കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം നേടി 2024ലേക്കുള്ള വരവ് രാജകീയമാക്കിയിരിക്കുകയാണ്. ഇത്തവണത്തെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ടി20, ടെസ്റ്റ് പരമ്പരകള്‍ സമനിലയാക്കാനും ഏകദിനത്തില്‍ പരമ്പര നേടിയെടുക്കാനും ഇന്ത്യക്കായി. ഇതില്‍ കേപ്ടൗണ്‍ ടെസ്റ്റിലെ ഇന്ത്യയുടെ തകര്‍പ്പന്‍ ജയമാണ് എടുത്തു പറയേണ്ടത്. കേപ്ടൗണില്‍ ടെസ്റ്റ് വിജയം നേടിയെടുക്കുന്ന ആദ്യത്തെ ഇന്ത്യന്‍ നായകനായി രോഹിത് ശര്‍മ മാറുകയും ചെയ്തു.
എന്നാല്‍ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പ്രകടനമാണ് വിരാട് കോലി കാഴ്ചവെച്ചത്. 46 റണ്‍സുമായി ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോററാവാന്‍ കോലിക്ക് സാധിച്ചു. ഇന്ത്യയുടെ ഏറ്റവും നിര്‍ണ്ണായക താരമാണ് താനെന്ന് ഒരിക്കല്‍ക്കൂടി അടിവരയിട്ടാണ് കോലി ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങുന്നത്. ഇപ്പോഴിതാ വിരാട് കോലിയെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് എന്താണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട്.

'വിരാട് കോലി സാധാരണ താരമല്ല. ലോകത്തിലെ ശരിയായ ഒന്നാം നമ്പര്‍ കോലിയാണ്. വിരാട് കോലിയെപ്പോലൊരു താരം ലോക ക്രിക്കറ്റിലില്ല. അവന്റെ മനോഭാവമാണ് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. തന്റെ ദൗത്യത്തില്‍ നിന്ന് അവന്‍ പിന്നോട്ട് പോകില്ല. ക്രിക്കറ്റിനെക്കുറിച്ച് വലിയ അറിവാണ് അവനുള്ളത്. അധികമാര്‍ക്കും ഇല്ലാത്ത കാര്യമാണത്'-സല്‍മാന്‍ ബട്ട് പറഞ്ഞു. ഏത് മൈതാനത്തും തിളങ്ങാനുള്ള കഴിവാണ് കോലിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്താക്കുന്നത്.
ദക്ഷിണാഫ്രിക്കയില്‍ 50ന് മുകളിലാണ് കോലിയുടെ ടെസ്റ്റ് ശരാശരി. പ്രതിസന്ധി നിറഞ്ഞ പിച്ചില്‍ തിളങ്ങാന്‍ സവിശേഷമായ മികവാണ് കോലിക്കുള്ളത്. ഇന്ത്യ തകരുന്ന സാഹചര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ രക്ഷകനായിട്ടുള്ള താരങ്ങളിലൊരാളാള്‍ കോലിയാണെന്ന് പറയാം. ഇക്കാര്യത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെക്കാള്‍ മിടുക്കന്‍ കോലിയാണ്. റണ്‍സ് പിന്തുടരുന്ന സാഹചര്യത്തില്‍ കോലിയെക്കാളും മികച്ച ബാറ്റ്‌സ്മാന്‍ ലോക ക്രിക്കറ്റിലില്ലെന്ന് പറയാം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ ജയത്തില്‍ മുകേഷ് കുമാര്‍ നിര്‍ണ്ണായകമായെന്നാണ് ബട്ട് അഭിപ്രായപ്പെടുന്നത്. 'മുകേഷ് കുമാര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത് മത്സരത്തില്‍ വലിയ മാറ്റമുണ്ടാക്കി. ഒന്നാം ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയ ഡീന്‍ എല്‍ഗറെ പുറത്താക്കാന്‍ മുകേഷിനായി. ടോണി ഡി സോര്‍സിയേയും മുകേഷ് പുറത്താക്കി. രണ്ട് നിര്‍ണ്ണായക വിക്കറ്റുകള്‍ നേടി ഇന്ത്യയുടെ ജോലി എളുപ്പമാക്കാന്‍ മുകേഷിനായി. അതിന് ശേഷം ജസ്പ്രീത് ബുംറ കസറി.
എയ്ഡന്‍ മാര്‍ക്രം പോസിറ്റീവ് ക്രിക്കറ്റാണ് കളിച്ചത്. എക്‌സ്ട്രാ ബൗണ്‍സും പേസും നിറഞ്ഞ പിച്ചില്‍ അവന്റെ പ്രകടനം അഭിനന്ദനം അര്‍ഹിക്കുന്നു. എന്നാല്‍ ഇന്ത്യയെ വെല്ലുവിളിക്കാന്‍ ഈ പ്രകടനം മതിയാവുമായിരുന്നില്ല' ബട്ട് കൂട്ടിച്ചേര്‍ത്തു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തതാണ് ദക്ഷിണാഫ്രിക്കയ്ക്ക് പറ്റിയ വലിയ അബദ്ധം. ഒന്നാം ഇന്നിങ്‌സില്‍ 55 റണ്‍സില്‍ കൂടാരം കയറിയതോടെ ടീമിന്റെ കണക്കുകൂട്ടല്‍ തെറ്റി. മുഹമ്മദ് സിറാജിന്റെ ആറ് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.
രണ്ടാം ഇന്നിങ്‌സില്‍ ജസ്പ്രീത് ബുംറയുടെ ബൗളിങ്ങാണ് എടുത്തു പറയേണ്ടത്. ആറ് വിക്കറ്റാണ് ബുംറ രണ്ടാം ഇന്നിങ്‌സില്‍ നേടിയത്. മുകേഷ് കുമാര്‍ ബൗളിങ്ങില്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. പ്രസിദ്ധ് കൃഷ്ണ മാത്രമാണ് നിരാശപ്പെടുത്തിയത്. ഇന്ത്യ മുഹമ്മദ് ഷമിക്ക് പകരക്കാരനായി പരിഗണിച്ച താരമാണ് പ്രസിദ്ധ്. ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പിക്കാനുള്ള അവസരമായിരുന്നു പ്രസിദ്ധിന് മുന്നിലുണ്ടായിരുന്നതെങ്കിലും അവസരം മുതലാക്കാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയി.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പ്രസിദ്ധ് തഴയപ്പെട്ടേക്കും. ശ്രേയസ് അയ്യര്‍ക്കും ദക്ഷിണാഫ്രിക്കയില്‍ കാര്യമായ പ്രകടനം നടത്താനായില്ല. എന്നാല്‍ ഇന്ത്യക്ക് അഭിമാനിക്കാവുന്ന ടെസ്റ്റ് ജയമാണ് കേപ്ടൗണില്‍ നേടിയത്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പരയെന്ന നേട്ടത്തിനായി ഇനിയും കാത്തിരിക്കണം.