സൗത്താഫ്രിക്കയുമായുള്ള രണ്ടാം ഏകദിനത്തില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായ ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ സൈമണ്‍ ഡൂള്‍. ഇന്ത്യ എട്ടു വിക്കറ്റിന്റെ വന്‍ പരാജയമേറ്റു വാങ്ങിയ മല്‍സരത്തില്‍ അഞ്ചാം നമ്പറിലാണ് സഞ്ജു ബാറ്റ് ചെയ്തത്. പക്ഷെ 23 ബോളില്‍ 12 റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു. ബ്യുറെന്‍ ഹെന്‍ഡ്രിക്‌സിനെതിരേ ഇന്‍സൈഡ് എഡ്ജായ ശേഷം ബൗള്‍ഡായാണ് അദ്ദേഹം ക്രീസ് വിട്ടത്.
ശരീരത്തിനു ഏറെ അകലെ കൂടി പോയ ബോള്‍ എത്തിപ്പിടിക്കാന്‍ ശ്രമിച്ച സഞ്ജുവിനു പിഴയ്ക്കുകയായിരുന്നു. എഡ്ജായ ബോള്‍ നേരെ അകത്തേക്കു വരികയും വിക്കറ്റുകളില്‍ പതിക്കുകയുമായിരുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് സഞ്ജുവിന്റെ പുറത്താവലിനെ ഡൂള്‍ വിമര്‍ശിച്ചത്. ഔട്ടാവാത്ത സാഹചര്യങ്ങളില്‍ സ്വയം പുറത്താവാന്‍ അദ്ദേഹം വഴികള്‍ കണ്ടെത്തുന്നതായും ഡൂള്‍ തുറന്നടിച്ചു.

സഞ്ജു സാംസണിനു തുടര്‍ച്ചയായി ഇന്ത്യക്കൊപ്പം അവസരങ്ങള്‍ കിട്ടുന്നില്ലെന്നതു ശരി തന്നെയാണ്. പക്ഷെ ഈ പരമ്പരയില്‍ തുടരെ അവസരങ്ങള്‍ അവസരങ്ങള്‍ താരത്തിനു ലഭിച്ചുകഴിഞ്ഞു. തികച്ചും സാധാരണ രീതിയിലുള്ള പുറത്താവലായിരുന്നു ഈ കളിയില്‍ സഞ്ജുവിന്റേത്. ഔട്ടാവാന്‍ പാടില്ലാത്ത ചില മയങ്ങളില്‍ പുറത്താവാന്‍ അദ്ദേഹം വഴികള്‍ കണ്ടെത്തുകയാണ്.
ശരീരത്തില്‍ നിന്നും അല്‍പ്പം അകലേക്കു ഷോട്ടുകള്‍ കളിക്കാന്‍ സഞ്ജു ശ്രമിക്കാറുണ്ട്. നമ്മള്‍ ഇതു പലപ്പോഴും കാണുകയും ചെയ്തിട്ടുള്ളതാണ്. ഇന്ത്യയിലേതു പോലെയുള്ള പ്രതലങ്ങളില്‍ ശരീരത്തിനു അകലെക്കൂടി പോവുന്ന ബോളുകള്‍ കളിക്കുന്നതില്‍ കുഴപ്പമില്ല. അവിടെ ബോളിനു അത്ര മൂവ്‌മെന്റുണ്ടാവില്ലെന്നും ഡൂള്‍ നിരീക്ഷിച്ചു.
പക്ഷെ ഇതുപോലെയുള്ള പ്രതലങ്ങളില്‍ ബോളിനു മൂവ്‌മെന്റുണ്ടാാവും. അതുകൊണ്ടു തന്നെ ആ തരത്തിലുള്ള ഷോട്ടുകള്‍ കളിക്കുന്നത് അപകടവുമാണ്. കഴിഞ്ഞ മല്‍സരത്തില്‍ സഞ്ജുവിന്‍റെ ബാറ്റിന്റെ ആംഗിള്‍ 45 ഡിഗ്രിയിലാണെന്നു നിങ്ങള്‍ക്കു കാണാം. അതൊരു ക്ലാസിക്കല്‍ സ്‌ട്രെയ്റ്റ് ബാറ്റ് ഷോട്ടായിരുന്നില്ല. പലപ്പോഴും ഓഫ്സ്റ്റംപിനു പുറത്തേക്കു പോവുന്ന ബോളുകള്‍ കളിക്കാന്‍ ശ്രമിക്കുകയെന്നത് സഞ്ജുവിന്റെ ശീലമാണ്.
ആളുകളെ സഞ്ജു നിരാശരാക്കാനുള്ള കാരണവും ഇതു തന്നെയാണെന്നു ഞാന്‍ കരുതുന്നു. അദ്ദേഹത്തെ അവര്‍ വളരെയധികം ഇഷ്ടപ്പെടുന്നു. സഞ്ജു ഒഴുക്കോടെ ബാറ്റ് ചെയ്യുമ്പോള്‍ കാണാന്‍ ഇതിനേക്കാള്‍ മികച്ച അധികം പേരുമില്ല. നീലക്കുപ്പായത്തില്‍ അതു ഒരുമിച്ച് കൊണ്ടുപോവാന്‍ കഴിയുന്നില്ലെന്നതാണ് സഞ്ജുവിന്റെ പ്രശ്‌നമെന്നും ഡൂള്‍ വിലയിരുത്തി.

ഇന്ത്യന്‍ ടീമില്‍ വലപ്പോഴും മാത്രം വന്നു പോയ്‌ക്കൊണ്ടിരിക്കുന്ന താരമാണെങ്കിലും ടി20യില്‍ 24ഉം ഏകദിനത്തില്‍ 15ഉം മല്‍സരങ്ങളില്‍ സഞ്ജു കളിച്ചുകഴിഞ്ഞു. ടി20യില്‍ സഞ്ജുവിന്റെ നമ്പറുകള്‍ തീര്‍ച്ചും നിരാശാജനകമാണ്. 20ല്‍ താഴെയാണ് ടി20യില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി.
എന്നാല്‍ ഏകദിനത്തല്‍ 50.25 ശരാശരിയും 101 സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. നേരത്തേ 65നു മുകളില്‍ ശരാശരി അദ്ദേഹത്തിനു ഏകദിനത്തിലുണ്ടായിരുന്നു. എന്നാല്‍ സമീപ കാലത്തെ ചില മോശം പ്രകടനങ്ങള്‍ ശരാശരിയില്‍ ഇടിവുണ്ടാക്കുകയായിരുന്നു.
വലിയൊരു ഇടവേളയ്ക്കു ശേഷം ഇന്ത്യക്കു വേണ്ടി സഞ്ജു ബാറ്റ് ചെയ്ത മല്‍സരം കൂടിയായിരുന്നു സൗത്താഫ്രിക്കയുമായുള്ള രണ്ടാമങ്കം. ആഗസ്റ്റില്‍ അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പരയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. അതിനു ശേഷം ഏഷ്യാ കപ്പ്, ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര, ഏകദിന ലോകകപ്പ്, ഓസ്‌ട്രേലിയയുമായുള്ള ടി20 പരമ്പര, സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര എന്നിവയിലെല്ലാം സഞ്ജു തഴയപ്പെടുകയായിരുന്നു.