ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സൗത്താഫ്രിക്കന്‍ ടീം ഏകപക്ഷീയമായ വിജയം കൊയ്തപ്പോള്‍ ഐപിഎല്ലിലെ രണ്ടു ടീമുകൾ തീര്‍ത്തും വ്യത്യസ്തമായിട്ടാണ് ഇതിനെ നോക്കിക്കാണുന്നത്. ഒരു ടീമിനു ലോട്ടറിയടിച്ച പ്രതീതിയാണുള്ളതെങ്കില്‍ മറ്റൊരു ടീം അഞ്ചു കോടി രൂപ വെള്ളത്തിലായോ എന്ന സംശയത്തിലുമാണ്. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാണ് സൗത്താഫ്രിക്കന്‍ ജയത്തില്‍ ഹാപ്പിയായ ടീം. എന്നാല്‍ നിരാശയിലുള്ളത് അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സാണ്.
ദുബായില്‍ നടന്ന കഴിഞ്ഞ താരലേലത്തില്‍ ഇരുടീമുകളും വാങ്ങിയ സൗത്താഫ്രിക്കന്‍ താരങ്ങളുടെ സെഞ്ചൂറിയന്‍ ടെസ്റ്റിലെ പ്രകടനമാണ് ഇതിനു കാരണം. സൗത്താഫ്രിക്കയുടെ യുവേ പേസര്‍മാരായ ജെറാള്‍ഡ് കോട്‌സിയും നാന്ദ്രെ ബര്‍ഗറുമാണ് കരിയറിലാദ്യമായി ഇത്തവണ ഐപിഎല്‍ ലേലത്തില്‍ നറുക്കുവീണ താരങ്ങള്‍.

ഓള്‍റൗണ്ടര്‍ കൂടിയായ കോട്‌സിയെ അഞ്ചു കോടി രൂപയ്ക്കായിരുന്നു ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായ മുംബൈ വാങ്ങിയത്. എന്നാല്‍ ബര്‍ഗറെ സ്വന്തമാക്കാന്‍ റോയല്‍സിനു വെറും 50 ലക്ഷം രൂപ മാത്രമേ മുടക്കേണ്ടി വന്നുള്ളൂ.
ഇന്ത്യക്കെതിരായ ടെസ്റ്റില്‍ കോട്‌സി നനഞ്ഞ പടക്കമായപ്പോള്‍ ബര്‍ഗര്‍ കത്തിക്കയറുകയായിരുന്നു. ടെസ്റ്റില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു. കോട്‌സിക്കു രണ്ടിന്നിങ്‌സുകളിലും ബൗളിങില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
ആദ്യ ഇന്നിങ്‌സില്‍ 16 ഓവറുകളാണ് അദ്ദേഹം ബൗള്‍ ചെയ്തത്. ഒരു മെയ്ഡനടക്കം 4.6 ഇക്കോണമി റേറ്റില്‍ 74 റണ്‍സ് വിട്ടുകൊടുത്ത കോട്‌സിക്കു ഒരു വിക്കറ്റ് മാത്രമേ വീഴ്ത്താനായുള്ളൂ. വാലറ്റക്കാരനായ മുഹമ്മദ് സിറാജിനെയാണ് അദ്ദേഹം പുറത്താക്തിയത്.
രണ്ടാമിന്നിങ്‌സിലാവട്ടെ കോട്‌സി വിക്കറ്റൊന്നുമില്ലാതെ നന്നായി തല്ലും വാങ്ങിക്കൂട്ടി. അഞ്ചോവറുകള്‍ ബൗള്‍ ചെയ്ത പേസര്‍ 5.6 ഇക്കോണമി റേറ്റില്‍ 28 റണ്‍സാണ് വിട്ടുകൊടുത്തത്. രണ്ടിന്നിങ്‌സിലും സൗത്താഫ്രിക്കന്‍ ബൗളിങ് നിരയില്‍ ഏറ്റവും മോശം ഇക്കോണമി റേറ്റും കോട്‌സിക്കായിരുന്നു.
പക്ഷെ ഐപിഎല്ലില്‍ കാര്യമായ ഡിമാന്റില്ലാതെ പോയ, അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കു റോയല്‍സ് വാങ്ങിയ ബര്‍ഗര്‍ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യയുടെ അന്തകനായി മാറി. രണ്ടിന്നിങ്‌സുകളിലും തന്റെ ലൈനും ലെങ്തും വേഗതയും കൊണ്ട് ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു അദ്ദേഹം നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു.
സ്റ്റാര്‍ പേസര്‍ കാഗിസോ റബാഡയ്‌ക്കൊപ്പം രണ്ടിന്നിങ്‌സുകളിലായി ഏഴു വിക്കറ്റുകളാണ് ബര്‍ഗര്‍ കടപുഴക്കിയത്. ആദ്യ ഇന്നിങ്‌സില്‍ 15.4 ഓവറില്‍ 3.2 ഇക്കോണമി റേറ്റില്‍ 50 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ ബര്‍ഗര്‍ വീഴ്ത്തിയിരുന്നു. യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, കെഎല്‍ രാഹുല്‍ തുടങ്ങിയ ഇന്ത്യയുടെ നിര്‍ണയാക താരങ്ങളെയാണ് അദ്ദേഹം മടക്കിയത്.

രണ്ടാമിന്നിങ്‌സിലും ബര്‍ഗര്‍ മോശമാക്കിയില്ല. 10 ഓവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെ 3.3 ഇക്കോണി റേറ്റില്‍ 33 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ പേസര്‍ പോക്കറ്റിലാക്കി. രണ്ടാമിന്നിങ്‌സില്‍ ടീമിനായി കൂടുതല്‍ വിക്കറ്റുകളെടുത്തതും അദ്ദേഹം തന്നെ.
അടുത്ത ഐപിഎല്‍ സീസണില്‍ റോയല്‍സില്‍ തന്റെ ടീമംഗമായ യശസ്വി ജയ്‌സ്വാളിനെ ഒരിക്കല്‍ക്കൂടി പുറത്താക്കിയ ബര്‍ഗര്‍ അതിനു ശേഷം രാഹുല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ് എന്നിവരെയും മടക്കി നാലു വിക്കറ്റ് നേട്ടം കൈവരിക്കുകയുമായിരുന്നു.
ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനത്തിനു ശേഷമാണ് ഐപിഎല്‍ ലേലം നടന്നിരുന്നതെങ്കില്‍ ബര്‍ഗര്‍ക്കു കൂടുതല്‍ ഉയര്‍ന്ന തുക ലഭിക്കുമെന്ന കാര്യമുറപ്പാണ്. കാരണം ഇന്ത്യക്കെതിരേയാണ് ഈ മാസം മൂന്നു ഫോര്‍മാറ്റുകളിലും ഇടംകൈയന്‍ പേസര്‍ ദേശീയ ടീമിനായി അരങ്ങേറിയത്.