മുംബൈ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന, ടി20 പരമ്പര വരാനിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20, ഏകദിന പരമ്പരയില്‍ ഇന്ത്യ ശക്തമായ ടീമിനെത്തന്നെയാവും കളത്തിലിറക്കുക. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം ഇന്ത്യയുടെ ടി20 ടീമിന്റെ പ്രകടനം വളരെ മികച്ചതാണ്. ശ്രീലങ്കയേയും ബംഗ്ലാദേശിനേയുമെല്ലാം തല്ലിത്തകര്‍ത്ത ഇന്ത്യക്ക് ഇതേ മികവ് ദക്ഷിണാഫ്രിക്കയിലും ആവര്‍ത്തിക്കാനാവുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
ദക്ഷിണാഫ്രിക്കയില്‍ വിക്കറ്റ് കീപ്പര്‍ റോളില്‍ സഞ്ജു സാംസണ്‍ ഉണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇഷാന്‍ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെട്ടതോടെ താരം ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. റിഷഭ് പന്തിന് ഇന്ത്യ വിശ്രമം അനുവദിക്കുകയും ചെയ്യും. ഗംഭീര്‍ വന്ന ശേഷമാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരം ലഭിക്കുന്നത്. ഇപ്പോഴിതാ ഗംഭീറും സൂര്യയുമായുള്ള സൗഹൃദത്തെക്കുറിച്ച് സഞ്ജു തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.
ഗംഭീര്‍ എന്റെ കഴിവുകളെ വിശ്വസിക്കുന്നു
പരിശീലകനും താരവും തമ്മില്‍ നല്ല ബന്ധം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പരിശീലകന്‍ നമ്മളെ വിശ്വസിക്കുന്നതും അതിനോട് തിരിച്ച് നീതികാട്ടാന്‍ മികച്ച പ്രകടനം നടത്തുന്നതും ടീമിനാണ് ഗുണം ചെയ്യുന്നത്. ഹൈദരാബാദില്‍ ഗൗതി ഭായിക്കായി തിളങ്ങണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. എന്നെ വിശ്വസിക്കുകയും എനിക്ക് അവസരങ്ങള്‍ നല്‍കുകയും ചെയ്ത അദ്ദേഹത്തെ നിരാശപ്പെടുത്തരുതെന്ന് ആഗ്രഹിച്ചിരുന്നു.
ബംഗ്ലാദേശിനെതിരേ ആദ്യ രണ്ട് മത്സരത്തിലും എനിക്ക് പ്രതീക്ഷിച്ചപോലെ മികച്ച പ്രകടനം നടത്താനായില്ല. അതിന് ശേഷം അദ്ദേഹത്തിന്റെ മുന്നില്‍ നിന്ന് ഒഴിഞ്ഞ് മാറിയാണ് നടന്നത്. അപ്പോഴും എന്റെ സമയം വരുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. സെഞ്ച്വറി നേടിയപ്പോള്‍ പരിശീലകന്‍ കൈയടിക്കുന്നത് കണ്ട് വളരെ അഭിമാനം തോന്നി. മറ്റ് പരിശീലകര്‍ നല്‍കിയതിനെക്കാള്‍ എന്നെ അദ്ദേഹം വിശ്വസിക്കുകയും പിന്തുണക്കുകയും ചെയ്യുന്നുണ്ട്' സഞ്ജു പറഞ്ഞു.
സഞ്ജുവിന്റെ പ്രതിഭയെ നേരത്തെ തന്നെ പിന്തുണച്ചിട്ടുള്ളയാളാണ് ഗംഭീര്‍. പരിശീലകനായപ്പോള്‍ സഞ്ജുവിന് കൂടുതല്‍ അവസരം നല്‍കാന്‍ ഗംഭീര്‍ തയ്യാറാവുന്നത് അവന്റെ പ്രതിഭ കൃത്യമായി മനസിലാക്കിയതുകൊണ്ടാണ്. അത് മുതലാക്കാന്‍ ഇപ്പോള്‍ സഞ്ജുവിന് സാധിക്കുന്നുണ്ടെന്ന് തന്നെ പറയാം.

സൂര്യകുമാര്‍ യാദവിനോട് വളരെ ബഹുമാനം
സൂര്യകുമാര്‍ യാദവും സഞ്ജു സാംസണും തമ്മില്‍ വലിയ സൗഹൃദമുണ്ട്. ഇരുവരും തമ്മിലുള്ള സൗഹൃദം സഞ്ജുവിന് കൂടുതല്‍ അവസരം ലഭിക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. സൂര്യകുമാര്‍ യാദവിനോട് തനിക്ക് സൗഹൃദത്തെക്കാളുപരി ബഹുമാനമാണെന്നാണ് സഞ്ജു പറയുന്നത്. 'എത്ര പേര്‍ക്ക് ഇത് അറിയാമെന്ന് എനിക്കറിയില്ല. ഞാനും സൂര്യകുമാറും ജൂനിയര്‍ തലത്തില്‍ നിരവധി മത്സരങ്ങള്‍ ഒന്നിച്ച് കളിച്ചിട്ടുള്ളവരാണ്. അവിടെ നിന്ന് ഇപ്പോള്‍ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു.
ഞങ്ങള്‍ ഒരുമിച്ച് ബിപിസിഎല്ലില്‍ കളിച്ചിട്ടുണ്ട്. ക്രിക്കറ്റിനെക്കുറിച്ച് ഒരുമിച്ച് സംസാരിക്കാനും ഒപ്പമിരിക്കാനും ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നേരത്തെ തന്നെ സൂര്യകുമാറുമായി സൗഹൃദമുണ്ട്. അവന്റെ പ്രതിഭയെക്കുറിച്ചും കഠിനാധ്വാനത്തെക്കുറിച്ചും എനിക്ക് നന്നായി അറിയാം. ഇന്നത്തെ നിലയിലേക്കെത്താന്‍ അവന്‍ നടത്തിയ കഷ്ടപ്പാടിനെക്കുറിച്ച് എനിക്കറിയാം. അവന്‍ നേടിയെടുത്ത റെക്കോഡുകള്‍ നോക്കുമ്പോള്‍ വളരെ ബഹുമാനം തോന്നാറുണ്ട്.
ഇന്ന് രാജ്യത്തെ നയിക്കാന്‍ അവന് സാധിച്ചിരിക്കുന്നു. അവന്‍ എങ്ങനെയാണ് ടി20യില്‍ ഇത്ര സ്ഥിരതയോടെ കളിക്കുന്നതെന്ന് കണ്ട് പഠിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. തുറന്ന് പറയുന്ന സുഹൃത്താണവന്‍. നിരവധി കാര്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്' സഞ്ജു പറഞ്ഞു.
സഞ്ജു ടെസ്റ്റ് കളിക്കുമോ?
സഞ്ജു ടെസ്റ്റ് കളിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഗൗതം ഗംഭീറും രോഹിത് ശര്‍മയും ഇത് സംബന്ധിച്ച സൂചന അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ സഞ്ജുവിന് ഫോം തെളിയിക്കേണ്ടത് അത്യാവശ്യമാണ്. രഞ്ജി ട്രോഫിയടക്കം കളിച്ച് മികവ് കാട്ടാനാവാത്ത പക്ഷം സഞ്ജുവിന് ടെസ്റ്റ് കളിക്കുക പ്രയാസമായിരിക്കുമെന്ന് പറയാം. എന്തായാലും ഇപ്പോള്‍ ലഭിക്കുന്ന പിന്തുണ സഞ്ജുവിന് മുതലാക്കാനായാല്‍ തുടര്‍ അസരങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുമെന്നുറപ്പാണ്.