കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. ആദ്യ ദിനം ലോക റെക്കോഡ് പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. ദക്ഷിണാഫ്രിക്കയെ അവരുടെ തട്ടകത്തില്‍ 55 റണ്‍സിന് ഓള്‍ഔട്ടാക്കാന്‍ ഇന്ത്യക്കായി. മറുപടിക്കിറങ്ങിയ ഇന്ത്യ 153 റണ്‍സിനാണ് കൂടാരം കയറിയത്. 98 റണ്‍സിന്റെ ലീഡും ഇന്ത്യ സ്വന്തമാക്കി. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക 3 വിക്കറ്റിന് 62 റണ്‍സെന്ന നിലയിലാണ്. 36 റണ്‍സിന് ഇന്ത്യയെക്കാള്‍ പിന്നിലാണ് സൗത്താഫ്രിക്ക.
ഇന്ത്യയുടെ ആറ് വിക്കറ്റുകള്‍ ഒരു റണ്‍സ് പോലുമെടുക്കാതെ നഷ്ടമായി എന്നത് വലിയ നാണക്കേടായി. ഇന്ത്യയുടെ മികച്ച ബൗളിങ് പ്രകടനത്തിന്റെ ശോഭ കെടുത്തുന്ന പ്രകടനമാണ് മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ കാഴ്ചവെച്ചത്. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ ഏറ്റവും നിരാശപ്പെടുത്തിയത് ശ്രേയസ് അയ്യരാണ്. അജിന്‍ക്യ രഹാനെക്ക് പകരം ഇന്ത്യ അഞ്ചാം നമ്പറില്‍ കളിപ്പിക്കുന്ന ശ്രേയസ് അയ്യര്‍ക്ക് ബൗണ്‍സും വേഗവുമുള്ള വിദേശ പിച്ചില്‍ തിളങ്ങാനാവുന്നില്ല.

ഇന്ത്യയിലെ ഫ്‌ളാറ്റ് പിച്ചില്‍ ശ്രേയസ് പുലിയാണ്. എന്നാല്‍ വിദേശ പിച്ചില്‍ ഈ മികവ് കാട്ടാന്‍ ശ്രേയസിനാവുന്നില്ല. ഇന്ത്യ ശ്രേയസിന്റെ പകരക്കാരനെ കണ്ടെത്തേണ്ടത് അത്യാവശ്യമായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം ഇന്ത്യക്ക് ഇംഗ്ലണ്ട് പരമ്പരയാണ് വരാനിരിക്കുന്നത്. ബോര്‍ഗര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇത്തവണ ഇന്ത്യക്ക് ഓസ്‌ട്രേലിയന്‍ പര്യടനമാണ്. ഈ സാഹര്യത്തില്‍ ഇന്ത്യക്ക് ശ്രേയസിന്റെ പകരക്കാരനെ കണ്ടെത്തേണ്ടതായുണ്ട്.
അഞ്ചാം നമ്പറില്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ശ്രേയസിന്റെ പകരക്കാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ഹനുമ വിഹാരിയാണ്. ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച താരമാണ് വിഹാരി. ഓസ്‌ട്രേലിയയിലടക്കം മികവ് കാട്ടാന്‍ വിഹാരിക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീം ആവശ്യത്തിന് പിന്തുണ നല്‍കാത്ത താരമാണ് വിഹാരി. പാര്‍ട്ട് ടൈം സ്പിന്നറെന്ന നിലയിലും ഇന്ത്യക്ക് വിഹാരിയെ ഉപയോഗിക്കാം.
ക്ഷമയോടെ ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്ന വിഹാരിക്ക് വിദേശ പിച്ചുകളിലും മികവ് കാട്ടാനാവും. ആഭ്യന്തര ക്രിക്കറ്റിലും ഗംഭീര റെക്കോഡാണ് താരത്തിനുള്ളത്. ഇന്ത്യന്‍ ടീമില്‍ അവസരമില്ലാത്തതിനെതിരേ പരസ്യ വിമര്‍ശനം ഉയര്‍ത്തിയ താരമാണ് വിഹാരി. ഇന്ത്യക്ക് മധ്യനിരയിലേക്ക് പരിഗണിക്കാവുന്ന ബെസ്റ്റ് താരം വിഹാരിയാവും. അടുത്ത ഓസ്‌ട്രേലിയന്‍ പര്യടനം മുന്നില്‍ക്കണ്ട് ഇന്ത്യ വിഹാരിയെ ടീമിലേക്ക് പരിഗണിക്കേണ്ടതാണ്.
സര്‍ഫറാസ് ഖാനാണ് മറ്റൊരു താരം. മുംബൈക്കൊപ്പം ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ കസറാന്‍ സര്‍ഫറാസിന് സാധിക്കുന്നു. മികച്ച ബാറ്റിങ് റെക്കോഡാണ് സര്‍ഫറാസിനുള്ളത്. ട്രിപ്പിള്‍ സെഞ്ച്വറിയടക്കം നേടിയിട്ടുള്ള താരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്. എന്നാല്‍ ഇന്ത്യ ഇതുവരെ സര്‍ഫറാസിനെ പരിഗണിച്ചിട്ടില്ല. ടീമില്‍ അവസരത്തിനായി പലവട്ടം താരം ശ്രമിക്കുകയും പരസ്യമായി പ്രതിഷേധം അറിയിക്കുകയും ചെയ്തു.
എന്നിട്ടും അദ്ദേഹത്തെ പരിഗണിച്ചിട്ടില്ല. സര്‍ഫറാസിന്റെ മോശം ഫിറ്റ്‌നസാണ് സെലക്ടര്‍മാര്‍ തഴയാനുള്ള കാരണം. അതിവേഗത്തില്‍ ഓടാനോ നന്നായി ഫീല്‍ഡ് ചെയ്യാനോ സര്‍ഫറാസിന് സാധിക്കില്ല. എന്നാല്‍ ഇന്‍സമാം ഉള്‍ ഹഖ് ഉള്‍പ്പെടെ അമിത ശരീര ഭാരമുണ്ടായിട്ടും മികവ് കാട്ടിയവരുടെ ചരിത്രം മുന്നിലുണ്ട്. ഇത് പരിഗണിച്ച് സര്‍ഫറാസിനെ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്. അമിത പ്രതിരോധത്തിലൂന്നാതെ കളിക്കുന്ന താരമാണ് സര്‍ഫറാസ്.
സഞ്ജു സാംസണാണ് മൂന്നാമത്തെ താരം. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് അവസരം. ടെസ്റ്റില്‍ ഇന്ത്യ പൂര്‍ണ്ണമായും തഴയേണ്ട കളിക്കാരനല്ല സഞ്ജു. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിന്റെ നായകനാണ് സഞ്ജു. ഭേദപ്പെട്ട കണക്കുകളും അദ്ദേഹത്തിന് അവകാശപ്പെടാം. നിലയുറപ്പിച്ച് കളിക്കാന്‍ സഞ്ജുവിന് എത്രത്തോളം കഴിവുണ്ടെന്നത് ചോദ്യമാണ്. എന്നാല്‍ ഇന്ത്യക്ക് പരിഗണിക്കാവുന്ന കളിക്കാരനാണ് സഞ്ജുവെന്ന് നിസംശയം പറയാം.