മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാല് മത്സര ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ എന്നിവരെല്ലാമുണ്ട്. അഭിഷേക് ശര്‍മയും സഞ്ജു സാംസണും ഓപ്പണര്‍മാരായുള്ള ടീമില്‍ ജിതേഷ് ശര്‍മയും സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. രമന്‍ദീപ് സിങ്, വിജയകുമാര്‍ വൈശാഖ്, യഷ് ദയാല്‍ എന്നിവരെല്ലാം പുതുമുഖങ്ങളായുണ്ട്.
ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളും പരിക്കിന്റെ പിടിയിലാണ്. റിയാന്‍ പരാഗ്, മായങ്ക് യാദവ് എന്നിവര്‍ പരിക്കിന്റെ പിടിയിലായപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ഇന്ത്യ ടെസ്റ്റിലേക്ക് പരിഗണിച്ചു. ഇതോടെ ടി20 ടീമില്‍ നിന്ന് താരത്തിന് വഴിമാറേണ്ടി വന്നു. സീനിയര്‍ താരങ്ങള്‍ക്കൊപ്പം യുവത്വവും നിറഞ്ഞ് നില്‍ക്കുന്ന ടീമിനെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് അയക്കാന്‍ പോകുന്നത്. എന്നാല്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ ടി20 പരമ്പര നേടാനാവുമോ?. സാധ്യത കുറവാണെന്ന് പറയാം. അതിന്റെ കാരണങ്ങളിതാ.
പേസ് നിരക്ക് കരുത്ത് പോരാ
ദക്ഷിണാഫ്രിക്കന്‍ പിച്ച് പേസിനേയും ബൗണ്‍സിനേയും തുണക്കുന്നതാണ്. ദക്ഷിണാഫ്രിക്കയിലെ സാഹചര്യത്തില്‍ തിളങ്ങാന്‍ നല്ല വേഗവും ഷോര്‍ട്ട് ബോളുകള്‍ എറിയാനുള്ള കഴിവും ആവശ്യമാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ പേസ് കരുത്ത് പ്രതീക്ഷിച്ച നിലവാരമില്ല. അര്‍ഷ്ദീപ് സിങ് ഭേദപ്പെട്ട പ്രകടനം നടത്തുന്ന ഇടം കൈയന്‍ പേസറാണ്. എന്നാല്‍ വിജയകുമാര്‍ വൈശാഖ്, യഷ് ദയാല്‍ എന്നിവര്‍ കന്നി ടി20 പരമ്പര കളിക്കുന്നവരാണ്.
ദക്ഷിണാഫ്രിക്കയിലെ സാഹചര്യത്തില്‍ മികച്ച ലൈനും ലെങ്തും കണ്ടെത്തുക ഇവര്‍ക്ക് വളരെ പ്രയാസമാണ്. കൂടാതെ ഇവര്‍ തല്ലുകൊള്ളികളായ ബൗളര്‍മാരാണെന്ന് ഇക്കോണമി നോക്കിയാല്‍ വ്യക്തം. ആവേശ് ഖാനെ ഇന്ത്യ എന്തിനാണ് ടീമിലെന്നതാണ് പ്രധാന ചോദ്യം. റണ്‍സ് വിട്ടുകൊടുക്കാന്‍ യാതൊരു മടിയുമില്ലാത്ത ബൗളറാണ് ആവേശ്. അതുകൊണ്ടുതന്നെ ഈ ബൗളിങ് നിരയുമായി ഇന്ത്യക്ക് വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് കരുതാനാവില്ല.

ബാറ്റിങ് നിരയില്‍ ആരെ വിശ്വസിക്കും?
ബംഗ്ലാദേശിനെതിരേ വെടിക്കെട്ട് നടത്തിയതുപോലെയല്ല ദക്ഷിണാഫ്രിക്ക. മികച്ച പേസ് കരുത്തുള്ള ദക്ഷിണാഫ്രിക്കയില്‍ നന്നായി ബാറ്റ് ചെയ്യാന്‍ അനുഭവസമ്പത്ത് അത്യാവശ്യമാണ്. ഇന്ത്യയുടെ ഓപ്പണര്‍മാരായി അഭിഷേക് ശര്‍മയും സഞ്ജു സാംസണും തുടരും. ഇരുവരേയും വിശ്വസ്തരാണെന്ന് പറയാനാവില്ല. അഭിഷേക് ബംഗ്ലാദേശിനെതിരേയും ഇന്ത്യ എ ടീമിനൊപ്പം എമര്‍ജിങ് ഏഷ്യാ കപ്പിലും ശരാശരി പ്രകടനമാണ് നടത്തിയത്.
സഞ്ജുവിനെ സ്ഥിരതയോടെ കളിക്കുന്ന താരമെന്ന് വിശേഷിപ്പിക്കാനാവില്ല. സൂര്യകുമാര്‍ യാദവിന്റേയും ഹാര്‍ദിക് പാണ്ഡ്യയുടേയും മുകളിലാവും പ്രധാന ഭാരം. യശ്വസി ജയ്‌സ്വാള്‍, റിഷഭ് പന്ത്, ശുബ്മാന്‍ ഗില്‍ എന്നിവരൊന്നും ഇന്ത്യന്‍ ടീമിലില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ബാറ്റിങ് കരുത്ത് ശക്തമാണെന്ന് പറയുക അസാധ്യമാണ്. ദക്ഷിണാഫ്രിക്കന്‍ പേസ് നിരയില്‍ കഗിസോ റബാഡ, മാര്‍ക്കോ യാന്‍സന്‍, ആന്‍ റിച്ച് നോക്കിയേ എന്നിവരെല്ലാമുണ്ട്. കൂടാതെ തബ്രൈസ് ഷംസി, കേശവ് മഹാരാജ് എന്നിവര്‍ സ്പിന്‍ നിരയിലും കരുത്ത് പകരും.
ദക്ഷിണാഫ്രിക്കയുടെ കരുത്തുറ്റ താരനിര
നിലവില്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്ന ടി20 ടീമിനെക്കാള്‍ ശക്തമായ നിരയാണ് ദക്ഷിണാഫ്രിക്കയുടേതെന്ന് പറയാം. ഹെന്‍ റിച്ച് ക്ലാസനെപ്പോലെയുള്ള അപകടകാരികളായ താരങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കുന്നുണ്ട്. ഡേവിഡ് മില്ലറെപ്പോലെ അനുഭവസമ്പന്നരായ ടി20 താരങ്ങളും സൗത്താഫ്രിക്കന്‍ നിരയിലുണ്ട്. അതുകൊണ്ടുതന്നെ തട്ടകത്തില്‍ ദക്ഷിണാഫ്രിക്ക അതി ശക്തരാണ്. ടി20 ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പകരം വീട്ടാന്‍ കാത്തിരിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയെക്കാള്‍ ആധിപത്യമുണ്ടെന്ന് തന്നെ പറയാം.
ഇന്ത്യയുടെ ടി20 ടീം
സൂര്യകുമാര്‍ യാദവ് (c), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രമന്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, വിജയകുമാര്‍ വൈശാഖ്, ആവേശ് ഖാന്‍, യഷ് ദയാല്‍.