പാള്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ അലമാരയിലെത്തിച്ചിരിക്കുകയാണ്. മൂന്ന് മത്സര പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയത്. നിര്‍ണ്ണായകമായ മൂന്നാം മത്സരത്തില്‍ 78 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയെടുത്തത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എട്ട് വിക്കറ്റിന് 296 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 218 റണ്‍സിനാണ് ഓള്‍ഔട്ടായത്. സെഞ്ച്വറി നേടിയ സഞ്ജു സാംസണാണ് (108) ഇന്ത്യയുടെ വിജയ ശില്‍പ്പിയായി മാറിയത്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ കന്നി സെഞ്ച്വറി പ്രകടനമാണ് സഞ്ജു നേടിയെടുത്തിരിക്കുന്നത്. എട്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് സഞ്ജു സെഞ്ച്വറി നേടിയെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ പ്രകടനത്തിന് വലിയ പ്രശംസയാണ് ക്രിക്കറ്റ് ലോകത്ത് നിന്ന് ലഭിക്കുന്നത്. വിമര്‍ശിച്ചവര്‍ പോലും സഞ്ജുവിനെ വാഴ്ത്തുകയും കൈയടിക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ സെഞ്ച്വറിക്ക് പിന്നാലെ സഞ്ജു തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം വൈറലായിരിക്കുകയാണ്.
സെഞ്ച്വറിക്ക് പിന്നാലെ സഞ്ജു ബാറ്റുയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്യുന്ന ചിത്രത്തോടൊപ്പം മുന്നോട്ട് തന്നെയെന്ന കുറിപ്പാണ് സഞ്ജു പങ്കുവെച്ചിരിക്കുന്നത്. എല്ലാ വിരോധികളോടുമുള്ള സഞ്ജുവിന്റെ മധുര പ്രതികാരമാണ് ഈ പ്രതികരണമെന്നാണ് ആരാധകര്‍ പറയുന്നത്. ഏകദിന ലോകകപ്പില്‍ നിന്ന് തഴയപ്പെട്ട സഞ്ജുവിന് ഇന്ത്യ തുടര്‍ച്ചയായി അവസരം നല്‍കിയിരിക്കുന്നത് വളരെ വിരളമായാണ്. മറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണ സഞ്ജുവിന് ലഭിച്ചിട്ടില്ല.
എന്നിട്ടും ലഭിക്കുന്ന അവസരങ്ങളില്‍ മികവ് കാട്ടുകയും ആരാധകരുടെ മനസ് കീഴടക്കുവാനും സഞ്ജുവിന് സാധിക്കുന്നു. സഞ്ജുവിന് കൂടുതല്‍ അവസരം നല്‍കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ സീനിയര്‍ താരങ്ങള്‍ ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍ സഞ്ജുവിന്റെ ചീട്ടുകീറാനാണ് സാധ്യത. സഞ്ജുവിനെ ദേശീയ ടീമില്‍ നിന്ന് തഴഞ്ഞപ്പോള്‍ കേരള ടീമിനൊപ്പം മികവ് കാട്ടാന്‍ അദ്ദേഹത്തിനായി. വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കേരളത്തെ സഞ്ജു നയിച്ചു.

ടീമില്‍ നിന്ന് തഴയപ്പെട്ടപ്പോഴും പൊരുതാനുറച്ച സഞ്ജുവിന്റെ മനസാണ് ഈ മികവിന്റെ അടിസ്ഥാനം. ഇത് സഞ്ജു തന്നെ തുറന്ന് സമ്മതിച്ചിട്ടുണ്ട്. ഈ സെഞ്ച്വറിക്ക് പിന്നില്‍ മാനസികവും ശാരീരികവുമായ വലിയ അധ്വാനമുണ്ടെന്നും ഇതിന്റെ ഫലമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നാണ് സഞ്ജു പറഞ്ഞത്. ഇത് ഏറെക്കുറെ ശരിയാണെന്ന് തന്നെ പറയാം. സെഞ്ച്വറിക്ക് ശേഷം തന്റെ കൈയുടെ മസില്‍ സഞ്ജു ഉയര്‍ത്തിക്കാട്ടിയത് തന്റെ ഫിറ്റ്‌നസ് പരിശീലകനോടുള്ള നന്ദി സൂചകമായാണ്.
മൂന്നാം നമ്പറിലിറങ്ങിയാണ് സഞ്ജുവിന്റെ സെഞ്ച്വറി പ്രകടനം. രോഹിത് ശര്‍മയെപ്പോലെ മധ്യനിരയില്‍ നിന്ന് ടോപ് ഓഡറിലേക്ക് ഉയര്‍ത്തപ്പെടേണ്ട താരമാണ് സഞ്ജു. മധ്യനിരയില്‍ കളിക്കാന്‍ തയ്യാറാണെന്ന് സഞ്ജു പറയുമ്പോഴും അദ്ദേഹത്തിന് അനുയോജ്യമായ ബാറ്റിങ് പൊസിഷനാണ് അതെന്ന് പറയാനാവില്ല. ഇക്കാരണത്താല്‍ത്തന്നെ ടോപ് ഓഡറില്‍ സഞ്ജുവിന് അവസരം ലഭിച്ചാല്‍ കൂടുതല്‍ മികച്ച പ്രകടനം പ്രതീക്ഷിക്കാം.
എന്നാല്‍ വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം മടങ്ങിയെത്തുമ്പോള്‍ സഞ്ജുവിന് ടീമിലെ സ്ഥാനം പോലും നഷ്ടപ്പെടാനാണ് സാധ്യത കൂടുതല്‍. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാന്‍ പോവുകയാണ്. സഞ്ജു സാംസണ്‍ തഴയപ്പെടാനാണ് സാധ്യത കൂടുതല്‍. കാരണം ടി20യിലെ അദ്ദേഹത്തിന്റെ പ്രകടന കണക്കുകള്‍ അത്ര മികച്ചതല്ല. എന്നാല്‍ ഏകദിനത്തില്‍ കൂടുതല്‍ അവസരം സഞ്ജു അര്‍ഹിക്കുന്നുണ്ടെന്ന് നിസംശയം പറയാം.
ഇനി സഞ്ജുവിനെ തഴയുക സെലക്ടര്‍മാര്‍ക്ക് എളുപ്പമാവില്ല. സെന രാജ്യത്ത്, അതും ദക്ഷിണാഫ്രിക്ക പോലെ ബാറ്റു ചെയ്യാന്‍ പ്രയാസമുള്ള പിച്ചില്‍ സഞ്ജുവിന് സെഞ്ച്വറി നേടാന്‍ സാധിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇനി മാറ്റിനിര്‍ത്തപ്പെട്ടാല്‍ വലിയ പ്രതിഷേധം ആരാധകര്‍ ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്.