കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം അഭിമാന നേട്ടങ്ങള്‍ വെട്ടിപ്പിടിച്ച് മുന്നേറുകയാണ് സഞ്ജു സാംസണ്‍. ബംഗ്ലാദേശിനെതിരേ തകര്‍പ്പന്‍ സെഞ്ച്വറി നേടി തുടങ്ങിയ സഞ്ജു ദക്ഷിണാഫ്രിക്കയില്‍ രണ്ട് സെഞ്ച്വറി പ്രകടനങ്ങളോടെ എല്ലാ എതിരാളികളുടേയും ചങ്കിടിപ്പ് ഉയര്‍ത്തിയിരിക്കുകയാണ്. ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനം ലഭിച്ചതോടെ വിശ്വരൂപം കാട്ടി കത്തിക്കയറാന്‍ സഞ്ജുവിന് സാധിച്ചുവെന്ന് പറയാം. ഇന്ത്യന്‍ ടീമിന്റെ ഓപ്പണര്‍ റോളില്‍ സീറ്റുറപ്പിക്കുന്ന പ്രകടനമാണ് സഞ്ജു നടത്തിയിരിക്കുന്നത്.
റിഷഭ് പന്ത് തിരിച്ചെത്തുമ്പോഴും സഞ്ജു ടി20യില്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി തുടരണമെന്ന് പറയുന്നവരാണ് ഇപ്പോള്‍ കൂടുതല്‍. അത്രത്തോളം മികച്ച പ്രകടനമാണ് സമീപകാലത്തായി സഞ്ജു സാംസണ്‍ കാഴ്ചവെക്കുന്നത്. ഇന്ത്യയുടെ പല ഇതിഹാസ വിക്കറ്റ് കീപ്പര്‍മാരേയും മറികടന്ന് മുന്നോട്ട് പോകാന്‍ ഇതിനോടകം സഞ്ജുവിനായിട്ടുണ്ട്. സഞ്ജുവിനെ വിമര്‍ശനങ്ങള്‍ക്കൊണ്ട് തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍ പ്രകടനംകൊണ്ട് കൈയടി നേടുകയാണ് മലയാളി താരം.
ഇപ്പോഴിതാ സഞ്ജു സാംസണെക്കുറിച്ച് 2009ല്‍ ശശി തരൂര്‍ നടത്തിയ പ്രവചനത്തിന്റെ പോസ്റ്റ് വൈറലായിരിക്കുകയാണ്. സഞ്ജു അടുത്ത ധോണിയാണെന്നും ഈ താരത്തെ കരുതിയിരുന്നോളൂ എന്നുമുള്ള തരൂരിന്റെ പോസ്റ്റ് അദ്ദേഹം തന്നെയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
15 വര്‍ഷം മുമ്പേ ഇത് ഞാന്‍ പറഞ്ഞു
സഞ്ജു സാംസണ്‍ അവസാന അഞ്ച് ടി20യില്‍ നിന്ന് നേടിയത് മൂന്ന് സെഞ്ച്വറിയാണ്. ഇതില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ട് സെഞ്ച്വറി അവരുടെ നാട്ടില്‍ നേടിയെന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യ 3-1ന് ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേടിയപ്പോള്‍ ഏറ്റവും ശ്രദ്ധേയ പ്രകടനത്തോടെ വിജയത്തില്‍ നിര്‍ണ്ണായകമാകാന്‍ സഞ്ജുവിന് സാധിച്ചു. സഞ്ജുവിനെ തളര്‍ത്താന്‍ കരിയറിന്റെ തുടക്കം മുതല്‍ പലരും ശ്രമിച്ചിരുന്നെങ്കിലും ഇതിനെയെല്ലാം മറികടന്ന് വളരാന്‍ അദ്ദേഹത്തിനായി.
സഞ്ജുവിന്റെ മൂന്നാം സെഞ്ച്വറിക്ക് പിന്നാലെയാണ് തരൂര്‍ പഴയ പോസ്റ്റ് വെളിപ്പെടുത്തിയത്. 'കേരളത്തിന്റെ രഞ്ജി ടീമിലെ തിരുവന്തപുരംകാരായ രോഹന്‍ പ്രേമിനേയും 15 കാരനായ സഞ്ജു സാംസണേയും (അടുത്ത ധോണി) എല്ലാവരും നോക്കിവെച്ചോളൂ' എന്നായിരുന്നു ശരി തരൂരിന്റെ പഴയ ട്വീറ്റ്. ഇപ്പോള്‍ സഞ്ജു മൂന്നാം സെഞ്ച്വറിയോടെ മിന്നിച്ചതോടെ പഴയ ട്വീറ്റിന്റെ ചിത്രം ഉള്‍പ്പെടെ '15 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങളോട് അങ്ങനെ പറയാന്‍ സാധിച്ചുവെന്നത് എല്ലായ്‌പ്പോഴും അത്ഭുതകരമാണ്' എന്നാണ് തരൂര്‍ കുറിച്ചിരിക്കുന്നത്. തരൂരിന്റെ എക്‌സിലെ പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.

സഞ്ജുവിന് തുടര്‍ അവസരം ലഭിക്കുമോ?
സഞ്ജു സാംസണിന്റെ സമീപകാലത്തെ പ്രകടനങ്ങള്‍ അതി ഗംഭീരമാണ്. എന്നാല്‍ സഞ്ജു സാംസണിന് ഇന്ത്യന്‍ ടീമിനൊപ്പം ഓപ്പണര്‍ റോളില്‍ തുടര്‍ അവസരങ്ങള്‍ ലഭിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് തന്നെ പറയാം. യശ്വസി ജയ്‌സ്വാളും ശുബ്മാന്‍ ഗില്ലും മടങ്ങിയെത്തുമ്പോള്‍ സഞ്ജുവിന് ഓപ്പണര്‍ സ്ഥാനം ഉറപ്പില്ലെന്ന് നായകന്‍ സൂര്യകുമാര്‍ യാദവ് ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു.
സഞ്ജുവിന്റെ പ്രകടനം നോക്കുമ്പോള്‍ അദ്ദേഹം ഓപ്പണിങ് സീറ്റില്‍ അവസരം അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ തുടര്‍ അവസരങ്ങള്‍ നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഗൗതം ഗംഭീറും സൂര്യയും സഞ്ജുവിനെ വളരെയധികം പിന്തുണക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ അടുത്ത നായകനായി പരിഗണിക്കുന്ന ശുബ്മാന്‍ ഗില്ലിനെ മാറ്റിനിര്‍ത്തി സഞ്ജുവിനെ പിന്തുണക്കുകയെന്നത് ടീം മാനേജ്‌മെന്റിന് എളുപ്പമാവില്ല.
സഞ്ജുവിന്റെ സ്ഥിരത പ്രശ്‌നം
അവസാന അഞ്ച് ടി20യില്‍ മൂന്നിലും സെഞ്ച്വറി നേടുമ്പോഴും രണ്ട് മത്സരത്തില്‍ സഞ്ജു സാംസണ്‍ ഡെക്കായിരുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ സ്ഥിരതക്കെതിരേ വലിയ വിമര്‍ശനം ഇതിനോടകം ഉയരുന്നുണ്ട്. സഞ്ജുവിന്റെ സ്ഥിരതയാണ് കരിയറിന്റെ തുടക്കം മുതല്‍ അദ്ദേഹത്തെ പിന്നോട്ടടിക്കുന്ന കാര്യം. എന്തായാലും തനിക്ക് എന്ത് ചെയ്യാനാവുമെന്ന് പ്രകടനംകൊണ്ട് സഞ്ജു തെളിയിച്ചിട്ടുണ്ട്. ടീം മാനേജ്‌മെന്റിന്റെ തീരുമാനം എന്താവുമെന്നത് കണ്ടറിയാം.