
ശ്രേയസ് അയ്യരുടെ പകരക്കാരനായി ഇന്ത്യന്‍ ഏകദിന ടീമിലേക്കു വരാനിടയുള്ള രണ്ടാമത്തെയാള്‍ റുതുരാജ് ഗെയ്ക്വാദ്. ആഭ്യന്തര ക്രിക്കറ്റിലും ലിസ്റ്റ് എയിലുമെല്ലാം ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്തിട്ടും ദേശീയ ടീമില്‍ അവസരം കിട്ടാതെ വലയുകയാണ് അദ്ദേഹം. മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമില്‍ നിന്നും നിരന്തരം അവഗണിക്കപ്പെടുകയാണ് ഇപ്പോള്‍ റുതുരാജ്.
സൗത്താഫ്രിക്കയുടെ എ ടീമിനെതിരേ ഈയാഴ്ച സമാപിച്ച അനൗദ്യോഗിക ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിനായി ഉജ്ജ്വല പ്രകടനമാണ് അദ്ദേഹം നടത്തിയത്. 100ന് മുകളില്‍ ശരാശരിയില്‍ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 200ന് മുകളില്‍ റണ്‍സാണ് റുതുരാജ് വാരിക്കൂട്ടിയത്. പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു.
ലിസ്റ്റ് എ ക്രിക്കറ്റില്‍ റെക്കോര്‍ഡ് പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ ഏകദിന ടീമിലെ സ്ഥിരം സന്നിധ്യമാവണ്ടയാളാണ് റുതുരാജ്. 86 ഇന്നിങ്‌സുകളാണ് ലിസ്റ്റ് എയില്‍ അദ്ദേഹം ഇതിനകം കളിച്ചത്. 57.39 എന്ന ഞെട്ടിക്കുന്ന ശരാശരിയില്‍ 4534 റണ്‍സും സ്‌കോര്‍ ചെയ്തു കഴിഞ്ഞു. ഒന്നതു സെഞ്ച്വിയും 16 ഫിഫ്റ്റികളുമടക്കമാണിത്.

റിഷഭ് പന്ത്
ഈ ലിസ്റ്റിലെ മൂന്നാമന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. കെഎല്‍ രാഹുലിനു പിറകിലായി ഏകദിനത്തിലെ ബാക്കപ്പ് കീപ്പറും കൂടിയാണ് അദ്ദേഹം. എന്നാല്‍ ശ്രേയസ് അയ്യര്‍ക്കു പകം സ്‌പെഷ്യസിസ്റ്റ് ബാറ്ററായി നാലാം നമ്പറില്‍ അദ്ദേഹത്തെ ഇന്ത്യക്കു പരീക്ഷിക്കാവുന്നതാണ്. ടി20ിയില്‍ വന്‍ പരാജയമാണെങ്കിലും ഏകദിനത്തില്‍ മികച്ച ഇന്നിങ്‌സുകള്‍ തീര്‍ച്ചയായും റിഷഭില്‍ നിന്നും പ്രതീക്ഷിക്കാം.
31 ഏകദിനങ്ങളില്‍ റിഷഭ് ഇതിനകം ഇന്ത്യക്കായി കളിച്ചു കഴിഞ്ഞു. 27 ഇന്നിങ്‌സുകളില്‍ നിന്നും 33.50 ശരാശരിയില്‍ 871 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റകളുമടക്കമാണിത്. ഇടംകൈയന്‍ ബാറ്ററാണെന്നതും ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിനു പ്ലസ് പോയിന്റാണ്. കാരണം ഏകദിനത്തിലെ ടോപ്പ് ഫൈവില്‍ ഇടംകൈയന്‍ ബാറ്റര്‍മാര്‍ ആരുംതന്നെ ഇപ്പോഴില്ലെന്നു കാണാം.