ജൊഹാനസ്ബഗ്: ടി20യില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ റോള്‍ വീണ്ടുമൊരു ഇടിവെട്ട് സെഞ്ച്വറിയുമായി ഭദ്രമാക്കിയിരിക്കുകയാണ് മലയാൡതാരം സഞ്ജു സാംസണ്‍. സൗത്താഫ്രിക്കയുമായുള്ള നാലാമത്തെയും അവസാനത്തെയും ടി20യിലാണ് അദ്ദേഹം തീപ്പൊരി സെഞ്ച്വറിയോടെ കൈയടി നേടിയത്. ജൊഹാനസ്ബര്‍ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ 56 ബോളില്‍ പുറത്താവാതെ 109 റണ്‍സാണ് സഞ്ജു വാരിക്കൂട്ടിയത്. ഒമ്പതു സിക്‌സറുകളും ആറു ഫോറുകളുടക്കമാണിത്.
പരമ്പരയിലെ രണ്ടാം സെഞ്ച്വറി കൂടിയാണ് സഞ്ജു കണ്ടെത്തിയത്. നേരത്തേ ആദ്യ ടി20യില്‍ 50 ബോളില്‍ 107 റണ്‍സോടെയാണ് അദ്ദേഹം ടീമിന്റെ ഹീറോയായത്. തുടര്‍ന്നുള്ള രണ്ടു കളിയിലും സഞ്ജു ഡെക്കായെങ്കിലും മറ്റൊരു സെഞ്ച്വറിയുമായി ഇതിനു നാലാമങ്കത്തില്‍ പ്രായശ്ചിത്തം ചെയ്തിരിക്കുകയാണ്.

കുറിച്ചത് ചരിത്രം
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്നു സെഞ്ച്വറികള്‍ അടിച്ചെടുത്ത ആദ്യത്തെ താരമെന്ന ലോക റെക്കോര്‍ഡാണ് സഞ്ജു സാംസണിനെ തേടിയെത്തിയിരിക്കുന്നത്. അവസാനത്തെ അഞ്ചു ടി20കളിലാണ് അദ്ദേഹ ഈ വമ്പന്‍ നേട്ടം സ്വന്തമാക്കിയത് എന്നതാണ് എടുത്തു പറയേണ്ട കാര്യം.
ഇന്ത്യക്കു വേണ്ടി ടി20യില്‍ സെഞ്ച്വറി കുറിച്ച ആദ്യ വിക്കറ്റ് കീപ്പറായി സഞ്ജു നേരത്തേ തന്നെ മാറിയിരുന്നു. ബംഗ്ലാദേശുമായുള്ള അവസാന ടി20 പരമ്പരയിലെ അവസാന കളിയിലാണ് അദ്ദേഹം 47 ബോളില്‍ 111 റണ്‍സോടെ ചരിത്രം കുറിച്ചത്. ഇതിനു പിന്നാലെയാണ് മൂന്നാം സെഞ്ച്വറിയോടെ സലോക റെക്കോര്‍ഡും സഞ്ജുവിനെ തേടിയെത്തിയത്.
വാനോളം പുകഴ്ത്തി ഫാന്‍സ്
സഞ്ജു സാംസണിന്റെ ഗംഭീര ഇന്നിങ്‌സിനെ സോഷ്യല്‍ മീഡിയയില്‍ വാനോളം പ്രശംസിച്ചിരിക്കുകയാണ് ആരാധകര്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ ട്രാവിസ് ഹെഡാണ് സഞ്ജു സാംസണ്‍. ഒന്നുകില്‍ അദ്ദേഹം ഹെഡിനെപ്പോലെ തുടക്കത്തില്‍ തന്നെ പുറത്താവും. ഇല്ലെങ്കില്‍ തനിച്ചു കളി ജയിപ്പിക്കുകയും ചെയ്യും. എത്ര ഗംഭീരമായിട്ടാണ് ഈ മല്‍സരത്തില്‍ സഞ്ജു ബാറ്റ് ചെയ്തതെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.
ടി20യില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ ആരാവണം എന്നതിനു ഒടുവില്‍ ഉത്തരം ലഭിച്ചിരിക്കുകയാണ്. സഞ്ജു സാംസണ്‍ തന്നെ ഇനിയുള്ള ടി20 മല്‍സരങ്ങളില്‍ ടീമിനായി ഓപ്പണ്‍ ചെയ്യണം. റിഷഭ് പന്തിനെ ഇനിയൊരിക്കലും ടി20 ടീമില്‍ ഉള്‍പ്പെടുത്തരുത്. സഞ്ജുവിനെ തന്നെ ഈ റോളില്‍ ഇന്ത്യ തുടര്‍ന്നും കളിപ്പിക്കണമെന്നു ആരാധകര്‍ ആവശ്യപ്പെടുന്നു.

റെക്കോര്‍ഡ് ടോട്ടല്‍
ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ റണ്‍മഴ തന്നെയാണ് കണ്ടത്. ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 283 റണ്‍സാണ് ഇന്ത്യ വാരിക്കൂട്ടിയത്. സഞ്ജു സാംസിനെക്കൂടാതെ (109*) തിലക് വര്‍മയുടെയും (120*) അപരാജിത സെഞ്ച്വറിയാണ് ടീമിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. തുടര്‍ച്ചയായി രണ്ടാം ടി20യിലാണ് അദ്ദേഹം സെഞ്ച്വറി കണ്ടെത്തിയത്.
ടി20യില്‍ രാജ്യത്തിനു പുറത്ത് ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന ടി20 ടോട്ടല്‍ കൂടിയാണ് ഈ മല്‍സരത്തിലേത്. നേരത്തേ വെസ്റ്റ് ഇന്‍ഡീസിനെതിരേ കുറിച്ച 244 റണ്‍സായിരുന്നു വിദേശത്തെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍. ഇതാണ് സൂര്യകുമാര്‍ യാദവിന്റെ യുവ ഇന്ത്യന്‍ ടീം പഴങ്കഥയാക്കിയത്. ടി20യില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ സ്‌കോറാണ് ഈ കളിയില്‍ കണ്ടത്. തൊട്ടുമുമ്പത്തെ പരമ്പരയില്‍ ബംഗ്ലാദേശിനതിരേ വാരിക്കൂട്ടിയ 297 റണ്‍സാണ് ഓള്‍ടൈം റെക്കോര്‍ഡ്.