അഹമ്മദാബാദ്: ശുഭ്മന്‍ ഗില്ലിന്റെ അഭാവത്തില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യാന്‍ ലഭിച്ച അവസരം മുതലാക്കിയിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. വളരെ ഇംപാക്ടുണ്ടാക്കുന്ന ഇന്നിങ്‌സ് കളിച്ചാണ് അദ്ദേഹം ക്രീസ് വിട്ടത്. 22 ബോളില്‍ 37 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. നാലു ഫോറും രണ്ടു സിക്‌സറും ഇതിലുള്‍പ്പെടും. 168.18 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റോടെയാണിത്.
ഈ കളിയിലെ ഫോം പരിഗണിക്കുമ്പോള്‍ സഞ്ജു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ഉറപ്പായും നേടുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ ഫിഫ്റ്റിക്കു 17 റണ്‍സകലെ അദ്ദേഹം പുറത്താവുകയായിരുന്നു.
ഇടംകൈയന്‍ സ്പിന്നര്‍ ജോര്‍ജ് ലിന്‍ഡെയാണ് സഞ്ജുവിനെ ക്ലീന്‍ ബൗള്‍ഡാക്കാക്കിയത്. എന്നാല്‍ ബാറ്റിങില്‍ അദ്ദേഹത്തിന്റെ താളം തെറ്റിച്ചത് കളിക്കിടെയുണ്ടായ ഒരു സംഭവമാണ്. ഇതു എന്താണെന്നു നോക്കാം.

സഞ്ജു വീണതെങ്ങനെ?
അഹമ്മാബാദില്‍ ടോസ് നഷ്ടപ്പെട്ട് ബാ്റ്റിങിനു അയക്കപ്പെട്ട ഇന്ത്യക്കു ആഗ്രഹിച്ച തുടക്കമാണ് സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ഓപ്പണിങ് ജോടി നല്‍കിയത്. ആദ്യ വിക്കറ്റില്‍ 63 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഈ സഖ്യത്തിനു കഴിഞ്ഞു. വെറും 34 ബോളുകളിലാണിത്.
ആറാം ഓവറില്‍ അഭിഷേകിനെ കോര്‍ബിന്‍ ബോഷ് പുറത്താക്കിയതോടെയാണ് ഈ ജോടി വേര്‍പിരിഞ്ഞത്. തുടര്‍ന്ന് തിലക് വര്‍മയാണ് വണ്‍ഡൗണായി ക്രീസിലെത്തിയത്. തിലകിനൊപ്പം മറ്റൊരു മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സഞ്ജുവിനു കഴിഞ്ഞു. 21 ബോളില്‍ 34 റണ്‍സോടെ ഈ ജോടി മുന്നേറവെയാണ് സഞ്ജുവിന്റെ അപ്രതീക്ഷിത പുറത്താവല്‍.
എട്ടാം ഓവറിലാണ് ലിന്‍ഡെയെ സൗത്താഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം ബൗളിങില്‍ കൊണ്ടുവന്നത്. അവക്കായി അതു വരെ പന്തെറിഞ്ഞ മറ്റു ബൗളര്‍മാരെ അപേക്ഷിച്ച് ഏറ്റവും നനന്നായി പന്തെറിഞ്ഞതും അദ്ദേഹമാണ്. ഈ ഓവറിലെ ആദ്യ അഞ്ചു ബോൡല്‍ മൂന്നു സിംഗിള്‍ മാത്രമേ ലിന്‍ഡെ വഴങ്ങിയുള്ളൂ. എന്നാല്‍ അവസാന ബോളില്‍ സിക്‌സറുമായി സഞ്ജു ഇതിന്റെ ക്ഷീണം തീര്‍ത്തു.
ഒമ്പതാം ഓവര്‍ മറ്റൊരു സ്ലോ ബൗളറായ ഡൊണോവന്‍ ഫെരേരയ്ക്കായിരുന്നു. ആദ്യ രണ്ടു ബോളിലും ഫോറടിച്ചാണ് തിലക് തുടങ്ങിയത്. അടുത്ത ബോളില്‍ സിംഗിള്‍. നാലാമത്തെ ബോള്‍ നേരിട്ടത് സഞ്ജുവാണ്. കിടിലനൊരു സ്‌ട്രെയ്റ്റ് ഷോട്ടാണ് അദ്ദേഹം കളിച്ചത്. ഇതു ഫെരേരയുടെ കൈയില്‍ തട്ടി ദിശ മാറി മറുവശത്തുണ്ടായിരുന്ന അംപയര്‍ രോഹന്‍ പണ്ഡിറ്റിന്റെ കാല്‍മുട്ടിലാണ് പതിച്ചത്.
വേദന കാരണം പുളഞ്ഞ അദ്ദേഹം നിലത്തു വീണതോടെ ആദ്യം സൗത്താഫ്രിക്കയുടെയും പിന്നാലെ ഇന്ത്യയുയെയും ടീം ഫിസിയോ ഗ്രൗണ്ടിലെത്തി പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് സഞ്ജു അരികിലെത്തി ക്ഷമ ചോദിക്കുന്നതും കാണാമായിരുന്നു.

ഇതോടെ കുറച്ചു മിനിറ്റുകള്‍ കളി തടസ്സപ്പെടുകയും ചെയ്തു. അംപയറുടെ കാലില്‍ തട്ടിയില്ലായിരുന്നെങ്കില്‍ ഉറപ്പായും ബൗണ്ടറി ആവേണ്ടിയിരുന്ന ഷോട്ടായിരുന്നു അത്. അത്ര മാത്രം പവര്‍ഫുളായിരുന്നു സഞ്ജുവിന്റെ ആ ഷോട്ട്. അദ്ദേഹം മികച്ച താളത്തില്‍ ബാറ്റ് വീശവെയായിരുന്നു കളിയില്‍ ഈ അപ്രതീക്ഷിത ബ്രേക്ക് വരുന്നത്.
ഇതു സഞ്ജുവിന്റെ അതുവരെയുള്ള താളവും തെറ്റിക്കുകയായിരുന്നു. അംപയര്‍ പണിറ്റ് അല്‍പ്പ സമയത്തെ ചികില്‍സയ്ക്കു ശേഷം ഓക്കയെന്നു അറിയിച്ചതോടെ കളി പുനരാരംഭിക്കുകയുമായിരുന്നു. ഇതിനു ശേഷം ഈ ഓവറിലെ ശേഷിച്ച രണ്ടു ബോളില്‍ തിലകും സഞ്ജുവും ഓരോ സിംഗിള്‍ വീതമാണ് നേടിയത്.
ലിന്‍ഡെയെറിഞ്ഞ അടുത്ത ബോളിലെ ആദ്യ ബോൡ സഞ്ജുവിന്റെ വിക്കറ്റും തെറിക്കുകയായിരുന്നു. സ്റ്റംപില്‍ നിന്നും ഒഴിഞ്ഞു മാറിയൊരു ഷോട്ടിനാണ് അദ്ദഹം തുനിഞ്ഞത്. പക്ഷെ ബോളിന്റെ ലൈന്‍ പൂര്‍ണമായി മിസ്സായി. ഇതോടെ നേരെ വിക്കറ്റുകളിലും പതിച്ചതോടെ കടുത്ത നിരാശയില്‍ സഞ്ജു ക്രീസ് വിടുകയുമായിരുന്നു.