ഡര്‍ബന്‍: സഞ്ജു സാംസണ്‍ തുടരെ രണ്ടാം സെഞ്ച്വറിയോടെ കത്തിക്കയറിയപ്പോള്‍ സൗത്താഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ കിടിലന്‍ ജയവുമായി തുടങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. തികച്ചും ഏകപക്ഷീയമായ കളിയില്‍ 61 റണ്‍സിനാണ് സൂര്യകുമാര്‍ യാദവും സംഘവും എതിരാളികളെ വാരിക്കളഞ്ഞത്.
കളി ഇന്ത്യയുടെ വരുതിയിലാക്കാന്‍ സഹായിച്ചത് സഞ്ജുവിന്റെ ഐതിഹാസിക സെഞ്ച്വറി തന്നെയാണ്. വെറും 50 ബോളില്‍ 107 റണ്‍സ് അടുച്ചെടുത്താണ് അദ്ദേഹം പുറത്തായത്. 10 കൂറ്റന്‍ സിക്‌സറുകളും ഏഴു ഫോറുകളുമടക്കമാണിത്. 214 എന്ന അതിശയിപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ടായിരുന്നു.
ഇന്ത്യന്‍ ബാറ്റിങ് നിരയിലെ മറ്റുള്ളവരയെല്ലാം സമര്‍ഥമായി പൂട്ടാന്‍ കഴിഞ്ഞിട്ടും സഞ്ജുവിനെ മാത്രം എന്തുകൊണ്ട് പിടിച്ചുകെട്ടാന്‍ കഴിഞ്ഞില്ലെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് സൗത്താഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഞ്ജുവിനെ തടയുക അസാധ്യം
സഞ്ജു സാംസണിന്റെ മാച്ച് വിന്നിങ് പ്രകടനത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് എയ്ഡന്‍ മാര്‍ക്രം. സഞ്ജു ബീസ്റ്റ് മോഡിലേക്കു മാറിക്കഴിഞ്ഞാല്‍ തടഞ്ഞു നിര്‍ത്തുകയെന്നത് വളരെയധികം കടുപ്പം തന്നെയാണന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യക്കു വേണ്ടി സഞ്ജു സാംസണ്‍ അവിശ്വസനീയമായിട്ടാണ് കളിച്ചത്. ഞങ്ങളുടെ ബൗളര്‍മാരെ അദ്ദേഹം സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. സഞ്ജുവിനെ തളയ്ക്കാനുള്ള ഞങ്ങളുടെ പ്ലാനുകളൊന്നും വിജയം കണ്ടില്ല. പരമ്പരയില്‍ മുന്നോട്ടു പോകവെ കൂടുതല്‍ മെച്ചപ്പെട്ട പ്ലാനുകള്‍ അദ്ദേഹത്തിനെിരേ ഞങ്ങളെ സഹായിക്കും.
സഞ്ജു ആ തരത്തില്‍ ബോളിനെ പ്രഹരിക്കാന്‍ തുടങ്ങിയാല്‍ പിന്നീട് അദ്ദേഹത്തെ തടയുകയെന്നത് ഏറെ കടുപ്പമേറിയ കാര്യമാണ്. നിങ്ങളുടെ തൊപ്പി അദ്ദേഹത്തിലേക്കു മാറ്റേണ്ടി വരുമെന്നും മാര്‍ക്രം വിശദമാക്കി.
ബാറ്റിങ് തീരുമാനം
ആദ്യ ടി20യില്‍ ടോസ് ലഭിച്ച ശേഷം സൗത്താഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡര്‍ബനിലെ പിച്ചില്‍ ആദ്യം ബൗളിങ് തിരഞ്ഞെടുക്കാനുള്ള തീരുമാനം തിരിച്ചടിയായി മാറിയോയെന്നു അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ്.
ഈ മല്‍സരഫലത്തില്‍ ടോസ് വലിയ ഇംപാക്ടുണ്ടാക്കിയിട്ടുണ്ടെന്നു തോന്നിയിട്ടില്ല. രണ്ടു ന്യൂ ബോളുകളും അല്‍പ്പം എക്‌സ്ട്രാ ബൗണ്‍സ് നല്‍കിയിരുന്നു. രണ്ടിന്നിങ്‌സുകളിലും ഇതു സ്ഥിരത പുലര്‍ത്തുകയും ചെയ്തു. പുതിയ ബോള്‍ അല്‍പ്പം കഴിഞ്ഞപ്പോള്‍ വളരെ നന്നായി കളിക്കാന്‍ സാധിക്കുകയും ചെയ്തു. റണ്‍ചേസില്‍ കൂടുതല്‍ മെച്ചപ്പെട്ട തുടക്കം ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ അതുണ്ടായില്ല. അവിടെയാണ് ഗെയിം കൈവിട്ടു പോയതെന്നും മാര്‍ക്രം കൂട്ടിച്ചേര്‍ത്തു.

രണ്ടു പോസിറ്റീവുകള്‍
ആദ്യ ടി20യില്‍ പരാജയത്തോടെ തുടങ്ങേണ്ടി വന്നെങ്കിലും സൗത്താഫ്രിക്കന്‍ ടീമിനെ സംബന്ധിച്ച് രണ്ടു പോസിറ്റീവുകളുണ്ടെന്നു എയ്ഡന്‍ മാര്‍ക്രം പറഞ്ഞു. ഫാസ്റ്റ് ബൗളര്‍മാരായ ജെറാള്‍ഡ് കോട്‌സി, മാര്‍ക്കോ യാന്‍സണ്‍ എന്നിവരുടെ പ്രകടനമാണ് പോസിറ്റീവുകളായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്. കോട്‌സി മൂന്നു വിക്കറ്റുകള്‍ പിഴുതപ്പോള്‍ യാന്‍സണ്‍ ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു.
ഈ മല്‍സരത്തില്‍ ആരൊക്കെയാവും ഡെത്ത് ഓവറുകളില്‍ ബൗള്‍ ചെയ്യുകയെന്നു തീരുമാനിക്കാന്‍ ഞങ്ങള്‍ ഇന്നു ചില ചര്‍ച്ചകള്‍ നടത്തിയിരുന്നു. കോട്‌സി, യാന്‍സണ്‍ എന്നിവരുടെ ഡെത്ത് ഓവറുകളിലെ പ്രകടനത്തില്‍ ഏറെ അഭിമാനമുണ്ട്. ഈ കളിയിലെ രണ്ടു വലിയ പോസിറ്റീവുകള്‍ ഇതാണ്.
അടുത്ത കളിയില്‍ എങ്ങനെ പ്രകടനം മെച്ചപ്പെടുത്താമെന്നു ടീമിലെ ഓരോ താരവും മനസ്സിലാക്കും. നിങ്ങള്‍ക്കു നെറ്റ്‌സില്‍ ഒന്നും ശരിയാക്കാന്‍ സാധിക്കില്ല. അതിനേക്കാള്‍ പ്രധാനം സമീപനവും തന്ത്രപരമായ വീക്ഷണവുമാണെന്നും മാര്‍ക്രം പറഞ്ഞു.
അതേസമയം, നാലു ടി20കളുടെ പരമ്പരയിലെ അടുത്ത മല്‍സരം നാളെ (ഞായര്‍) ക്വെബറയിലെ സെന്റ് ജോര്‍ജസ് പാര്‍ക്കില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി 7.30 മുതലാണ് ഈ മല്‍സരം. ഈ കളിയിലും ജയിക്കാനായാല്‍ പരമ്പര നഷ്ടമാവില്ലെന്നു സൂര്യകുമാര്‍ യാദവിനും സംഘത്തിനും ഉറപ്പിക്കുകയും ചെയ്യാം.