ഡര്‍ബന്‍: ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള നാലു ടി20കളുടെ പരമ്പര അടുത്ത മാസം നടക്കാനിരിക്കുകയാണ്. നവംബര്‍ എട്ടിനു ഡര്‍ബനിലാണ് ആദ്യ പോരാട്ടം. വിജയത്തോടെ തന്നെ ദൈര്‍ഘ്യമേറിയ പരമ്പരയ്ക്കു തുടക്കം കുറിക്കാനായിരിക്കും ഇന്ത്യയുടെയും സൗത്താഫ്രിക്കയുടെയും ലക്ഷ്യം. സൂര്യകുമാര്‍ യാദവ് സ്ഥിരം ക്യാപ്റ്റനായതിനു ശേഷം തുടര്‍ച്ചയായി ആറു ടി20കളില്‍ ജയിച്ച് മുന്നേറുകയാണ് ടീം ഇന്ത്യ. ഈ കുതിപ്പ് സൗത്താഫ്രിക്കയില്‍ അവസാനിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായി രണ്ടാമത്തെ പരമ്പരയിലും ടീമിന്റെ വിക്കറ്റ് കീപ്പിങ്, ഓപ്പണിങ് റോള്‍ ഏറ്റെടുക്കാന്‍ തയ്യാറായിക്കഴിഞ്ഞു. യുവതാരം അഭിഷേക് ശര്‍മയായിരിക്കും അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളി. എന്നാല്‍ ആദ്യ ടി20യില്‍ സഞ്ജു ഡെക്കായി മടങ്ങുമോയെന്ന ഭീതിയിലാണ് ആരാധകര്‍. ഇതിനു പിന്നിലെ കാരണമറിയാം.

വില്ലനായി സെഞ്ച്വറി?
സൗത്താഫ്രിക്കയുമായുള്ള ആദ്യത്തെ ടി20 മല്‍സരത്തിനു മുമ്പ് സഞ്ജു സാംസണിനു വില്ലനായി മാറുന്നത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവസാനമായി കുറിച്ച സെഞ്ച്വറിയാണ്. ബംഗ്ലാദേശുമായുള്ള കഴിഞ്ഞ പരമ്പരയില്‍ ഹൈദരാബാദില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും കളിയിലാണ് അദ്ദേഹത്തിന്റെ സെഞ്ച്വറി നേട്ടം.
അന്നു 47 ബോളില്‍ സഞ്ജു വാരിക്കൂട്ടിയത് 111 റണ്‍സാണ്. ടി20യില്‍ അദ്ദേഹത്തിന്റെ കന്നി സെഞ്ച്വറിയും കൂടിയാണിത്. അതിനു ശേഷം സഞ്ജു കളിക്കുന്ന ആദ്യ മല്‍സരം കൂടിയാണ് സൗത്താഫ്രിക്കയുമായുള്ള ആദ്യ ടി20. ഇതു തന്നെയാണ് ആരാധകരുടെ ആശങ്കയ്ക്കു പ്രധാന കാരണം.
നേരത്തേ സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റില്‍ കന്നി സെഞ്ച്വറി നേടിയ ശേഷം തൊട്ടടുത്ത കളിയില്‍ ഗോള്‍ഡന്‍ ഡെക്കായിരുന്നു. വീണ്ടും അത്തരമൊരു ദുരന്തം സംഭവിക്കുമോയെന്നതാണ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21നു സൗത്താഫ്രിക്കയിലെ പാളില്‍ നടന്ന ഏകദിനത്തിലായിരുന്നു സഞ്ജു കന്നി ഏകദിന സെഞ്ച്വറി കുറിച്ചത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ അവസാനത്തെ കളിയിലായിരുന്നു ഇത്. അന്നു മൂന്നാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 114 ബോളില്‍ ആറു ഫോറും മൂന്നു സിക്‌സറുമടക്കം 108 റണ്‍സുമായാണ് മിന്നിച്ചത്.
അതിനു ശേഷം സഞ്ജു ഇന്ത്യക്കായി അടുത്ത മല്‍സരം കളിക്കുന്നത് ഈ വര്‍ഷം ജനുവരിയിലാണ്. അഫ്ഗാനിസ്താനുമായി നാട്ടില്‍ നടന്ന മൂന്നു ടി20കളുടെ പരമ്പരയില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ആദ്യ രണ്ടു കളിയിലും ജിതേഷ് ശര്‍മയെയാണ് ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി ഇന്ത്യ കളിപ്പിച്ചത്. അവസാന മല്‍സരത്തിലാണ് സഞ്ജുവിനു ടീമിലേക്കു വിളിയെത്തിയത്.
സൗത്താഫ്രിക്കന്‍ മണ്ണിലെ ഗംഭീര സെഞ്ച്വറിക്കു ശേഷം അദ്ദേഹം ആദ്യമായി കളിച്ച മല്‍സരമെന്ന നിലയില്‍ ആരാധകരുടെ പ്രതീക്ഷകളും വാനോളമായിരുന്നു. പക്ഷെ ഈ കളിയില്‍ സഞ്ജു വന്‍ ദുരന്തമായി മാറുകയാണ് ചെയ്തത്. അഞ്ചാമനായി ഇറങ്ങിയ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കാവുകയായിരുന്നു. ഇനി സൗത്താഫ്രിക്കയിലും ഇതേ ചരിത്രം ആവര്‍ത്തിക്കുമോയെന്നതാണ് ആരാധകരെ ആശങ്കപ്പെടുത്തുന്ന കാര്യം.

നാലു മല്‍സരവും കളിക്കും
സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പര സഞ്ജു സാംസണിനെ സംബന്ധിച്ച് ഇന്ത്യന്‍ ടീമിലെ രണ്ടു റോളുകള്‍ തന്റെ പേരില്‍ ഭദ്രമാക്കാനുള്ള സുവര്‍ണാവസരം കൂടിയാണ്. ഒന്ന് ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറെന്ന റോളാണെങ്കില്‍ മറ്റൊന്ന് ഓപ്പണിങ് സ്ഥാനവുമാണ്. സഞ്ജുവിനെപ്പോലെ വളരെ അഗ്രസീവായിട്ടുള്ള ഒരു ഓപ്പണിങ് ബാറ്ററെയാണ് ടി20യില്‍ ഇന്ത്യക്കു ആവശ്യം.
നിലവിലെ ടി20 ഓപ്പണര്‍മാരില്‍ യശസ്വി ജയ്‌സ്വാള്‍ ഈ റോളിലേക്കു പെര്‍ഫെക്ടാണ്. പക്ഷെ മറ്റൊരു ഓപ്പണറായ ശുഭ്മന്‍ ഗില്ലിന്റെ പ്രകടനം ചോദ്യചിഹ്നമാണ്. ടി20ക്കു അനുയോജ്യമായ സ്‌ട്രൈക്ക് റേറ്റല്ല അദ്ദേഹത്തിന്റേത്. അതുകൊണ്ടു തന്നെ ഗില്ലിന്റെ സ്ഥാനം സഞ്ജുവിനു കൈക്കലാക്കാന്‍ സാധിക്കും. സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ രണ്ടോ, മൂന്നോ തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിക്കാനായാല്‍ അദ്ദേഹത്തിനു ടീമില്‍ സ്ഥാനം ഭദ്രമാക്കാം.