IND vs SA: ഒരു സെഞ്ച്വറികൊണ്ട് സഞ്ജു സീറ്റുറപ്പിക്കുമോ? വ്യാമോഹം! സഞ്ജയ് പറയുന്നു
പാള്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി ഇന്ത്യയുടെ ഹീറോയായിരിക്കുകയാണ് സഞ്ജു സാംസണ്‍. പരമ്പര വിജയിയെ തീരുമാനിക്കുന്ന നിര്‍ണ്ണായകമായ മത്സരത്തിലാണ് സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനം. ബാറ്റിങ് വളരെ ദുഷ്‌കരമായ സാഹചര്യത്തിലും നന്നായി ബാറ്റുചെയ്ത് കന്നി അന്താരാഷ്ട്ര സെഞ്ച്വറി നേടാന്‍ മലയാളി താരത്തിനായി. സഞ്ജുവിന്റെ കരിയറിലെ വഴിത്തിരിവായി ഈ സെഞ്ച്വറി മാറുമെന്നാണ് പല പ്രമുഖരും വിലയിരുത്തുന്നത്.
സഞ്ജുവിന് കൂടുതല്‍ അവസരം ലഭിക്കുമെന്നും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാത്തതില്‍ സെലക്ടര്‍മാര്‍ ഇപ്പോള്‍ നിരാശപ്പെടുന്നുണ്ടാവുമെന്നുമെല്ലാം പ്രതികരണങ്ങളുണ്ടായി. എന്നാല്‍ ഈ ഒരു സെഞ്ച്വറി പ്രകടനം കൊണ്ട് സഞ്ജുവിന്റെ കരിയറില്‍ വലിയ മാറ്റമുണ്ടാവുമോ?. മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത് ഇങ്ങനെയാണ്. സഞ്ജുവിന്റെ കരിയറില്‍ വലിയ മാറ്റം ഇതുണ്ടാക്കിയേക്കില്ലെന്നും ടി20 ലോകകപ്പ് മോഹം സഞ്ജുവിന് വേണ്ടെന്നുമാണ് സഞ്ജയ് പറയുന്നത്.
'നിരവധി വര്‍ഷങ്ങള്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ കളിച്ചാണ് സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര അധികം വൈകാതെ ആളുകള്‍ മറക്കും. എന്നാല്‍ സഞ്ജുവിന്റെ പ്രകടനം അത്ര വേഗം മറക്കാനാവില്ല. നാലാം ഓവറിലെത്തി 44ാം ഓവറില്‍ സെഞ്ച്വറി നേടി. സഞ്ജുവില്‍ നിന്ന് ആരാധകര്‍ കാണാന്‍ ആഗ്രഹിച്ചതാണ് മത്സരത്തില്‍ കണ്ടത്. സഞ്ജുവിന്റെ ഈ നിര്‍ണ്ണായക പ്രകടനം ടീം മാനേജ്‌മെന്റും സെലക്ടര്‍മാരും മറക്കാനിടയില്ല.
ഏകദിനത്തില്‍ പ്ലേയിങ് 11ല്‍ സഞ്ജു അവസരം അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ ഒരു പ്രകടനംകൊണ്ട് അത് എളുപ്പമാവില്ല'- മഞ്ജരേക്കര്‍ പറഞ്ഞു. ഏകദിന ലോകകപ്പില്‍ നിന്നും ഏഷ്യാ കപ്പില്‍ നിന്നും ഇന്ത്യ സഞ്ജുവിനെ തഴഞ്ഞിരുന്നു. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനവും സെലക്ടര്‍മാര്‍ക്കെതിരേ ഉയര്‍ന്നിരുന്നു. ഇവര്‍ക്കെല്ലാമുള്ള സഞ്ജുവിന്റെ മറുപടിയാണ് സെഞ്ച്വറി പ്രകടനമെന്ന് പറയാം. സെന രാജ്യത്ത്, അതും ദക്ഷിണാഫ്രിക്ക പോലെ ബാറ്റിങ് പ്രയാസമുള്ള പിച്ചിലാണ് സഞ്ജുവിന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറിയെന്നതാണ് ശ്രദ്ധേയം.

അടുത്തതായി വരാനിരിക്കുന്ന വലിയ ടൂര്‍ണമെന്റ് ടി20 ലോകകപ്പാണ്. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ സഞ്ജുവിന് ഇടം നേടുക പ്രയാസമാണെന്ന് പറയാം. അദ്ദേഹത്തിന്റെ ടി20യിലെ കണക്കുകള്‍ അത്ര മികച്ചതല്ല. ഇന്ത്യക്കായി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴൊന്നും ടി20യില്‍ മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ടി20 ടീമില്‍ സഞ്ജുവിന് കൂടുതല്‍ അവസരം പ്രതീക്ഷിക്കാനാവില്ല.
എന്നാല്‍ ഏകദിന ഫോര്‍മാറ്റില്‍ സഞ്ജു കൂടുതല്‍ അവസരം അര്‍ഹിക്കുന്നു. 2025ലെ ചാമ്പ്യന്‍സ് ട്രോഫി ലക്ഷ്യമാക്കിയാവും സഞ്ജു തന്ത്രം മെനയുന്നത്. എന്നാല്‍ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാവില്ല. സ്ഥിരതയാണ് സഞ്ജുവിന്റെ പ്രധാന പ്രശ്‌നം. സമീപകാലത്ത് നടന്ന ആഭ്യന്തര ക്രിക്കറ്റുകളിലെല്ലാം സഞ്ജു ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും സ്ഥിരത പ്രശ്‌നമായിരുന്നു. സഞ്ജുവിന് സ്ഥിരം സീറ്റുറപ്പിക്കാന്‍ വളരെ പ്രയാസമാണെന്ന് പറയാം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്നാം നമ്പറില്‍ ബാറ്റു ചെയ്താണ് സഞ്ജു സെഞ്ച്വറി നേടിയത്. എന്നാല്‍ വിരാട് കോലിയും ശ്രേയസ് അയ്യരും തിരിച്ചെത്തുന്നതോടെ സഞ്ജുവിന് ടോപ് ഓഡറില്‍ കളിക്കാനാവില്ലെന്നുറപ്പ്. മധ്യനിരയില്‍ സീറ്റ് നേടുകയെന്നതും സഞ്ജുവിനെ സംബന്ധിച്ച് ദുഷ്‌കരമാണ്. തിലക് വര്‍മ, റിങ്കു സിങ്, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം മധ്യനിരയിലുള്ളപ്പോള്‍ സഞ്ജുവിന് അവസരം ലഭിക്കുക കടുപ്പമാണെന്ന് പറയാം.
വരാനിരിക്കുന്ന ഐപിഎല്ലും സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. രാജസ്ഥാന്‍ റോയല്‍സ് നായകനാണ് സഞ്ജു. ഇത്തവണ ടീമിനെ കപ്പിലേക്കെത്തിക്കാനായാല്‍ സഞ്ജുവിന്റെ കരിയറിലത് വലിയ മാറ്റം സൃഷ്ടിച്ചേക്കും. ഇത്തവണയും പ്ലേ ഓഫിലേക്കെത്താനാവാതെ പോയാല്‍ സഞ്ജുവിന് രാജസ്ഥാന്‍ നായകസ്ഥാനം നഷ്ടമാവുകയും കരിയറില്‍ വലിയ തിരിച്ചടി നേരിടാന്‍ ഇത് കാരണമാവുകയും ചെയ്യും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications