ഡര്‍ബന്‍: ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ എവിടെയാണോ നിര്‍ത്തിയത് അവിടെ നിന്ന് ആളിക്കത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍. തുടര്‍ച്ചയായ രണ്ടാം ടി20 മത്സരത്തിലും തകര്‍പ്പന്‍ സെഞ്ച്വറിയോടെ എല്ലാ വിമര്‍ശകരുടേയും വായടപ്പിച്ചിരിക്കുകയാണ് സഞ്ജു. പൊതുവേ സഞ്ജുവിന്റെ സ്ഥിരതയ്‌ക്കെതിരേയാണ് വിമര്‍ശനം ഉയരുന്നത്. എന്നാല്‍ ഇത്തവണ തുടര്‍ച്ചയായി രണ്ട് കിടിലന്‍ സെഞ്ച്വറിയോടെ സഞ്ജു സാംസണ്‍ എല്ലാവരുടേയും വായടപ്പിച്ചിരിക്കുകയാണ്.
നിരവധി റെക്കോഡുകള്‍ തിരുത്തിക്കുറിച്ചതോടൊപ്പം ഇന്ത്യന്‍ ടി20 ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനം ഊട്ടി ഉറപ്പിക്കാനും സഞ്ജു സാംസണിന് സാധിച്ചിരിക്കുകയാണെന്ന് പറയാം. ഇന്ത്യയുടെ മറ്റൊരു ബാറ്റ്‌സ്മാനും അവകാശപ്പെടാനാവാത്ത റെക്കോഡാണ് സഞ്ജു നേടിയെടുത്തത്. കൂടാതെ വിക്കറ്റ് കീപ്പറെന്ന നിലയിലും ചരിത്ര നേട്ടത്തിലേക്കെത്താന്‍ സഞ്ജുവിനായി. 50 പന്തില്‍ 7 ഫോറും 10 സിക്‌സും ഉള്‍പ്പെടെ 107 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്.
റിഷഭ് പന്തില്ലാത്തപ്പോള്‍ പകരക്കാരന്‍ എന്നത് മാറി ഇനി ടി20യിലെ ഒന്നാം നമ്പര്‍ കീപ്പറായി താന്‍ മാറിയെന്ന് പ്രകടനംകൊണ്ട് തെളിയിക്കാന്‍ സഞ്ജുവിന് സാധിച്ചിരിക്കുകയാണെന്നതാണ് എടുത്തു പറയേണ്ട കാര്യം.
റിഷഭിനും ധോണിക്കും നേടാനാവാത്ത റെക്കോഡ്
അന്താരാഷ്ട്ര ടി20യില്‍ സഞ്ജുവിന്റെ രണ്ടാം സെഞ്ച്വറിയാണിത്. തുടര്‍ച്ചയായി രണ്ട് ടി20 മത്സരത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് സഞ്ജു. കൂടാതെ രണ്ട് ടി20 സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന റെക്കോഡിലേക്കുമെത്താന്‍ സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. ഒമ്പത് വര്‍ഷത്തോളമായി ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നിട്ടും തുടര്‍ അവസരങ്ങള്‍ സഞ്ജുവിന് ലഭിച്ചിരുന്നില്ല. അവസരം ലഭിച്ചപ്പോള്‍ എന്താണ് ചെയ്യാന്‍ സാധിക്കുകയെന്ന് കാട്ടിക്കൊടുക്കാന്‍ അദ്ദേഹത്തിനായി.
റിഷഭ് പന്തിന്റെ ടി20യിലേക്കുള്ള തിരിച്ചുവരവ് സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്. ഗൗതം ഗംഭീര്‍ സഞ്ജുവിനെ പിന്തുണക്കുമ്പോള്‍ ടി20യില്‍ റിഷഭിന് സീറ്റ് കിട്ടാന്‍ ഐപിഎല്ലില്‍ അതി ഗംഭീര പ്രകടനം കാഴ്ചവെക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം സഞ്ജു ബെഞ്ചിലിരുന്നത് പോലെ റിഷഭ് പന്ത് ടി20യില്‍ അവസരം ലഭിക്കാന്‍ കാത്തിരിക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. എന്തായാലും എല്ലാ വിമര്‍ശകരുടേയും വായടപ്പിക്കുന്ന ബാറ്റിങ്ങാണ് സഞ്ജു പുറത്തെടുത്തത്.

സഞ്ജു ഇതിഹാസങ്ങളോടൊപ്പം
ഇന്ത്യയുടെ ഇതിഹാസ താരങ്ങളോടൊപ്പം എലൈറ്റ് ക്ലബ്ബിലേക്കെത്താനും സഞ്ജു സാംസണിന് സാധിച്ചിരിക്കുകയാണ്. ടി20യില്‍ കൂടുതല്‍ സെഞ്ച്വറിയുള്ള ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാം സ്ഥാനത്തേക്കെത്താന്‍ സഞ്ജുവിനായി. അഞ്ച് സെഞ്ച്വറിയോടെ രോഹിത് ശര്‍മ തലപ്പത്ത് നില്‍ക്കുമ്പോള്‍ നാല് സെഞ്ച്വറിയോടെ സൂര്യകുമാര്‍ യാദവ് രണ്ടാം സ്ഥാനത്താണ്. കെ എല്‍ രാഹുലും സഞ്ജു സാംസണും രണ്ട് തവണ വീതവും ഈ നേട്ടത്തിലേക്കെത്തിയിരിക്കുകയാണ്.
ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറിയും സ്വന്തമാക്കാന്‍ സഞ്ജുവിനായിട്ടുണ്ട്. ടി20യില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനെന്ന റെക്കോഡും സഞ്ജു സ്വന്തം പേരിലാക്കി. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരായി നിരവധി പേരുണ്ടെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഈ റെക്കോഡിലേക്കെത്താന്‍ സാധിച്ചത് സഞ്ജുവിന് മാത്രമാണെന്നത് അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്. വൈകിയാണെങ്കിലും സഞ്ജുവിന് ഇപ്പോള്‍ അര്‍ഹിച്ച അംഗീകാരം ലഭിക്കുന്നുണ്ട്.
സെന രാജ്യത്ത് സെഞ്ച്വറി നേട്ടം
സെന രാജ്യങ്ങളില്‍ കൂടുതല്‍ ടി20 സെഞ്ച്വറിയെന്ന റെക്കോഡ് സൂര്യകുമാര്‍ യാദവിന്റെ പേരിലാണ്. നായകന്‍ സൂര്യകുമാര്‍ മൂന്ന് തവണയാണ് സെഞ്ച്വറി നേടിയത്. രോഹിത് ശര്‍മയും കെ എല്‍ രാഹുലും ഓരോ തവണയും സെഞ്ച്വറി നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഈ പട്ടികയിലേക്കാണ് സഞ്ജുവും എത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സഞ്ജുവിന്റെ റെക്കോഡുകള്‍ മികച്ചതാണ്. ഇത്തവണയും ആ മികവ് ആവര്‍ത്തിക്കാന്‍ സഞ്ജുവിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.