IND vs SA: പരിഭവങ്ങളും പരാതിയുമില്ല, തഴയപ്പെടുമ്പോള്‍ അത് ചെയ്യും! തുറന്ന് പറഞ്ഞ് സഞ്ജു
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സജീവ സാന്നിധ്യമല്ലെങ്കിലും ആരാധകരുടെ പ്രിയപ്പെട്ട താരമാണ് സഞ്ജു സാംസണ്‍. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി അവസരമില്ല. പ്രതിഭാശാലിയെന്ന് വാഴ്ത്തപ്പെടുമ്പോഴും വേണ്ടത്ര പിന്തുണയോ അവസരമോ സഞ്ജുവിനില്ല. അവസാന ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും ഏകദിന ലോകകപ്പില്‍ നിന്നും സഞ്ജു സാംസണെ ഇന്ത്യ തഴഞ്ഞിരുന്നു. ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു കസറിയിരുന്നു.
മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ ഇന്ത്യയുടെ മാച്ച് വിന്നറാവാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. ഇതോടെ വിമര്‍ശിച്ചവര്‍ പോലും സഞ്ജുവിനെ പ്രശംസിക്കുകയാണ്. ഇപ്പോഴിതാ തഴയപ്പെടലുകളിലും ഒഴിവാക്കലുകളിലും പരിഭവമോ പരാതിയോ ഇല്ലെന്നും ഇത്തരം കാര്യങ്ങളെ എങ്ങനെയാണ് മറികടക്കുന്നതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍. 'ഇന്ത്യന്‍ താരമായിരിക്കുമ്പോള്‍ നിരവധി സമ്മര്‍ദ്ദം നേരിടേണ്ടതായി വരും.
കളത്തിനകത്തും പുറത്തും മാധ്യമങ്ങളുടെ സമ്മര്‍ദ്ദവുമുണ്ടാവും. നിലവിലെ സാഹചര്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നത് വളരെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കാനാണ് ആഗ്രഹിക്കുന്നത്, ആളുകള്‍ക്ക് വ്യത്യസ്തതരം അഭിപ്രായങ്ങളുണ്ടാവും. ഇതെല്ലാം ഉണ്ടാകുന്നത് പ്രകടനം മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ്. എന്റെ കരിയറിലെ താഴ്ച്ചകളിലും ഒഴിവാക്കലുകളിലും പരിഭവങ്ങളോ പരാതികളോ ഇല്ല.
ആരെങ്കിലും ഇടപെട്ട് എന്നെ തഴഞ്ഞതാണെന്ന് ആരോടും പറഞ്ഞിട്ടില്ല. ഇത്തരം പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ ഞാന്‍ എന്നിലേക്ക് തന്നെ നോക്കാനാണ് ശ്രമിക്കുന്നത്. എനിക്ക് എന്താണ് മെച്ചപ്പെടുത്താന്‍ സാധിക്കുന്നതെന്ന് ചിന്തിക്കും. ആവശ്യത്തിന് ക്ഷമയോടെയല്ലേ കളിക്കുന്നത്, അര്‍ഹതപ്പെട്ടതുകൊണ്ടല്ലെ കളിക്കുന്നത് എന്നിങ്ങനെയെല്ലാം സ്വന്തം ചോദിക്കും. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി വളരെയധികം കഠിനാധ്വാനം ചെയ്തു.

നിയന്ത്രിക്കാന്‍ സാധിക്കുന്ന കാര്യത്തെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. അതിനെ എത്രത്തോളം മുതലാക്കാന്‍ സാധിക്കുമെന്നാണ് ചിന്തിക്കുന്നത്'- ബിസിസിഐ പങ്കുവെച്ച വീഡിയോയില്‍ സഞ്ജു പറഞ്ഞു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഇന്ത്യന്‍ ടീമിലേക്കെത്തിയ സഞ്ജുവിന് തുടര്‍ച്ചയായി അഞ്ച് മത്സരത്തില്‍ പോലും അവസരം നല്‍കിയിട്ടില്ല. ഇഷാന്‍ കിഷന്‍, റിഷഭ് പന്ത് എന്നിവര്‍ക്കെല്ലാം വലിയ പിന്തുണ ടീം മാനേജ്‌മെന്റ് നല്‍കി.
എന്നാല്‍ സഞ്ജുവിനെ മാത്രം പിന്തുണച്ചില്ലെന്നതാണ് വസ്തുത. ആരാധക പ്രതിഷേധം ശക്തമാവുമ്പോള്‍ ഒന്നോ രണ്ടോ മത്സരത്തില്‍ മാത്രം അവസരം നല്‍കുകയും പിന്നീട് തഴയപ്പെടുകയും ചെയ്തു. സഞ്ജുവിന്റെ കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലൂടെയാണ് പിറന്നത്. ആവശ്യത്തിന് പിന്തുണ നല്‍കിയാല്‍ പരിമിത ഓവറില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ള താരമാണ് സഞ്ജു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലെ സെഞ്ച്വറി പ്രകടനത്തോടെ സഞ്ജു സാംസണ് കൂടുതല്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ടി20 ലോകകപ്പാണ് അടുത്തതായി വരാനിരിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ടി20 ടീമിന് പുറത്താണ് സഞ്ജുവുള്ളത്. തിരിച്ചുവരവും പ്രയാസമാണ്. എന്നാല്‍ ഏകദിന ടീമില്‍ സഞ്ജു കൂടുതല്‍ അവസരം അര്‍ഹിക്കുന്നു. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലും ഏകദിന ലോകകപ്പിലും സഞ്ജു ഇന്ത്യക്കായി കളിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications