ടി20 ഫോര്‍മാറ്റില്‍ ക്ലച്ച് പിടിക്കാതെ പാടുപെടുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെതിരേ രൂക്ഷവിമര്‍ശനലുമായി മുന്‍ താരം എസ് ബദ്രിനാഥ്. ഈ ഫോര്‍മാറ്റില്‍ ഇത്ര മോശം നമ്പറുകളായിട്ടും എന്തിനാണ്
വൈസ് ക്യാപ്റ്റന്റെ ചുമതല കൂടി ഗില്ലിനു നല്‍കിയതെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. സമീപകാലത്തു ടി20യില്‍ മൂന്നു സെഞ്ച്വറികളടക്കം നേടി കസറിയിട്ടും മലയാളി താരം സഞ്ജു സാംസണ്‍ നിരന്തരം അവഗണിക്കപ്പെടുന്നതില്‍ ദുഖവും നിരാശയുമുണ്ടെന്നും ബദ്രിനാഥ് വ്യക്തമാക്കി. ഈ വര്‍ഷം കളിച്ച 14 ഇന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റി പോലുമില്ലാതെ ഗില്‍ പതറിയിട്ടും അവസാന അഞ്ചു കളിയിലും സഞ്ജു ബെഞ്ചിലിരിക്കുകയാണ്.

സഞ്ജുവിന്റെ കാര്യം കഷ്ടം
ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയെക്കുറിച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സ് തമിഴിന്റെ ചാനലില്‍ സംസാരിക്കവെയാണ് സഞ്ജു സാംസിനെ പിന്തുണച്ചും ശുഭ്മന്‍ ഗില്ലിനെ വിമര്‍ശിച്ചും എസ് ബദ്രിനാഥ് സംസാരിച്ചത്. മൂന്നു സെഞ്ച്വറികള്‍ ഇതിനകം നേടിക്കഴിഞ്ഞയാളാണ്് സഞ്ജു സാംസണ്‍. നമ്മള്‍ ടി20 ക്രിക്കറ്റിനെ കുറിച്ചാണ് സംസാരിക്കുന്നത്. അവന്‍ മൂന്നു സെഞ്ച്വറികളും ഇതിനകം നേടി.
നിങ്ങള്‍ക്കു ഇതില്‍ കൂടുതല്‍ എന്താണ് ഒരു താരത്തില്‍ നിന്നും ആവശ്യം? ഇത്രയും നന്നായി ഫെര്‍ഫോം ചെയ്തിട്ടുള്ള ഒരു താരം അവസരമില്ലാതെ ബെഞ്ചില്‍ ഇരിക്കുന്നത് കാണേണ്ടി വരുമ്പോള്‍ വേദന തോന്നുന്നുവെന്നും ബദ്രിനാഥ് വ്യക്തമാക്കി.
ഗില്ലിന്റെ വൈസ് ക്യാപ്റ്റന്‍സി
പ്രതിഭാശാലികളായ ഒരുപാട് കളിക്കാരുണ്ടായിട്ടും ടി20യില്‍ മോശം റെക്കോര്‍ഡുള്ള ശുഭ്മന്‍ ഗില്ലിനെ എന്തിനാണ് വൈസ് ക്യാപ്റ്റനാക്കിയതെന്നും എസ് ബദ്രിനാഥ് ചോദിക്കുന്നു. ശുഭ്മന്‍ ഗില്‍ ഇപ്പോള്‍ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനാണ്. പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പുള്ള ഒരേയൊരു താരം ക്യാപ്റ്റനോ, വൈസ് ക്യാപ്റ്റനോ ആണെന്നു ഞാന്‍ കരുതുന്നു.
ടി20യില്‍ ഇത്രയും മോശം നമ്പറുള്ളപ്പോഴാണ് ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയിരിക്കുന്നത്. ബാക്കപ്പുകളൊന്നുമില്ലെങ്കില്‍ അവനു ഈ ചുമതല നല്‍കിയത്് എനിക്കു മനസ്സിലാവും. പക്ഷെ ടി20യില്‍ ഇന്ത്യക്കു പ്രതിഭകളുടെ കാര്യത്തില്‍ ഒരു പഞ്ഞവുമില്ലെന്നും ബദ്രിനാഥ് പറഞ്ഞു.
സഞ്ജു- അഭിഷേക് ശര്‍മ ഓപ്പണിങ് മികച്ച വിജയമായി മുന്നേറവെയാണ് തീര്‍ത്തും അനാവശ്യമായി ശുഭ്മന്‍ ഗില്‍ ടി20 ടീമിലേക്കു തിരിച്ചുവിളിക്കപ്പെടുന്നത്. ഒരു വര്‍ഷത്തെ ഗ്യാപ്പിനു ശേഷമാണ് അദ്ദേഹം മടങ്ങിയെത്തിയത്. യുഎയില്‍ നടന്ന ഏഷ്യാ കപ്പിലൂടെയായിരുന്നു ഗില്ലിന്റെ തിരിച്ചുവരവ്. ഇതോടെ സഞ്ജുവിനു ഓപ്പണിങ് റോള്‍ വിട്ടുകൊടുക്കേണ്ടതായു വന്നു.
അഭിഷേക് പതിവു പോലെ ഓപ്പണിങില്‍ മിന്നിച്ചെങ്കിലും ഒരു ഫിഫ്റ്റി പോലുമില്ലാതെ ഏഷ്യാ കപ്പില്‍ ഗില്‍ വലഞ്ഞു. അതിനു ശേഷം ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ കളിച്ച അഞ്ചു ടി20കളുടെ പരമ്പരയിലും അദ്ദേഹം ഫ്‌ളോപ്പ് ഷോ തുടര്‍ന്നു.

ഫിഫ്റ്റിയില്ലാതെയാണ് ഈ പരമ്പരയും ഗില്‍ അവസാനിപ്പിച്ചത്. അതിമു ശേഷം സൗത്താഫ്രിക്കയ്‌ക്കെതിരേയും ബാറ്റിങില്‍ ഗില്‍ ക്ലിക്കായിട്ടില്ല. ആദ്യ ടി20യില്‍ നാലു റണ്‍സിനു പുറത്തായ അദ്ദേഹം രണ്ടാമത്തേതില്‍ ഗോള്‍ഡന്‍ ഡെക്കാവുകയും ചെയ്തു.
വിമര്‍ശിച്ച് ശ്രീകാന്തും
ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ നിന്നും സഞ്ജു സാംസണിനെ മാറ്റി നിര്‍ത്തുന്നതിനെ മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്തും രൂക്ഷമായി വിമര്‍ശിച്ചത്. സഞ്ജു സാസണിന്റെ സ്‌ട്രൈക്ക് റേറ്റ് 183 ആണ്. അതു വേറെ ലെവലാണെന്നു തന്നെ പറയം. പക്ഷെ വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ എന്താണ് പറഞ്ഞു കൊണ്ടിരിക്കുന്നത്? ഓരോരുത്തരും വ്യത്യസ്ത കാര്യങ്ങളാണ് പറയുന്നത്.
സഞ്ജുവും ജിതേഷ് ശര്‍മയും തമ്മിലാണ് ടീമിലെ സ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടമെന്നാണ് അവര്‍ പറയുന്നത്. പക്ഷെ അതില്‍ യാതൊരു വ്യക്തതയുമില്ല. ശുഭ്മന്‍ ഗില്‍ മികച്ച താരമാണെന്നു അവര്‍ പറയുന്നു. അവനു അവസരങ്ങളും നല്‍കിക്കൊണ്ടിരിക്കുകയാണെന്നും ശ്രീകാന്ത് തുറന്നടിച്ചു.