റായ്പൂര്‍: തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയില്‍ അപരാജിത ലീഡ് നേടാന്‍ തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. ബുധനാഴ്ച ഉച്ചയ്ക്കു 1.30 മുതല്‍ റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മല്‍സരം.
റാഞ്ചിയിലെ ഒന്നാമങ്കത്തില്‍ നേടിയ 17 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് കെഎല്‍ രാഹുലും സംഘവും. അടുത്ത കൡയിലും ജയിച്ച് മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ അപരാജിത ലീഡ് നേടുകയാവും ഇന്ത്യയുടെ ലക്ഷ്യം.

കഴിഞ്ഞ മല്‍സരത്തില്‍ ജയിച്ച അതേ ഇലവനെ തന്നെ നിലനിര്‍ത്തുമോ, അതോ ടീമില്‍ ഇന്ത്യ മാറ്റം വരുത്തുമൊയെന്നുമാണ് അറിയാനുള്ളത്. രണ്ടാമങ്കത്തില്‍ ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു പരിശോധിക്കാം.
ഇന്ത്യന്‍ ഇലവനില്‍ ആരൊക്കെ?
ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ അഭാവത്തില്‍ ആദ്യ ഏകദിനത്തില്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായെത്തിയത് ഇടംകൈയന്‍ യുവവ താരം യശസ്വി ജയ്‌സ്വാളാണ്. പോസിറ്റീവായി തുടങ്ങിയെങ്കിലും അതൊരു വലിയ ഇന്നിങ്‌സാക്കി മാറ്റാന്‍ അദ്ദേഹത്തിനായില്ല. 16 ബോളില്‍ 18 റണ്‍സെടുത്ത് ജയ്‌സ്വാള്‍ ക്രീസ് വിടുകയായിരുന്നു.
പക്ഷെ ഈ ഫ്‌ളോപ്പ് ഷോയുടെ പേരില്‍ രണ്ടാമങ്കത്തില്‍ അദ്ദേഹത്തെ ഇന്ത്യ കൈവിടില്ല. ഓപ്പണിങ് സ്ഥാനം റായ്പൂരിലും ജയ്‌സ്വാള്‍ നിലനിര്‍ത്തും. മൂന്നാമനായി റണ്‍മെഷീന്‍ വിരാട് കോലിയുണ്ടാവും. റാഞ്ചിയില്‍ 52ാം ഏകദിന സെഞ്ച്വറി (135) കുറിച്ച അദ്ദേഹം ഗംഭീര ഫോമിലാണ്. മറ്റൊരു വലിയ ഇന്നിങ്‌സാവും കോലി അടുത്ത കളിയില്‍ ലക്ഷ്യമിടുക.
പരിക്കേറ്റ ശ്രേയസ് അയ്യര്‍ ടീമിന്റെ ഭാഗമല്ലാത്തിനാല്‍ റുതുരാജ് ഗെയ്ക്വാദിനെയാണ കഴിഞ്ഞ കളിയില്‍ ഇന്ത്യ പരീക്ഷിച്ചത്. പക്ഷെ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തി. 14 ബോളില്‍ വെറും എട്ടു റണ്‍സ് മാത്രമേ റുതുരാജ് നേടിയുളളൂ. അടുത്ത മല്‍സരത്തില്‍ അദ്ദേഹത്തെ മാറ്റി യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മയെ ഇന്ത്യ പരീക്ഷിച്ചേക്കേും.
ടോപ്പ് ഫൈവില്‍ ജയ്‌സ്വാളല്ലാതെ വേറെ ഇടംകൈയന്‍മാരില്ലാത്തതിനാലാണ് കഴിഞ്ഞ മല്‍സരത്തില്‍ വാഷിങ്ടണിനെ അഞ്ചാം നമ്പറിലേക്കു ഇന്ത്യ പ്രൊമോട്ട് ചെയ്തത്. ഈ നീക്കം വിജയിച്ചതുമില്ല. തിലകിനു നാലാ നമ്പര്‍ നല്‍കിയാല്‍ ഇന്ത്യക്കു ഈ കുറവ് പരിഹരിക്കാം. വാഷിയെ തിരികെ ഏഴിലേക്കു മാറ്റുകും ചെയ്യാം.

ബാറ്റിങിനൊപ്പം ബൗളിങിലും ഉപയോഗിക്കാമെന്നത് തിലകിനെ റുതുരാജിനേക്കാള്‍ മൂല്യമേറിയ താരവുമാക്കി മാറ്റുന്നു. തിലക് കളിച്ചാല്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ ഫേവറിറ്റ് പൊസിഷനായ അഞ്ചില്‍ തന്നെ ഇന്ത്യക്കു കളിപ്പിക്കാനും സാധിക്കും. ആറാമനായി വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും വാഷിങ്ടണും തന്നെയാണുണ്ടാവുക.
അതു കഴിഞ്ഞാല്‍ ബൗള്‍മാരുടെ ഊഴമായിക്കും. എട്ടാമനായി ബാറ്റിങ് കൂടി വശമുള്ള ഹര്‍ഷിത് റാണയെയാണ് ഇന്ത്യ ക്രീസിലേക്കു അയക്കുക. ഒമ്പതില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവിനെയും കാണാം. തുടര്‍ന്ന് അവസാനത്തെ രണ്ടു പേര്‍ പോസ് ജോടികളായ അര്‍ഷ്ദീപ് സിങും പ്രസിദ്ധ് കൃഷ്ണയുമായിരിക്കും.
രണ്ടാമങ്കത്തിലെ ഇന്ത്യന്‍ സാധ്യതാ 11
രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, തിലക് വര്‍മ, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ.