Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: സഞ്ജു സൂപ്പര്‍, 86 നോട്ടൗട്ട്, പക്ഷെ ഇന്ത്യ പൊരുതിവീണു

1

ലഖ്‌നൗ: സഞ്ജു സാംസണ്‍ കരിയറിലെ രണ്ടാം ഏകദിന ഫിഫ്റ്റിക്കും ഇന്ത്യയെ രക്ഷിക്കാനായില്ല. സൗത്താഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ത്രില്ലിങ് വിജയത്തിന് അരികില്‍ വരെയെത്തിയ ശേഷം ഇന്ത്യക്കു കാലിടറുകയായിരുന്നു. ഒമ്പതു റണ്‍സിനാണ് കളിയില്‍ ഇന്ത്യ കീഴടങ്ങിയത്. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ സൗത്താഫ്രിക്ക 1-0നു മുന്നിലെത്തുകയും ചെയ്തു. 40 ഓവര്‍ മാച്ചില്‍ 250 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു നല്‍കിയത്. റണ്‍ചേസില്‍ ഇന്ത്യയുടെ തുടക്കം പാളിയെങ്കിലും മധ്യനിരയും ലോവര്‍ ഓര്‍ഡറും ഉജ്ജ്വല ചെറുത്തുനില്‍പ്പാണ് നടത്തിയത്. പക്ഷെ വിജയം എത്തിപ്പിടിക്കാന്‍ ഇന്ത്യയുടെ രണ്ടാംനിര ടീമിനായില്ല. എട്ടു വിക്കറ്റിനു 240 റണ്‍സെടുത്ത് ഇന്ത്യ മല്‍സരം അടിയറവയ്ക്കുകയായിരുന്നു.

പുറത്താവാതെ 86 റണ്‍സോടെ സഞ്ജു ഇന്ത്യയുടെ ടോപ്‌സ്‌കോററായി മാറി. 63 ബോളുകള്‍ നേരിട്ട സഞ്ജുവിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ബൗണ്ടറിയും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ശ്രേയസ് അയ്യരാണ് (50) മറ്റൊരു പ്രധാന സ്‌കോറര്‍. ചടുലമായ ഇന്നിങ്‌സ് കളിച്ച അദ്ദേഹം 37 ബോളില്‍ എട്ടു ബൗണ്ടറികളടിച്ചു. 33 റണ്‍സെടുത്ത ശര്‍ദ്ദുല്‍ ടാക്കൂറും ഇന്ത്യന്‍ ബാറ്റിങില്‍ തിളങ്ങി. നായകന്‍ ശിഖര്‍ ധവാന്‍ (4), ശുഭ്മാന്‍ ഗില്‍ (3), റുതുരാജ് ഗെയ്ക്വാദ് (19), ഇഷാന്‍ കിഷന്‍ (20) തുടങ്ങി ടോപ്പ് ഓര്‍ഡറിലെ നാലു പേരും ഫ്‌ളോപ്പായതാണ് ഇന്ത്യന്‍ പരാജയത്തിനു പ്രധാന കാരണം.

2

ഒരു ഘട്ടത്തില്‍ നാലു വിക്കറ്റിനു 51 റണ്‍സെന്ന നിലയിലേക്കു ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നത് ശ്രേയസ്- സഞ്ജു ജോടിയായിരുന്നു. ആറാം വിക്കറ്റില്‍ 67 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. ശ്രേയസ് പുറത്തായെങ്കിലും ഇന്ത്യ പതറിയില്ല. ആറാം വിക്കറ്റില്‍ ശര്‍ദ്ദുലിനെ കൂട്ടുപിടിച്ച് സഞ്ജു ടീമിനെ മുന്നോട്ടു നയിച്ചു. 65 ബോളില്‍ 93 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഈ ജോടിക്കു കഴിഞ്ഞു. എന്നാല്‍ സ്‌കോര്‍ 211ല്‍ വച്ച് ശര്‍ദ്ദുല്‍ പുറത്തായതോടെ ഇന്ത്യയുടെ താളം തെറ്റി. പിന്നീട് തുടരെ രണ്ടു വിക്കറ്റുകള്‍ കൂടി ഇന്ത്യ കൈവിട്ടു. സൗത്താഫ്രിക്കയ്ക്കായി ലുംഗി എന്‍ഗിഡി മൂന്നും കാഗിസോ റബാഡ രണ്ടും വിക്കറ്റുകളെടുത്തു.

3

മഴയെ തുടര്‍ന്ന് 40 ഓവറുകളാക്കി വെട്ടിക്കുറച്ച മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ സൗത്താഫ്രിക്ക നാലു വിക്കറ്റിനു 249 റണ്‍സെടുക്കുകയായിരുന്നു. ഡേവിഡ് മില്ലര്‍ (75*) ഹെന്റിച്ച് ക്ലാസെന്‍ (74*), എന്നിവരുടെ ഫിഫ്റ്റികളാണ് സൗത്താഫ്രിക്കന്‍ ഇന്നിങ്‌സിനു അടിത്തറയിട്ടത്. ക്ലാസെന്‍ 65 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചപ്പോള്‍ മില്ലര്‍ 63 ബോളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറും നേടി. ക്വിന്റണ്‍ ഡികോക്ക് (48), ജന്നെമന്‍ മലാന്‍ (22), നായകന്‍ ടെംബ ബവുമ (8), എയ്ഡന്‍ മര്‍ക്രാം (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

അഞ്ചു ബൗളര്‍മാരെയാണ് ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന്‍ ഈ കളിയില്‍ പരീക്ഷിച്ചത്. ഇവരില്‍ മികച്ചുനിന്നത് ശര്‍ദ്ദുല്‍ ടാക്കൂറായിരുന്നു. എട്ടോവറില്‍ ഒരു മെയ്ഡനടക്കം 35 റണ്‍സ് വിട്ടുകൊടുത്ത് അദ്ദേഹം രണ്ടു വിക്കറ്റുകളെടുത്തു. സ്പിന്‍ ജോടികളായ കുല്‍ദീപ് യാദവിനും രവി ബിഷ്‌നോയ്ക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

4

സ്ലോ തുടക്കമായിരുന്നു സൗത്താഫ്രിക്കയുടേത്. ഇന്ത്യയുടെ ന്യൂബോള്‍ ബൗളര്‍മാര്‍ അവര്‍ക്കു റണ്ണെടുക്കാന്‍ കാര്യമായ പഴുതുകള്‍ നല്‍കിയില്ല. ഓപ്പണിങ് വിക്കറ്റില്‍ 49 റണ്‍സാണ് മലാന്‍- ഡിക്കോക്ക് സഖ്യം നേടിയത്. മലാനെ പുറത്താക്കി ശര്‍ദ്ദുലാണ് ഇന്ത്യക്കു ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. ബവുമയും മര്‍ക്രാമും അടുത്തടുത്ത ഓവറുകളില്‍ പുറത്തായതോടെ സൗത്താഫ്രിക്ക മൂന്നിന്‍ 71 റണ്‍സെന്ന നിലയില്‍ പതറി. ഡികോക്കാണ് നാലാമനായി ക്രീസ് വിട്ടത് (നാലിന് 110). തുടര്‍ന്നാണ് ക്ലാസെന്‍- മില്ലര്‍ ജോടി ക്രീസില്‍ ഒന്നിച്ചത്. സെഞ്ച്വറി കൂട്ടുകെട്ടിലൂടെ ഇവര്‍ സൗത്താഫ്രിക്കയെ ശക്തമായ നിലയിലെത്തിക്കുകയായിരുന്നു. അപരാജിതമായ അഞ്ചാം വിക്കറ്റില്‍ 106 ബോളില്‍ 139 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു.

ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ ധവാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആറു ബാറ്റര്‍മാരും അഞ്ചു ബൗളര്‍മാരുള്‍പ്പെട്ടതാണ് ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍. യുവതാരം റുതുരാജ് ഗെയ്ക്വാദും സ്പിന്നര്‍ രവി ബിഷ്‌നോയിയും ഈ മല്‍സരത്തിലൂടെ ഇന്ത്യക്കായി അരങ്ങേറി. സഞ്ജു സാംസണും ഇഷാന്‍ കിഷനും ടീമിലുണ്ട്. വിക്കറ്റ് കാത്തത് സഞ്ജുവാണ്. മഴയെത്തുടര്‍ന്ന് രണ്ടു മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മല്‍സരം ഒന്നര മണിക്കൂറിലേറെ വൈകിയാണ് തുടങ്ങിയത്.

5

പ്ലെയിങ് ഇലവന്‍

ഇന്ത്യ- ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌നോയ്, മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍.

സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ജന്നെമന്‍ മലാന്‍, ടെംബ ബവുമ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, ഹെന്റിച്ച് ക്ലാസെന്‍, ഡേവിഡ് മില്ലര്‍, വെയ്ന്‍ പാര്‍നല്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുംഗി എന്‍ഗിഡി, തബ്രെയ്‌സ് ഷാംസി.

Story first published: Thursday, October 6, 2022, 23:02 [IST]
Other articles published on Oct 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+