സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ 11 റണ്‍സിന്റെ ജയം നേടിയെടുത്തിരിക്കുകയാണ് ഇന്ത്യ. റണ്ണൊഴുകിയ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റിന് 219 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ആതിഥേയര്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. ഇന്ത്യക്കായി തിലക് വര്‍മ (107) സെഞ്ച്വറിയോടെ പുറത്താവാതെ നിന്നപ്പോള്‍ അഭിഷേക് ശര്‍മ (50) അര്‍ധ സെഞ്ച്വറിയും നേടി. ജയത്തോടെ നാല് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തുകയും ചെയ്തു.
എന്നാല്‍ ഇന്ത്യയുടെ ജയത്തിനിടയിലും ആരാധകരെ നിരാശപ്പെടുത്തുന്നത് സഞ്ജു സാംസണിന്റെ സ്ഥിരതയില്ലായ്മയാണ്. തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടിയ സഞ്ജു ഓപ്പണറായി വലിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ അവസാനം കളിച്ച രണ്ട് മത്സരത്തിലും താരം ഡെക്കിനാണ് മടങ്ങിയത്. രണ്ടാം മത്സരത്തില്‍ മൂന്ന് പന്തില്‍ ഡെക്കായപ്പോള്‍ മൂന്നാം മത്സരത്തില്‍ രണ്ട് പന്ത് നേരിട്ടും ഡെക്കിന് പുറത്തായി. സഞ്ജുവിന്റെ സ്ഥിരതക്കുറവ് നേരത്തെ മുതല്‍ ചര്‍ച്ചാ വിഷയമാണ്.
എന്നാല്‍ ഇത്തവണ തുടര്‍ സെഞ്ച്വറികള്‍ നേടിയതോടെ സഞ്ജുവില്‍ എല്ലാവര്‍ക്കും വിശ്വാസം വന്നെങ്കിലും ഇപ്പോള്‍ വീണ്ടും തനിനിറം കാട്ടിയിരിക്കുകയാണ്. ഇതോടെ സഞ്ജു സാംസണിന്റെ ഓപ്പണര്‍ സ്ഥാനത്തിനും വലിയ ഭീഷണിയായിരിക്കുകയാണ്.
സഞ്ജുവിന് ലാസ്റ്റ് ചാന്‍സ്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യിലും സഞ്ജു പ്ലേയിങ് 11 ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. ഓപ്പണര്‍ റോളില്‍ സഞ്ജുവിന്റെ അവസാന ടി20 മത്സരമായി ഇത് മാറുമോയെന്നത് കണ്ടറിയാം. ശക്തമായൊരു തിരിച്ചുവരവ് നടത്താനായാല്‍ സഞ്ജുവിന് ടി20 ടീമില്‍ തുടരാന്‍ സാധിച്ചേക്കും. എന്നാല്‍ നാലാം മത്സരത്തിലും നിരാശപ്പെടുത്തിയാല്‍ ഇനി ഓപ്പണര്‍ റോളിലേക്കെത്തുക സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രയാസമാവും.
ഇൗ പരമ്പരക്ക് ശേഷം ഇംഗ്ലണ്ടിനെതിരേ നാട്ടിലാണ് ഇന്ത്യയുടെ അടുത്ത ടി20 പരമ്പര വരുന്നത്. ഇതില്‍ സഞ്ജുവിന് സീറ്റ് ലഭിക്കുക പോലും പ്രയാസമാണ്. നാലാം മത്സരത്തിലും ഡെക്കായാല്‍ അവസരം കാത്ത് ഇഷാന്‍ കിഷന്‍ പുറത്തുണ്ട്. താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. കൂടാതെ ഇംഗ്ലണ്ട് പരമ്പരയില്‍ യശ്വസി ജയ്‌സ്വാളും ശുബ്മാന്‍ ഗില്ലും റിഷഭ് പന്തുമെല്ലാം ഉണ്ടാവും. അപ്പോള്‍ സഞ്ജു പ്ലേയിങ് 11ന് പുറത്താവാനാണ് സാധ്യത കൂടുതല്‍.

സഞ്ജുവിനെ വിശ്വസിക്കാനാവില്ല
സഞ്ജു സാംസണെ ഇന്ത്യക്ക് വിശ്വസ്തനെന്ന് വിളിക്കാനാവില്ല. തന്റേതായ ദിവസം ഏതൊരു താരത്തെപ്പോലെയും മികവ് കാട്ടാന്‍ സഞ്ജുവിന് കഴിവുണ്ട്. എന്നാല്‍ സ്ഥിരതയോടെ ഇംപാക്ട് സൃഷ്ടിക്കാന്‍ സഞ്ജുവിന് കഴിവില്ല. അതുകൊണ്ടുതന്നെ സഞ്ജുവിനെ വിശ്വസ്തനായി കാണാനാവില്ല. ഡെക്കായ രണ്ട് കളിയിലും സഞ്ജുവിന്റെ ഷോട്ട് സെലക്ഷന്‍ പാളിയിരുന്നു. അമിത ആത്മവിശ്വാസം കാട്ടിയതാണ് സഞ്ജുവിനെ പിന്നോട്ടടിക്കുന്നത്.
സഞ്ജുവിലുള്ള വിശ്വാസം ടീം മാനേജ്‌മെന്റിന് നഷ്ടപ്പെടുകയാണ്. സഞ്ജുവിന്റെ വിമര്‍ശകര്‍ക്ക് ആഘോഷിക്കാനുള്ള വക നല്‍കുകയാണ് സഞ്ജു. പതിയെ തുടങ്ങി പിന്നീട് ആക്രമിക്കാന്‍ കഴിഞ്ഞ രണ്ട് മത്സരത്തിലും സഞ്ജു തയ്യാറായില്ല. ഇതാണ് തുടക്കത്തിലേ നിരാശപ്പെടുത്തി പുറത്താകാനുള്ള കാരണം. സഞ്ജു ആരാധകരേയും വഞ്ചിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. എന്തായാലും വലിയ വിമര്‍ശനം സഞ്ജുവിനെതിരേ ഉയരുന്നുണ്ട്.
റിഷഭ് പന്തിനോളം സഞ്ജു എത്തില്ല
റിഷഭ് പന്തിനെക്കാള്‍ മികച്ച താരം സഞ്ജു സാംസണാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ റിഷഭ് പന്ത് സൃഷ്ടിക്കുന്ന ഇംപാക്ടിന്റെ നാലിലൊന്ന് സൃഷ്ടിക്കാന്‍ സഞ്ജു സാംസണിന് സാധിക്കില്ല. സഞ്ജുവിന്റെ സ്ഥിരത വലിയ പ്രശ്‌നമാണ്. തുടര്‍ച്ചയായി മികവ് കാട്ടാന്‍ തനിക്കാവില്ലെന്ന് കരിയറുലുടെനീളം സഞ്ജു തെളിയിക്കുകയാണ്.
സഞ്ജുവിന്റെ റോള്‍ കടന്നാക്രമിച്ച് കളിക്കുകയെന്നതാണ്. അതുകൊണ്ടുതന്നെ വിക്കറ്റ് നഷ്ടപ്പെടാനും സാധ്യതകളേറെയാണ്. എന്നാല്‍ ഇത്തരത്തില്‍ സ്ഥിരതയില്ലാതെ കളിക്കുന്നത് ടീമിലെ സീറ്റ് നഷ്ടപ്പെടാനുള്ള സാധ്യത ഉയര്‍ത്തിയിരിക്കുകയാണ്.