സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍ വമ്പന്‍ ജയം നേടി ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. നാലാം മത്സരത്തില്‍ 135 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒരു വിക്കറ്റിന് 283 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ആതിഥേയര്‍ 148 റണ്‍സില്‍ പുറത്താവുകയായിരുന്നു. ഇതോടെ നാല് മത്സര പരമ്പര ഇന്ത്യ 3-1ന് ജയിച്ചു. സൂര്യകുമാര്‍ യാദവിനും സംഘത്തിനും അഭിമാനിക്കാവുന്ന നേട്ടമായിരുന്നു ഇത്.
ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് തിലക് വര്‍മയും (120*) സഞ്ജു സാംസണുമാണ് (109*). രണ്ട് പേരും സെഞ്ച്വറിയോടെ പുറത്താവുകയായിരുന്നു. സഞ്ജു സാംസണ്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയപ്പോള്‍ പിന്നീട് കളിച്ച രണ്ട് മത്സരത്തിലും ഡെക്കായിരുന്നു. ഇതോടെ വലിയ വിമര്‍ശനമാണ് സഞ്ജുവിനെതിരേ ഉയര്‍ന്നത്. ഇപ്പോഴിതാ നാലാം ടി20യില്‍ വീണ്ടും സെഞ്ച്വറി നേടി സഞ്ജു എല്ലാവര്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ്.
ഈ പ്രകടനത്തോടെ നിരവധി റെക്കോഡുകള്‍ സൃഷ്ടിക്കാന്‍ സഞ്ജു സാംസണിന് സാധിച്ചു. ഇതില്‍ ഇന്ത്യയുടെ മറ്റ് വിക്കറ്റ് കീപ്പര്‍മാരെയെല്ലാം പിന്നിലാക്കി ചരിത്ര നേട്ടത്തിലേക്കെത്താനും സഞ്ജുവിന് സാധിച്ചിട്ടുണ്ട്. അത് എന്താണെന്ന് നോക്കാം.
ധോണിയേയും റിഷഭിനേയും കടത്തിവെട്ടി
ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാരുടെ പേര് പറയുമ്പോള്‍ എല്ലാവരും എടുത്തു പറയുന്ന രണ്ട് പേരുകള്‍ എംഎസ് ധോണിയുടേയും റിഷഭ് പന്തിന്റേയുമാണ്. പലപ്പോഴും റിഷഭിന്റെ ബാക്കപ്പായി ഒതുങ്ങിയ സഞ്ജു ഇപ്പോള്‍ അവസരം ലഭിക്കുമ്പോള്‍ ഇതിനെല്ലാം മറുപടി നല്‍കുകയാണ്. ഇപ്പോഴിതാ ഇന്ത്യക്കായി ടി20യില്‍ ഏറ്റവും കൂടുതല്‍ 50 പ്ലസ് സ്‌കോര്‍ നേടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി സഞ്ജു മാറിയിരിക്കുകയാണ്. മൂന്ന് സെഞ്ച്വറി ഉള്‍പ്പെടെ നാല് തവണയാണ് സഞ്ജു ഈ നേട്ടത്തിലേക്കെത്തിയത്.
കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ മൂന്ന് തവണ ഈ നേട്ടത്തിലേക്കെത്തിയിട്ടുണ്ട്. ഈ റെക്കോഡെല്ലാം ഇപ്പോള്‍ സഞ്ജു തകര്‍ത്തിരിക്കുകയാണ്. എംഎസ് ധോണിയും റിഷഭ് പന്തും രണ്ട് തവണ മാത്രമാണ് ഈ റെക്കോഡിലേക്കെത്തിയത്. അനായാസം റണ്‍സുയര്‍ത്തുന്ന സഞ്ജു ഈ വര്‍ഷം നേടുന്ന മൂന്നാമത്തെ ടി20 സെഞ്ച്വറിയാണിത്. ഒരു കലണ്ടര്‍ വര്‍ഷം മൂന്ന് തവണ ടി20 സെഞ്ച്വറി നേടുന്ന ലോകത്തിലെ ആദ്യ താരമാണ് സഞ്ജു സാംസണ്‍.
ഇന്ത്യ തഴഞ്ഞുവെച്ചിരുന്ന സഞ്ജു സാംസണ്‍ അവസരം ലഭിച്ചപ്പോള്‍ ഇത് കൃത്യമായി മുതലാക്കുന്ന പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. എല്ലാ വിമര്‍ശകര്‍ക്കും പ്രകടനംകൊണ്ട് മറുപടി പറയാന്‍ സഞ്ജുവിന് സാധിച്ചു.

റെക്കോഡുകള്‍ വാരിക്കൂട്ടിയ കൂട്ടുകെട്ട്
സഞ്ജു സാംസണും തിലക് വര്‍മയും ചേര്‍ന്ന് ദക്ഷിണാഫ്രിക്ക മറക്കാനാഗ്രഹിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. 210 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. അനായാസം സിക്‌സറുകള്‍ പറത്തിയാണ് ഇരുവരും കത്തിക്കയറിയത്. 23 സിക്‌സുകളാണ് ഇന്ത്യയുടെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്. പ്രധാന 10 ടീമുകളില്‍ ഒരു ടി20 ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സര്‍ പറത്തുന്ന ടീമായി ഇന്ത്യ മാറിയിരിക്കുകയാണ്. ഒരു ടി20 ഇന്നിങ്‌സില്‍ 2 പേര്‍ ഒരുമിച്ച് സിക്‌സര്‍ നേടുന്നത് ഇതാദ്യമായാണെന്ന് പറയാം.
ആതിഥേയരെന്ന മര്യാദ കാട്ടാതെ ഇന്ത്യ തല്ലിത്തകര്‍ത്തപ്പോള്‍ ദക്ഷിണാഫ്രിക്കയിലെ ഉയര്‍ന്ന ടി20 ടോട്ടലാണ് ഇന്ത്യ നേടിയെടുത്തത്. 283 റണ്‍സാണ് ഇന്ത്യ ഇന്നിങ്‌സിനോട് ചേര്‍ത്തത്. 14.1 ഓവറില്‍ ഇന്ത്യ 200 റണ്‍സ് പിന്നിട്ടുവെന്നതാണ് എടുത്തു പറയേണ്ടത്. സഞ്ജു സാംസണാണ് ഈ പരമ്പര കൂടുതല്‍ മുതലാക്കിയത്. ടി20 ഓപ്പണറായി സ്ഥാനം നിലനിര്‍ത്താന്‍ ദക്ഷിണാഫ്രിക്കയില്‍ തിളങ്ങേണ്ടത് സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു.
ഇത് അദ്ദഹം മുതലാക്കുകയും ചെയ്തു. ടി20 ചരിത്രത്തില്‍ മൂന്ന് സെഞ്ച്വറിയുള്ള ഏക വിക്കറ്റ് കീപ്പറാണ് സഞ്ജു. ഒരു കലണ്ടര്‍ വര്‍ഷം മൂന്ന് സെഞ്ച്വറികളെന്ന റെക്കോഡും സഞ്ജു സ്വന്തം പേരിലാക്കി.
തിരിച്ചുവരവില്‍ മിന്നിച്ച് തിലകും
ഇടവേളക്ക് ശേഷം ടി20 ടീമിലേക്കെത്തിയ തിലക് വര്‍മ രണ്ട് തുടര്‍ സെഞ്ച്വറികളോടെയാണ് കത്തിക്കയറിയത്. പരമ്പരയിലെ താരമാകാനും നാലാം മത്സരത്തിലെ താരമാകാനും തിലകിന് സാധിച്ചു. നായകന്‍ സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പര്‍ തിലകിന് വിട്ടുകൊടുത്തപ്പോള്‍ മികച്ച പ്രകടനത്തോടെ ഇതിനോട് നീതി കാട്ടാന്‍ തിലക് വര്‍മക്ക് സാധിച്ചുവെന്ന് തന്നെ പറയാം.