For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: പടനയിച്ച് സഞ്ജു, കറക്കി വീഴ്ത്തി സ്പിന്നര്‍മാര്‍; സൗത്താഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് വമ്പന്‍ ജയം. 61 റണ്‍സിനാണ് സന്ദര്‍ശകര്‍ വിജയം നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റിന് 202 റണ്‍സാണ് നേടിയത്. സഞ്ജു സാംസണ്‍ 107 റണ്‍സോടെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ 33 റണ്‍സുമായി തിലക് വര്‍മയും തിളങ്ങി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ കറക്കി വീഴ്ത്തി. 141 റണ്‍സിനാണ് ദക്ഷിണാഫ്രിക്കകൂടാരം കയറിയത്. ഇതോടെ 61 റണ്‍സിന്റെ ജയത്തോടെ ഇന്ത്യ നാല് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തി.

ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയുടെ തുടക്കം മികച്ചതായില്ല. 24 റണ്‍സില്‍ നില്‍ക്കവെ ഇന്ത്യക്ക് അഭിഷേക് ശര്‍മയെ നഷ്ടമായി. എട്ട് പന്തില്‍ ഏഴ് റണ്‍സെടുത്താണ് അഭിഷേകിന്റെ മടക്കം. എന്നാല്‍ ഒരുവശത്ത് സഞ്ജു സാംസണും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് റണ്‍സുയര്‍ത്തി. 66 റണ്‍സിന്റെ കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ സൃഷ്ടിച്ച ശേഷം സൂര്യകുമാര്‍ മടങ്ങി. 17 പന്തില്‍ 21 റണ്‍സെടുത്താണ് സൂര്യയുടെ മടക്കം. 2 ഫോറും 1 സിക്‌സുമാണ് സൂര്യ നേടിയത്. നാലാമനായെത്തിയ തിലക് വര്‍മ മികച്ചൊരു കാമിയോ കാഴ്ചവെച്ച് മടങ്ങി. 18 പന്തില്‍ 3 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 33 റണ്‍സോടെ തിലക് കസറി.

സഞ്ജുവിന്റെ കിടിലന്‍ സെഞ്ച്വറി

സഞ്ജു സാംസണ്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ കൈയടി നേടി. തുടര്‍ച്ചയായ രണ്ടാം ടി20 മത്സരത്തിലാണ് സഞ്ജു സെഞ്ച്വറി നേടുന്നത്. ഈയൊരു നേട്ടം മറ്റൊരു ഇന്ത്യക്കാരനും അവകാശപ്പെടാനാവാത്തതാണ്. കൂടാതെ രണ്ട് ടി20 സെഞ്ച്വറിയുള്ള ആദ്യത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാവാനും സഞ്ജുവിനായി. ക്ലാസിക് ശൈലിയില്‍ റണ്‍സുയര്‍ത്തിയ സഞ്ജു സ്പിന്നര്‍മാരേയും പേസര്‍മാരേയും കടന്നാക്രമിച്ച് കളിച്ചാണ് മടങ്ങിയത്. 27 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ സഞ്ജു പിന്നീടും വെടിക്കെട്ട് തുടര്‍ന്നു.

50 പന്തില്‍ 7 ഫോറും 10 സിക്‌സും ഉള്‍പ്പെടെ 107 റണ്‍സ് നേടിയാണ് സഞ്ജു സാംസണ്‍ പുറത്തായത്. 214 സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ പ്രകടനം. എന്നാല്‍ സഞ്ജു സാംസണ്‍ നല്‍കിയ മികച്ച അടിത്തറയെ മുതലാക്കാന്‍ മധ്യനിരക്ക് സാധിച്ചില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

തകര്‍ന്നടിഞ്ഞ് മധ്യനിര

ഇന്ത്യയുടെ മധ്യനിര അവസരത്തിനൊത്ത് ഉയര്‍ന്നിരുന്നെങ്കില്‍ റെക്കോഡ് ടീം സ്‌കോറിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ 2 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ റിങ്കു സിങ് 11 റണ്‍സാണ് നേടിയത്. അക്ഷര്‍ പട്ടേല്‍ 7 റണ്‍സും നേടി. അര്‍ഷ്ദീപ് സിങ് (5) പുറത്താവാതെ നിന്നപ്പോള്‍ രവി ബിഷ്‌നോയ് 1 റണ്‍സെടുത്ത് റണ്ണൗട്ടായി. ഇതോടെ 20 ഓവറില്‍ എട്ട് വിക്കറ്റിന് 202 റണ്‍സ് എന്ന സ്‌കോറിലേക്കെത്താന്‍ ഇന്ത്യക്കായി. ദക്ഷിണാഫ്രിക്കയ്ക്കായി ജെറാള്‍ഡ് കോയിറ്റ്‌സി മൂന്നും മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ്, പാട്രിക് ക്രൂഗര്‍, ആന്‍ഡിലി സിമിലാനി എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

india cricket ind vs sa t20

ദക്ഷിണാഫ്രിക്കയുടെ തുടക്കം പിഴച്ചു

ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം പ്രതീക്ഷിച്ചപോലെയായിരുന്നില്ല. എയ്ഡന്‍ മാര്‍ക്രം (8) ആദ്യ ഓവറില്‍ത്തന്നെ പുറത്തായി. രണ്ട് ബൗണ്ടറിയടക്കം കത്തിക്കയറിയ മാര്‍ക്രത്തെ അര്‍ഷ്ദീപ് സിങ് സഞ്ജു സാംസണിന്റെ കൈയിലെത്തിക്കുകയായിരുന്നു. ട്രിസ്റ്റന്‍ സ്റ്റബ്‌സ് (11) ആവേശ് ഖാന് വിക്കറ്റ് നല്‍കിയപ്പോള്‍ 11 പന്തില്‍ 21 റണ്‍സെടുത്ത റിയാന്‍ റിക്കല്‍ട്ടനെ വരുണ്‍ ചക്രവര്‍ത്തിയും മടക്കി. ഇതോടെ 44 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക തകര്‍ന്നു.

മധ്യനിരയെ തകര്‍ത്ത് സ്പിന്നര്‍മാര്‍

ദക്ഷിണാഫ്രിക്കയുടെ മധ്യനിരയെ സ്പിന്നര്‍മാരെ ഉപയോഗിച്ച് തകര്‍ക്കാന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന് സാധിച്ചു. ഹെന്‍ റിച്ച് ക്ലാസനേയും (25) ഡേവിഡ് മില്ലറേയും (18) വരുണ്‍ ചക്രവര്‍ത്തി പുറത്താക്കിയപ്പോള്‍ ക്രൂഗറെ (1) രവി ബിഷ്‌നോയിയും മടക്കി. സിമിലാനിയെ (6) ബിഷ്‌നോയി എല്‍ബിയില്‍ കുടുക്കിയപ്പോള്‍ മാര്‍ക്കോ യാന്‍സനേയും (18) ബിഷ്‌നോയ് മടക്കി അയച്ചു. വാലറ്റത്തേയും ചുരുട്ടിക്കൂട്ടിയതോടെ 17.5 ഓവറില്‍ 141 റണ്‍സില്‍ ആതിഥേയര്‍ കൂടാരം കയറി. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്‌നോയിയും മൂന്ന് വിക്കറ്റുകള്‍ പങ്കിട്ടപ്പോള്‍ ആവേശ് ഖാന്‍ രണ്ടും അര്‍ഷ്ദീപ് ഒരു വിക്കറ്റും നേടി.

പ്ലേയിങ് 11

ഇന്ത്യ- സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (c), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, വരുണ്‍ ചക്രവര്‍ത്തി

ദക്ഷിണാഫ്രിക്ക- റിയാന്‍ റിക്കില്‍ട്ടന്‍, എയ്ഡന്‍ മാര്‍ക്രം, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഹെന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, പാട്രിക്ക് കൂര്‍ഗര്‍, മാര്‍ക്കോ യാന്‍സന്‍, ആന്‍ഡിലി സിമിലാനി, ജെറാള്‍ഡ് കോറ്റ്‌സിയ, കേശവ് മഹാരാജ്, എന്‍സമലോനി പീറ്റര്‍

Story first published: Friday, November 8, 2024, 14:59 [IST]
Other articles published on Nov 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+