ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യിലും വമ്പന്‍ സെഞ്ച്വറി പ്രകടനത്തോടെ റെക്കോഡുകള്‍ വാരിക്കൂട്ടിയിരിക്കുകയാണ് സഞ്ജു സാംസണ്‍. അവഗണനകള്‍ക്കും തഴയപ്പെടലുകള്‍ക്കുമിടയില്‍ സഞ്ജുവിന്റെ ശക്തമായ തിരിച്ചുവരവായി ഇതിനെ കാണാം. ഇത്രയും നാള്‍ ഒതുക്കപ്പെട്ടിരുന്ന സഞ്ജു ഇപ്പോള്‍ തന്റെ ശരിയായ മികവ് കാട്ടിക്കൊടുത്ത് വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ മൂന്നാം സെഞ്ച്വറി പ്രകടനമാണ് സഞ്ജു നടത്തിയിരിക്കുന്നത്.
അവസാന അഞ്ച് ടി20 മത്സരത്തില്‍ നിന്ന് സഞ്ജു നേടുന്ന മൂന്നാമത്തെ സെഞ്ച്വറിയാണിത്. ദക്ഷിണാഫ്രിക്ക ടി20 പരമ്പരയില്‍ സഞ്ജു നേടുന്ന രണ്ടാമത്തെ സെഞ്ച്വറി കൂടിയാണിത്. ഈ വര്‍ഷം സഞ്ജു നേടുന്ന മൂന്നാമത്തെ ടി20 സെഞ്ച്വറിയാണ് ജൊഹാനസ്ബര്‍ഗില്‍ കണ്ടത്. സൂര്യകുമാര്‍ യാദവും ഗൗതം ഗംഭീറും ചേര്‍ന്ന് സഞ്ജു സാംസണെ ഓപ്പണിങ്ങിലേക്ക് പിന്തുണച്ചപ്പോള്‍ തകര്‍പ്പന്‍ പ്രകടനത്തോടെ അദ്ദേഹം എല്ലാവരുടേയും കൈയടി നേടുകയാണ്.
റിഷഭും ഇഷാനും ഇനി സഞ്ജുവിന്റെ ബാക്കപ്പ്
ഇന്ത്യയുടെ ടി20 ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ഇനി സഞ്ജു സാംസണ്‍ കളിക്കുമെന്ന് തന്നെ പറയാം. തുടര്‍ച്ചയായി അവസരം നല്‍കിയാല്‍ സഞ്ജു മിന്നിക്കുമെന്നത് ഏറെ നാളുകളായി ആരാധകര്‍ പറയുന്ന കാര്യമാണ്. എന്നാല്‍ രാഹുല്‍ ദ്രാവിഡ് പോലും ഇതിന് തയ്യാറായില്ല. എന്നാല്‍ ഗംഭീര്‍ പരിശീലകനായതോടെ സഞ്ജുവിന് പൂര്‍ണ്ണ സ്വാതന്ത്ര്യവും ഓപ്പണര്‍ റോളും ലഭിച്ചു. ഇതോടെ കത്തിക്കയറാന്‍ അദ്ദേഹത്തിന് സാധിക്കുന്നു.
അവസാന അഞ്ച് ടി20യില്‍ നിന്ന് സഞ്ജു നേടുന്ന മൂന്നാമത്തെ സെഞ്ച്വറി പ്രകടനമാണിത്. ബംഗ്ലാദേശിനെതിരേ സെഞ്ച്വറിയോടെ കസറിയ സഞ്ജു ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ രണ്ട് സെഞ്ച്വറി പ്രകടനങ്ങളും നടത്തിയാണ് എല്ലാവരേയും ഞെട്ടിച്ചത്. ഇന്ത്യ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി കളിപ്പിച്ച റിഷഭ് പന്തിനെ 76 ടി20യില്‍ നിന്ന് ഒരു സെഞ്ച്വറി പോലും നേടാനായിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഇഷാന്‍ കിഷന്‍, റിഷഭ് പന്ത് എന്നിവരുടെയെല്ലാം ബാക്കപ്പായാണ് സഞ്ജു ഒതുക്കപ്പെട്ടിരുന്നത്.
എന്നാല്‍ ഇനി സഞ്ജുവിന്റെ ബാക്കപ്പായി റിഷഭും ഇഷാനുമെല്ലാം കളിക്കുന്നതാണ് ഇന്ത്യക്ക് നല്ലത്. സഞ്ജുവിനെപ്പോലെ ടീമിന് മുഖ്യ പ്രാധാന്യം നല്‍കുന്ന ഒരു ബാറ്റ്‌സ്മാനെ ഇന്ത്യ ഇത്രയും നാള്‍ തഴഞ്ഞുവെന്നതാണ് നിരാശപ്പെടുത്തുന്നത്. എന്തായാലും സഞ്ജുവിന്റെ കഷ്ടപ്പാടിന്റെ ഫലമാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് പറയാം.

സഞ്ജു ഓപ്പണര്‍ സീറ്റ് ഉറപ്പിച്ചു
സഞ്ജു സാംസണ്‍ ഇന്ത്യയുടെ ടി20 ഓപ്പണറായുള്ള സീറ്റ് ഉറപ്പിച്ചിരിക്കുകയാണെന്ന് പറയാം. പല ബാറ്റിങ് പൊസിഷനിലായി സഞ്ജുവിനെ തട്ടിക്കളിക്കുകയായിരുന്നു ഇതുവരെ. ഇപ്പോള്‍ ഇഷ്ടപ്പെട്ട ഓപ്പണര്‍ സ്ഥാനം ലഭിച്ചതോടെ സഞ്ജു ഏറ്റവും മികച്ച പ്രകടനത്തോടെ കസറുകയാണെന്ന് പറയാം. ജൊഹാനസ് ബര്‍ഗിലെ പ്രകടനത്തോടെ സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തിയാലും സഞ്ജു ഓപ്പണറായി തുടരുമെന്ന് ഉറപ്പായിരിക്കുകയാണ്. യശ്വസി ജയ്‌സ്വാള്‍ ഇന്ത്യയുടെ സ്ഥിരം ഓപ്പണറാണ്.
രോഹിത് ശര്‍മ ടി20 മതിയാക്കിയതോടെ പകരം ഒരു ഓപ്പണറെ ഇന്ത്യക്ക് ആവശ്യമാണ് ഈ റോളിലേക്ക് ഇനി മറ്റാരേയും തേടേണ്ടെന്നാണ് സഞ്ജു പ്രകടനംകൊണ്ട് തെളിയിച്ചിരിക്കുന്നത്. ഓപ്പണിങ്ങില്‍ ഭയമില്ലാതെ കടന്നാക്രമിക്കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. വിക്കറ്റ് നഷ്ടമാകുമോയെന്ന ഭയമില്ലാതെയാണ് സഞ്ജു പൊരുതുന്നത്. അതിനുള്ള സ്വാതന്ത്ര്യം നായകന്‍ സൂര്യകുമാര്‍ യാദവും പരിശീലകന്‍ ഗൗതം ഗംഭീറും ഇന്ത്യക്ക് നല്‍കിയിട്ടുണ്ടെന്ന് പറയാം.
വൈകാതെ നായകസ്ഥാനത്തേക്കും എത്തും
സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ്. ഇന്ത്യയെ നയിക്കണമെന്നത് സഞ്ജുവിന്റെ വലിയ ആഗ്രഹങ്ങളിലൊന്നാണ്. നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ സഞ്ജുവിന് വൈകാതെ നായകസ്ഥാനം ലഭിക്കാനും സാധ്യതയുണ്ട്. വിക്കറ്റ് പോകുമോയെന്ന് ഭയന്ന് സ്വാര്‍ത്ഥനായി കളിക്കാന്‍ സഞ്ജു തയ്യാറല്ലെന്നതാണ് എടുത്തു പറയേണ്ടത്.
നാലാം ടി20യില്‍ 283 എന്ന വമ്പന്‍ ടോട്ടലിലേക്കാണ് ഇന്ത്യ എത്തിയത്. സഞ്ജുവിനൊപ്പം തിലക് വര്‍മയും സെഞ്ച്വറിയോടെ മിന്നിച്ചു. സഞ്ജു 56 പന്തില്‍ 6 ഫോറും 9 സിക്‌സും ഉള്‍പ്പെടെ 109 റണ്‍സോടെ പുറത്താവാതെ നിന്നപ്പോള്‍ തിലക് വര്‍മ 47 പന്തില്‍ 9 ഫോറും 10 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 120 റണ്‍സാണ് നേടിയത്.