സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റമാവശ്യപ്പെട്ട് മുന്‍ മധ്യനിര ബാറ്റര്‍ മുഹമ്മദ് കൈഫ്. ഓപ്പണര്‍ റോളില്‍ തുടരെ ഫ്‌ളോപ്പായി കൊണ്ടിരിക്കുന്ന ശുഭ്മന്‍ ഗില്ലിനെ മാറ്റിയാല്‍ എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിക്കുന്നു. വൈസ് ക്യാപ്റ്റന്‍മാരെ ഒഴിവാക്കിയ ചരിത്രം നേരത്തേയുമുള്ളതാണെന്നും കൈഫ് ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം ഏഷ്യാ കപ്പിലൂടെയാണ് ടി20 ടീമിലേക്കു തിരിച്ചുവിളിക്കപ്പെടുന്നത്. അതിനു ശേഷം ഇതിനകം 14 ടി20കളിലാണ് അദ്ദേഹം ഓപ്പണറായി കളിച്ചിട്ടുള്ളത്. ഇവയില്‍ ഒരു ഫിഫ്റ്റി പോലും നേടാന്‍ താരത്തിനായിട്ടില്ല. സൗത്താഫ്രിക്കയ്‌ക്കെതിരേ ഏറ്റവും അവസാനമായി കളിയില്‍ ഗോള്‍ഡന്‍ ഡെക്കായി ഗില്‍ ക്രീസ് വിടുകയും ചെയ്തു.

സഞ്ജുവിനെ പുകഴ്ത്തി
ടി20യില്‍ ഓപ്പണര്‍ റോളില്‍ തുടരെ ഫ്‌ളോപ്പായി കൊണ്ടിരിക്കുന്ന ശുഭ്മന്‍ ഗില്ലിനെ വിമര്‍ശിച്ച മുഹമ്മദ് കൈഫ് മലയാളി താരം സഞ്ജു സാംസണിനെ പുകഴ്ത്തുകയും സ്വന്തം. ഞായറാഴ്ച ധരംശാലയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടി20ക്കു മുന്നോടിയായി സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുഭ്മന്‍ ഗില്‍ പുറത്തായിക്കൊണ്ടിരിക്കുന്ന രീതികള്‍ നോക്കൂ. സ്ലിപ്പില്‍ ക്യാച്ച് നല്‍കുകയാണ്, ക്രീസിനു പുറത്തേക്കിറങ്ങി കളിച്ച് ടൈമിഭ് പാളുകയാണ്. അഭിഷേത് ശര്‍മയെപ്പോലെ അഗ്രസീവ് ഷോട്ടുകള്‍ക്കു ശ്രമിച്ചാണ് ഗില്‍ ഔട്ടായി കൊണ്ടിരിക്കുന്നത്. ബാറ്റിങില്‍ അവന്‍ എല്ലാം ശ്രമിക്കുന്നുണ്ട്.
ഗില്ലിനു ഒരു ബ്രേക്ക് നല്‍കിയ ശേഷം കഴിവ് തെളിയിച്ച മറ്റുള്ളവരെ പരീക്ഷിക്കാനുള്ള സമയമായെന്നു എനിക്കു തോന്നുന്നു. സഞ്ജു സംസണ്‍ ടോപ് ക്ലാസ് പ്ലെയറാണ്. പക്ഷെ അദ്ദേഹത്തിനു മതിയായ അവസരങ്ങള്‍ ലഭിച്ചിട്ടില്ല.
ഇരട്ടത്താപ്പുകള്‍ പാടില്ല. വൈസ് ക്യാപ്റ്റന്‍മാരെ നേരത്തേയും ഒഴിവാക്കിയിട്ടുണ്ട്. ടീമിന്റെ താല്‍പ്പര്യം പരിഗണിച്ച് ഗില്ലിനു ബ്രേക്ക് നല്‍കുകയം പകരം മറ്റൊരാളെ കൊണ്ടു വരികയും ചെയ്താല്‍ അതില്‍ തെറ്റില്ലെന്നും കൈഫ് വ്യക്തമാക്കി.
മാറ്റത്തിന്റെ സമയം
ഇന്ത്യന്‍ ടി20 ടീമില്‍ ഇപ്പോള്‍ മാറ്റത്തിന്റെ സമയമായെന്നാണ് തനിക്കു തോന്നുന്നതെന്നു മുഹമ്മദ് കൈഫ് പറഞ്ഞു. ടീമില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള സമയമായെന്നാണ് എനിക്കു തോന്നുന്നത്. നിങ്ങള്‍ യശസ്വി ജയ്‌സ്വാളിനെ ടീമില്‍ നിന്നും ഒഴിവാക്കി. സ്ഥിരമായി അവസരങ്ങള്‍ നല്‍കാതെ സഞ്ജു സാംസണിനെ ബെഞ്ചിലിരുത്തുകയും ചെയ്യുന്നു.
ഓപ്പണറുടെ റോളില്‍ നന്നായി സ്‌കോര്‍ ചെയ്തിട്ടുള്ള താരമാണ് സഞ്ജു. അഞ്ചു ടി20കള്‍ക്കിടെ മൂന്നിലും സെഞ്ച്വറിയടിക്കാനും അദ്ദേഹത്തിനായിട്ടുണ്ട്. നേരത്തേ മറ്റൊരാള്‍ക്കും സാധിത്തിട്ടില്ലാത്ത നേട്ടം കൂടിയാണിത്. ചില താരങ്ങള്‍ക്കു ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ വളരെ കുറച്ച് അവസരങ്ങള്‍ മാത്രമേ ലഭിക്കുന്നുള്ളൂ.
എന്നാല്‍ മറ്റു ചിലര്‍ക്കു ടീമിലെ സ്ഥിരം സാന്നിധ്യമാക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഇക്കാര്യം വളരെ വ്യക്തവുമാണ്. പക്ഷെ ഇപ്പോള്‍ സമ്മര്‍ദ്ദം വളരെയേറെ കൂടിയിട്ടുണ്ടെന്നു എനിക്കു തോന്നുന്നു. അതുകൊണ്ടു തന്നെ എവിടെയെങ്കിലും മാറ്റങ്ങളും അനിവാര്യമായിട്ടുണ്ടെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

ഗില്ലിന്റെ പ്രശ്‌നമെന്ത്?
ഇന്ത്യക്കു വേണ്ടി ശുഭ്മന്‍ ഗില്ലിനു ടി20യില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിയാതെ പോവുന്നതിന്റെ പ്രധാന കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുഹമ്മദ് കൈഫ്. ഒരുപാട് ഉത്തരവാദിത്വങ്ങള്‍ ഇപ്പോള്‍ ഗില്ലിനെ തേടിയെത്തിയിരിക്കുകയാണെന്നും അതു പ്രകടനത്തെയും ബാധിച്ചിട്ടുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
ഞാന്‍ നേരത്തേയും ഇകാര്യം പറഞ്ഞിട്ടുള്ളതാണ്. ഒരേ സമയത്തു പല ഉത്തരവാദിത്വങ്ങളും ശുഭ്മന്‍ ഗില്ലിനെ തേടിയെത്തിയിട്ടുണ്ട്. ടെസ്റ്റ് ക്യാപ്റ്റന്‍സി, ഏകദിന ക്യാപ്റ്റന്‍സി, ടി20 വൈസ് ക്യാപ്റ്റന്‍സി എന്നിവയെല്ലാം അവനാണ്. ഇത്രയും ഭാരം ഒരേ സമയത്തു താങ്ങാന്‍ ഒരു കളിക്കാരനും സാധിക്കില്ല. ഉത്തരവാദിത്വങ്ങള്‍ ക്രമേണ നല്‍കേണ്ടവയാണെന്നും കൈഫ് പറയുന്നു.