മുംബൈ: ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ടി20 പരമ്പര അവസാനിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ കൈയടി നേടുന്നത് മലയാളി താരമായ സഞ്ജു സാംസണാണ്. ആദ്യ മത്സരത്തില്‍ 29 റണ്‍സിനും രണ്ടാം മത്സരത്തില്‍ 10 റണ്‍സിനും പുറത്തായ സഞ്ജു മൂന്നാം മത്സരത്തില്‍ 111 റണ്‍സോടെയാണ് കത്തിക്കയറിയത്. ഒരോവറില്‍ നാല് തുടര്‍ ബൗണ്ടറികളും അഞ്ച് തുടര്‍ സിക്‌സുകളും ഉള്‍പ്പെടെ സഞ്ജുവിന്റെ ബാറ്റിങ് വെടിക്കെട്ടാണ് ഹൈദരാബാദില്‍ കണ്ടത്.
ഗൗതം ഗംഭീര്‍ ഓപ്പണര്‍ റോളില്‍ സഞ്ജുവിനെ പിന്തുണച്ചതോടെ വലിയ സ്‌കോറിലേക്കുയരാന്‍ സഞ്ജുവിന് സാധിക്കുകയായിരുന്നു. സാധാരണയായി സഞ്ജുവിന് ഇടക്ക് ഒരു അവസരം ലഭിക്കുമെങ്കിലും മികവ് കാട്ടാന്‍ തുടര്‍ച്ചയായൊരു അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ഗൗതം ഗംഭീര്‍ പരിശീലകനായപ്പോള്‍ സഞ്ജുവിന് തുടര്‍ച്ചയായി അവസരം ലഭിക്കുകയും സഞ്ജു ഈ അവസരം മുതലാക്കുകയും ചെയ്യുകയായിരുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍സിയിലേക്ക് സഞ്ജു ഉയര്‍ത്തപ്പെട്ടേക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവരികയാണ്.
ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ വൈസ് ക്യാപ്റ്റന്‍
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന, ടി20 പരമ്പരകള്‍ വരികയാണ്. അവസാന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഏകദിന സെഞ്ച്വറിയടക്കം നേടി സഞ്ജു സാംസണ്‍ മിന്നിച്ചിരുന്നു. എന്നാല്‍ ഗൗതം ഗംഭീറിന്റെ ഏകദിന പദ്ധതികളില്‍ സഞ്ജുവിന് സ്ഥാനം ലഭിച്ചിരുന്നില്ല. എന്നാല്‍ ടി20 ടീമില്‍ സഞ്ജുവിന് നിര്‍ണ്ണായക റോളുണ്ടെന്ന് തന്നെ പറയാം. ഗംഭീര്‍ സഞ്ജുവിനെ ഓപ്പണറായി ദക്ഷിണാഫ്രിക്കയിലും പിന്തുണക്കുമെന്നുറപ്പാണ്.
ഇതോടൊപ്പം സൂര്യകുമാര്‍ യാദവിന്റ സഹായിയായി വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സഞ്ജു സാംസണ്‍ എത്തിയേക്കുമെന്നാണ് വിവരം. സഞ്ജു ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ്. ഫൈനലിലേക്കടക്കം രാജസ്ഥാനെയെത്തിക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ താരസമ്പന്നമായ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ റോളിലേക്ക് ഒരിക്കല്‍ പോലും സഞ്ജു പരിഗണിക്കപ്പെട്ടില്ല. എന്നാല്‍ ഇപ്പോള്‍ അതിന് വഴി തുറക്കുകയാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഗംഭീറിന്റെ വിശ്വസ്തനായി സഞ്ജു
ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ ഏറ്റവും വിശ്വസ്തനായ താരങ്ങളിലൊരാളായി സഞ്ജു സാംസണ്‍ മാറിയിട്ടുണ്ട്. നായകന്‍ സൂര്യകുമാര്‍ യാദവ് കഴിഞ്ഞാല്‍ ഗംഭീര്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കുന്ന താരങ്ങളിലൊരാള്‍ സഞ്ജു സാംസണാണ്. സൂര്യകുമാര്‍ യാദവുമായും അടുത്ത ബന്ധം കാത്ത് സൂക്ഷിക്കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. ഇരുവരും തമ്മില്‍ അടുത്ത സൗഹൃദമാണുള്ളതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.
അതുകൊണ്ടുതന്നെ സഞ്ജുവിന് വൈസ് ക്യാപ്റ്റന്‍സി നല്‍കുന്നതിനോട് സൂര്യകുമാര്‍ യാദവിനും വലിയ താല്‍പര്യമാണുള്ളതെന്ന് പറയാം. രണ്ട് പേരും തമ്മിലുള്ള മികച്ച ധാരണ ഇന്ത്യക്ക് ഗുണം ചെയ്യുമെന്നുറപ്പാണ്. നായകനെന്ന നിലയില്‍ ഉത്തരവാദിത്തം ലഭിക്കുന്നത് സഞ്ജുവിന്റെ പ്രകടനം മെച്ചപ്പെടുത്തുമെന്ന് രാജസ്ഥാന്‍ റോയല്‍സിലെ പ്രകടനത്തിലൂടെ സഞ്ജു തെളിയിച്ചതാണ്. അതുകൊണ്ടുതന്നെ സഞ്ജു സാംസണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍സി നല്‍കുന്നത് മികച്ച തീരുമാനമായിത്തന്നെ പറയാം.
സഞ്ജുവിന്റെ നല്ല കാലം വരുന്നു
സഞ്ജു സാംസണിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ 9 വര്‍ഷം പിന്നിടുമ്പോള്‍ ഒരു തവണ പോലും സഞ്ജുവിന് ടീമില്‍ സ്ഥാനം ഉറപ്പിച്ചുവെന്ന് തോന്നലുണ്ടാക്കുന്ന പ്രകടനം നടത്താനായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ബംഗ്ലാദേശിനെതിരായ സെഞ്ച്വറി പ്രകടനത്തോടെ സഞ്ജു തന്റെ സ്ഥാനം ഉറപ്പിക്കുകയാണെന്ന് ഏറെക്കുറെ പറയാന്‍ സാധിക്കും. ഗൗതം ഗംഭീര്‍ എന്ന പരിശീലകനും സൂര്യകുമാര്‍ യാദവ് എന്ന ക്യാപ്റ്റനും സഞ്ജുവിനെ വളരെയധികം പിന്തുണക്കുന്നു.
ഇന്ത്യന്‍ ടീമിനൊപ്പം തുടര്‍ അവസരങ്ങള്‍ സഞ്ജുവിന് ലഭിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സഞ്ജു സാംസണിന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൂടെയാണ് ടീം കടന്ന് പോകുന്നതെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. എന്തായാലും ഗംഭീര്‍ പരിശീലകനായി ഇരിക്കുന്നിടത്തോളം സഞ്ജുവിന് വലിയ അവസരങ്ങള്‍ പ്രതീക്ഷിക്കാം.