റുതുവാണ് ഹീറോ!! അഭിഷേക് ഏകദിനത്തിലെ സൂര്യ? തിലകും പോരാ; എല്ലാമറിയാം
ഇന്ത്യന്‍ എ ടീമും സൗത്താഫ്രിക്കന്‍ എയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര അവസാനിച്ചിരിക്കുകയാണ്. തിലക് വര്‍മയ്ക്കു കീഴില്‍ ഇന്ത്യ 2-1നു പരമ്പര പോക്കറ്റിലാക്കുകയും ചെയ്തു. അവസാന കളിയില്‍ 73 റണ്‍സിന്റെ വന്‍ തോല്‍വിയേറ്റു വാങ്ങിയെങ്കിലും ആദ്യ രണ്ടു മല്‍സരങ്ങളിലെയും ജയം ഇന്ത്യയെ പരമ്പര വിജയത്തിലെത്തിക്കുകയായിരുന്നു.
നേരത്തേ നടന്ന രണ്ടു ടെസ്റ്റുകളുടെ അനൗദ്യോഗിക പരമ്പര 1-1നു അവസാനിച്ചിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഏകദിന പരമ്പര ഈ മാസം തുടങ്ങാനിരിക്കുകയാണ്. അതിനുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ പല താരങ്ങള്‍ക്കും സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള അവസരമായിരുന്നു ഇന്ത്യന്‍ എ ടീമിന്റെ പരമ്പര.

പക്ഷെ ഏറെ പ്രതീക്ഷയുണ്ടായിരുന്ന ചില ടി20 സ്‌പെഷ്യലിസ്റ്റുകള്‍ ഈ പരമ്പരില്‍ നനഞ്ഞ പടക്കമായി മാറി. ആരാണ് സീനിയര്‍ ടീമിലേക്കു അവകാശവാദമുന്നയിച്ചതെന്നും ആരെല്ലാമാണ് ഫ്‌ളോപ്പായി മാറിയതെന്നും നമുക്കു പരിശോധിക്കാം.
സ്റ്റാറായി റുതുരാജ്
ഇന്ത്യ എയും സൗത്താഫ്രിക്ക എയും തമ്മിലുള്ള ഏകദിന പരമ്പരയിലെ യഥാര്‍ഥ സ്റ്റാര്‍ ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്ത റുതുരാജ് ഗെയ്ക്വാദാണ്. ഇന്ത്യന്‍ എ ടീം ഓപ്പണറായി അദ്ദേഹത്തിന്റെ അഴിഞ്ഞാട്ടം തന്നെയാണ് കണ്ടത്. പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയതും റുതുരാജ് തന്നെ. പ്ലെയര്‍ ഓഫ് ദി സീരീസായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
മൂന്നു മല്‍സരങ്ങളില്‍ നിന്നും 105 എന്ന ഞെട്ടിക്കുന്ന ശരാശരിയില്‍ 86.77 സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം അടിച്ചെടുത്തത് 210 റണ്‍സാണ്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. ആദ്യ ഏകദിനത്തില്‍ ഇന്ത്യ 286 റണ്‍സ് ചേസ് ചെയ്യവെയാണ് സെഞ്ച്വറിയോടെ റുതുരാജ് മുന്നില്‍ നിന്നും പട നയിച്ചത്.
117 റണ്‍സുമായി അദ്ദേഹം ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിക്കുകയും ചെയ്തു. 129 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 12 ഫോറുകളുണ്ടായിരുന്നു. അതിനു ശേഷം രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 133 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടരവെ ജയം എളുപ്പമാക്കിയത് റുതുരാജിന്റെ ഫിഫ്റ്റിയാണ്. 83 ബോളില്‍ ഒമ്പതു ഫോറടക്കം 68 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നിന്നു.
അവസാന കളിയില്‍ മാത്രമാണ് റുതുരാജിനു കാര്യമായി തിളങ്ങാന്‍ കഴിയാതെ പോയത്. 30 ബോളില്‍ 25 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. ഈ പരമ്പരയിലെ പ്രകടനം ഇന്ത്യന്‍ ഏകദിന ടീമിലേക്കു റുതുരാജിന്റെ മടങ്ങിവരവിനു വഴിയൊരുക്കിയേക്കും. കാരണം ശ്രേയസ് അയ്യര്‍ പരിക്കു കാരണം കളിക്കില്ല. പകരക്കാരനയി റുതുവിനാവും നറുക്കുവീണേക്കുക.
ഫ്ളോപ്പായി അഭിയും തിലകും
ഇന്ത്യന്‍ എയുടെ ഏകദിന പരമ്പരയില്‍ എല്ലാവവരും ഉറ്റുനോക്കിയത് യുവ സൂപ്പര്‍ താരങ്ങളും ടി20 സ്‌പെഷ്യലിസ്റ്റുകളുമാ അഭിഷേക് ശര്‍മയുടെയും തിലക് വര്‍മയുടെയും പ്രകടനങ്ങളായിരുന്നു. പക്ഷെ രണ്ടു പേരും പരമ്പരയില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കിയില്ല.

ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റര്‍ കൂടിയായ അഭിഷേകിനു മൂന്നിങ്‌സുകളില്‍ നിന്നും 24 ശരാശരിയില്‍ 134 സ്‌ട്രൈക്ക് റേറ്റോടെ നേടാനായത് വെറും 74 റണ്‍സാണ്. ടി20 മാത്രം വഴങ്ങുന്ന സൂര്യകുമാര്‍ യാദവിനെ പോലെയാണോ അഭിഷേകുമെന്നു പലരും ചോദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കാരണം ലിസ്റ്റ് 30 പോലും ശരാശരി അദ്ദേഹത്തിനില്ലെന്നതാണ് ഞെട്ടിക്കുന്ന കാര്യം.
ഏകദിനത്തില്‍ വിരാട് കോലിയുടെ പൊസിഷനായ മൂന്നാം നമ്പറിന്റെ അടുത്ത അവകാശിയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന തിലകും പ്രതീക്ഷ കാത്തില്ല. ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം മൂന്നിങ്‌സുകളിലായി 24.39 ശരാശരിയില്‍ നേടിയത് 79 റണ്‍സാണ്. 55 എന്ന ദയനീയ ശരാശരിയോടെയാണിത്. വളരെ സ്ലോ ബാറ്റിങാണ് പരമ്പരയിലുടനീളം അദ്ദേഹം കാഴ്ചവച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications