സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പര എട്ടാം തീയ്യതി ആരംഭിക്കാന്‍ പോവുകയാണ്. നാല് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പര്‍. ഓസ്‌ട്രേലിയന്‍ പര്യടനം വരാനിരിക്കെ യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, ജസ്പ്രീത് ബുംറ തുടങ്ങിയവരൊന്നും ടീമിലില്ല. യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേട്ടം എളുപ്പമാവില്ല. ശക്തമായ താരനിരയുമായി തട്ടകത്തില്‍ ഇറങ്ങുന്ന ദക്ഷിണാഫ്രിക്കയെ പൂട്ടുകയെന്നത് കടുപ്പമാവും. നിലവില്‍ ഇന്ത്യയുടെ ടി20 ടീം ശക്തമാണ്. സമീപകാലത്ത് കളിച്ച മത്സരങ്ങളിലെല്ലാം തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുമുണ്ട്. പക്ഷെ ദക്ഷിണാഫ്രിക്കയില്‍ കാര്യങ്ങള്‍ എളുപ്പമാവില്ല. പരമ്പരയില്‍ ഇന്ത്യക്ക് ഇറക്കാന്‍ സാധിക്കുന്ന ഏറ്റവും മികച്ച പ്ലേയിങ് 11 ഏതാണെന്ന് അറിയാം.
സഞ്ജു സാംസണ്‍-അഭിഷേക് ശര്‍മ
ഓപ്പണിങ്ങില്‍ സഞ്ജു സാംസണ്‍-അഭിഷേക് ശര്‍മ കൂട്ടുകെട്ട് ഇന്ത്യ തുടര്‍ന്നേക്കും. ഇരുവരും ബംഗ്ലാദേശിനെതിരേ ഓപ്പണര്‍മാരായി മികവ് കാട്ടിയിരുന്നു. അഭിഷേക് പ്രതീക്ഷിച്ച നിലവാരം കാട്ടിയില്ല. എന്നാല്‍ സഞ്ജു തകര്‍പ്പന്‍ സെഞ്ച്വറിയോടെ കൈയടി നേടുകയും ചെയ്തു. രണ്ട് പേര്‍ക്കും ഇന്ത്യയുടെ ടി20 ടീമിനൊപ്പം തുടരാന്‍ മികച്ച പ്രകടനം ദക്ഷിണാഫ്രിക്കയില്‍ കാട്ടേണ്ടതായുണ്ട്. സഞ്ജു ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറി നേടിയിട്ടുള്ള താരങ്ങളിലൊരാളാണ്.
ഇത്തവണയും മികവ് ആവര്‍ത്തിക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മികവ് കാട്ടാനാവാതെ പോയാല്‍ സൂപ്പര്‍ താരങ്ങള്‍ തിരിച്ചുവരുമ്പോള്‍ സഞ്ജുവിന് വഴിമാറിക്കൊടുക്കേണ്ടി വരും. ഇന്ത്യ എ ടീമിനൊപ്പം ശരാശരി പ്രകടനമാണ് എമര്‍ജിങ് ഏഷ്യാ കപ്പില്‍ അഭിഷേക് നടത്തിയത്. അതുകൊണ്ടുതന്നെ താരത്തിനും ഈ പരമ്പര നിര്‍ണ്ണായകമാണ്.

സൂര്യകുമാര്‍, തിലക്, ഹാര്‍ദിക്
മൂന്നാം നമ്പറില്‍ നായകന്‍ സൂര്യകുമാര്‍ യാദവ് കളിക്കും. ക്യാപ്റ്റന്റെ സമ്മര്‍ദ്ദമില്ലാതെ കടന്നാക്രമിച്ച് കളിക്കുന്ന സൂര്യകുമാറിന്റെ പ്രകടനം ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്. ദക്ഷിണാഫ്രിക്കയുടെ ശക്തമായ പേസ് നിരയെ നേരിടാന്‍ സൂര്യക്ക് സാധിക്കുമോയെന്നത് കണ്ടറിയാം. നാലാം നമ്പറില്‍ തിലക് വര്‍മയെത്തും. എമര്‍ജിങ് ഏഷ്യാ കപ്പില്‍ തിളങ്ങിയ തിലക് ഇടവേളക്ക് ശേഷമാണ് ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. പന്തുകൊണ്ടും ടീമിന് ഉപകാരിയാണ് തിലക് വര്‍മയെന്ന് പറയാം.
അഞ്ചാം നമ്പറില്‍ പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യയാവും കളിക്കുക. ഓള്‍റൗണ്ടറെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനം ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്. ഹാര്‍ദിക്കിന്റെ സമീപകാല പ്രകടനങ്ങള്‍ മികച്ചതാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ ഹാര്‍ദിക്കിന് സാധിക്കുന്നുണ്ട്. എന്നാല്‍ ബൗളിങ്ങില്‍ തല്ലുകൊള്ളിയായി ഹാര്‍ദിക് മാറുന്നുണ്ട്.
റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്
ആറാം നമ്പറില്‍ ഫിനിഷറായി റിങ്കു സിങ്ങിനെ ഇന്ത്യ കളിപ്പിക്കും. സമീപകാലത്തായി റിങ്കു മികച്ച പ്രകടനത്തോടെ ടീമിന്റെ നട്ടെല്ലാണ്. ദക്ഷിണാഫ്രിക്കയിലും റിങ്കുവിന്റെ പ്രകടനം നിര്‍ണ്ണായകമാണ്. സ്പിന്‍ ഓള്‍റൗണ്ടറായി അക്ഷര്‍ പട്ടേല്‍ ഏഴാം നമ്പറില്‍ കളിക്കുമ്പോള്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്‍ ഓള്‍റൗണ്ടറായി രവി ബിഷ്‌നോയിയേയും ഇന്ത്യ കളിപ്പിക്കും. ബിഷ്‌നോയിക്ക് മികവ് കാട്ടി ടീമിലിടം ഉറപ്പിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്.
അര്‍ഷ്ദീപ്, യഷ് ദയാല്‍, ആവേശ് ഖാന്‍
ഇടം കൈയന്‍ പേസറായി അര്‍ഷ്ദീപ് സിങ് തുടരുമ്പോള്‍ ആര്‍സിബി താരം യഷ് ദയാലിനും അവസരം ലഭിച്ചേക്കും. സമീപകാലത്ത് മികച്ച ഫോമിലാണ് ദയാലുള്ളത്. 11ാമനായി ആവേശ് ഖാനേയും ഇന്ത്യ കളിപ്പിച്ചേക്കും. ഇടവേളക്ക് ശേഷമാണ് ആവേശ് ടി20 ടീമിലേക്കെത്തുന്നത്. തിളങ്ങാനാവാതെ പോയാല്‍ ഇനിയൊരു തിരിച്ചുവരവ് ഉണ്ടായേക്കില്ല.