ഇന്ത്യന്‍ ഏകദിന ടീമില്‍ നിന്നും മലയാളികളുടെ അഭിമാന താരം സഞ്ജു സാംസണ്‍ ഒരിക്കല്‍ക്കൂടി അവഗണിക്കപ്പെട്ടതില്‍ നിരാശ പ്രകടിപ്പിച്ച് മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ. അദ്ദേഹത്തിന്റെ കാര്യത്തില്‍ സെലക്ടര്‍മാര്‍ കാണിക്കുന്ന പ്രധാനപ്പെട്ട അബദ്ധമെന്താണെന്നും കുംബ്ലെ ചൂണ്ടിക്കാട്ടി.
ക്യാപ്റ്റന്‍ കെഎല്‍ രാഹുലടക്കം മൂന്നു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന സ്‌ക്വാഡില്‍ ഇടം നേടിയിട്ടും സഞ്ജുവിനെ സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. മറ്റുള്ളവരെ അപേക്ഷിച്ച് ഏകദിനത്തില്‍ വളരെ മികച്ച ബാറ്റിങ് റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്.

സഞ്ജുവിനെ കാണാനാഗ്രഹിച്ചു
സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കുറിച്ച് ജിയോസ്റ്റാറിന്റെ ഷോയില്‍ സംസാരിക്കവെയാണ് സഞ്ജു സാംസണിനെ കുറിച്ച് അനില്‍ കുംബ്ലെ പരാമര്‍ശിച്ചത്.
ഇന്ത്യയുടെ ഏകദിന ടീമില്‍ ഞാന്‍ കാണാനാഗ്രഹിച്ച ഒരു പേര് സഞ്ജു സാംസണിന്റേതാണ്. കാരണം രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് അവസാനമായി കളിച്ച ഏകദിനത്തില്‍ സെഞ്ച്വറിയടിച്ചയാളാണ് അദ്ദേഹം. പക്ഷെ ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ ഏകദിന പരമ്പരയിലും സഞ്ജു ടീമിലുള്‍പ്പെട്ടിരുന്നില്ലെന്നു തനിക്കറിയാമെന്നും കുംബ്ലെ പറഞ്ഞു.
2023 ഡിസംബര്‍ 21നു സൗത്താഫ്രിക്കയുമായി അവരുടെ നാട്ടില്‍ നടന്ന ഏകദിനത്തിലാണ് സഞ്ജു അവസാനമായി കളിച്ചത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ അവസാന കളി കൂടിയായിരുന്നു ഇത്. കെഎല്‍ രാഹുലാണ് അന്നു ടീമിനെ നയിച്ചത്. പരമ്പര 1-1നു നില്‍ക്കെ ഏറെ നിര്‍ണായകമായ മല്‍സരമായിരുന്നു അത്.
സഞ്ജുവിന്റെ (108) കന്നി സെഞ്ച്വറിയിലേറി ഇന്ത്യ അന്നു സൗത്താഫ്രിക്കയെ തകര്‍ത്തു വിടുകയും ചെയ്തു. പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കിയപ്പോള്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമാണ്. പക്ഷെ പിന്നീട് അതിനു ശേഷം ഒരു ഏകദിനത്തില്‍ പോലും സഞ്ജുവിനു അവസരം ലഭിച്ചിട്ടുമില്ല.
വെറും 14 ഇന്നിങ്‌സുകള്‍ മാത്രമേ അദ്ദേഹം ഇതിനകം കളിച്ചിട്ടുള്ളൂ. 56.66 എന്ന കിടിലന്‍ ശരാശരിയില്‍ 99.6 സ്‌ട്രൈക്ക് റേറ്റോടെ 510 റണ്‍സും സ്‌കോര്‍ ചെയ്തു. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

എന്തുകൊണ്ട് തഴയപ്പെടുന്നു?
ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കവെ സെലക്ടര്‍മാര്‍ വ്യത്യസ്ത ഫോര്‍മാറ്റുകളിലെ പ്രകടനം കൂട്ടിക്കുഴയ്ക്കുകയാണെന്നും ഈ കാരണത്താണ് സഞ്ജു സാംസണ്‍ അവഗണിക്കപ്പെട്ടതെന്നും അനില്‍ കുംബ്ലെ നിരീക്ഷിച്ചു.
നിങ്ങള്‍ മൂന്നു വ്യത്യസ്ത ഫോര്‍മാറ്റുകളിലോ, അല്ലെങ്കില്‍ രണ്ടെണ്ണത്തിലോ കളിക്കുമ്പോള്‍ അതിലെ ഫോമടക്കമ പലതും കൂട്ടിക്കുഴയ്ക്കുന്ന ഒരു പ്രവണത നിങ്ങള്‍ക്കുണ്ട്. പക്ഷെ അതു ശരിയല്ല. നിങ്ങള്‍ ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ മനസ്സില്‍ വയ്‌ക്കേണ്ട കാര്യം ഇതാണെന്നും കുംബ്ലെ വിശദമാക്കി.
ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യന്‍ എ ടീമിനു വേണ്ടിയുമെല്ലാം വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് സഞ്ജുവിനെ തഴഞ്ഞ് ധ്രുവ് ജുറേലിനെ ഇപ്പോള്‍ ഏകദിന ടീമിലെടുക്കാനുള്ള പ്രധാന കാരണം. പക്ഷെ അതിനു സഞ്ജുവിനെയല്ല ശിക്ഷിക്കേണ്ടത് എന്ന അഭിപ്രായമാണ് കുബ്ലെയ്ക്കുള്ളത്.
നിലവില്‍ ഇന്ത്യയുടെ ടി20 സ്‌ക്വാഡില്‍ മാത്രമേ സഞ്ജുവിനു സ്ഥാനമുള്ള. ഏകദിനത്തില്‍ അദ്ദേഹത്തിന്റെ കരിയര്‍ ഏറെക്കുറെ അവസാനിച്ച മട്ടാണ്. കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ക്കു പിന്നാലെ ഇപ്പോള്‍ ധ്രുവ് ജുറേലും ഏകദിനത്തില്‍ അദ്ദേഹത്തെ ഓവര്‍ടേക്ക് ചെയ്തിരിക്കുയാണ്. അതുകൊണ്ടു തന്നെ ടീമിലേക്കു സഞ്ജുവിനു ഇനിയൊരു മടങ്ങിവരവുണ്ടായേക്കില്ല.