For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: രോഹിത്തിന് എന്തു പറ്റി? 20 പരമ്പരകളില്‍ മുമ്പൊരിക്കലുമില്ല! ഫാന്‍സിന് ഞെട്ടല്‍

സൗത്താഫ്രിക്കന്‍ മണ്ണില്‍ ചരിത്രം കുറിച്ച് രോഹിത് ശര്‍മയുടെ ടീം ഇന്ത്യ നാട്ടിലേക്കു മടങ്ങുകയാണ്. ടെസ്റ്റ് പരമ്പര നേട്ടമെന്ന സ്വപ്‌നം യാഥാര്‍ഥ്യമായില്ലെങ്കിലും രണ്ടു ടെസ്റ്റുകളുടെ പരമ്പര 1-1നു സമനിലയില്‍ അവസാനിപ്പിക്കാനായത് ഇന്ത്യയെ സംബന്ധിച്ച് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ്. കാരണം 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സൗത്താഫ്രിക്കയില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തോല്‍ക്കാതെ രക്ഷപ്പെട്ടത്.

മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴിലാണ് അവസാനമായി ഇന്ത്യ ഇവിടെ സൗത്താഫ്രിക്കയെ സമനിലയില്‍ കുരുക്കിയത്. ഇത്തവണ സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 32 റണ്‍സിനും തകര്‍ന്നടിഞ്ഞപ്പോള്‍ ഒരു തിരിച്ചുവരവ് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ കേപ്ടൗണിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ അവിശ്വസനീയ തിരിച്ചുവരവ് നടത്തുകയായിരുന്നു. വെറും രണ്ടു ദിവസം കൊണ്ട് സൗത്താഫ്രിക്കയെ ഇന്ത്യ തീര്‍ക്കുകയായിരുന്നു.

ROHIT SHARMA

ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ കേപ്ടൗണില്‍ ടെസ്റ്റ് ജയിച്ച ആദ്യത്തെ ഏഷ്യന്‍ ക്യാപ്റ്റനെന്ന വമ്പന്‍ റെക്കോര്‍ഡും രോഹിത്തിനെ തേടിയെത്തിയിരുന്നു. ക്യാപ്റ്റന്റെ റോളില്‍ പല നാഴികക്കല്ലുകളും കുറിച്ചെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിനു ഈ പരമ്പര അത്ര ആഹ്ലാദിക്കാന്‍ വക നല്‍കുന്നതല്ല. കാരണം നാലു ഇന്നിങ്‌സുകളിലും കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല.

അതു മാത്രമല്ല ടെസ്റ്റ് കരിയറിലാദ്യമായി വലിയൊരു തിരിച്ചടിയും രോഹിത്തിനെ തേടിയെത്തിയിരുന്നു. ഒരു സിക്‌സര്‍ പോലുമില്ലാതെയാണ് അദ്ദേഹം ഈ പരമ്പര അവസാനിപ്പിച്ചത്. കുറഞ്ഞതു രണ്ടു ടെസ്റ്റുകളെങ്കിലും ഉള്‍പ്പെട്ട 20 പരമ്പരകള്‍ രോഹിത് ഇതുവരെ കളിച്ചിട്ടുണ്ട്. പക്ഷെ ഇതുവരെ ഒരു പരമ്പരയില്‍ പോലും അദ്ദേഹത്തിനു സിക്‌സറടിക്കാന്‍ സാധിക്കാതെ പോയിട്ടില്ല. സൗത്താഫ്രിക്കയ്‌ക്കെതിരേ അതും സംഭവിച്ചിരിക്കുകയാണ്.

സൗത്താഫ്രിക്കയ്‌ക്കെതിരേ നാലു ഇന്നിങ്‌സുകളിലും രോഹിത് ഇന്ത്യക്കായി ബാറ്റ് ചെയ്തിരുന്നു. ഇവയില്‍ നിന്നും 20 എന്ന മോശം ശരാശരിയില്‍ വെറും 60 റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായത്. 10 ഫോറുകളടിച്ച ഹിറ്റ്മാന്‍ ഒരു സിക്‌സര്‍ പോലും നേടിയില്ല. 39 റണ്‍സാണ് പരമ്പരയില്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സില്‍ വെറും അഞ്ചു റണ്‍സിനും രണ്ടാമിന്നിങ്‌സില്‍ പൂജ്യത്തിനും രോഹിത് ക്രീസ് വിട്ടിരുന്നു. രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 39 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു. രണ്ടാമിന്നിങ്‌സിലാവട്ടെ പുറത്താവാതെ 17 റണ്‍സുമെടുക്കുകയായിരുന്നു.

ROHIT SHARMA

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനു ശേഷം രോഹിത് കളിച്ച ആദ്യത്തെ പരമ്പരയായിരുന്നു സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പര. ലോകകപ്പില്‍ സിക്‌സറുകള്‍ വാരിക്കൂട്ടിയ അദ്ദേഹം പല വമ്പന്‍ റെക്കോര്‍ഡുകളും തന്റെ പേരില്‍ കുറിക്കുകയും ചെയ്തു.

31 സിക്‌സറുകളാണ് 11 മല്‍സരങ്ങളില്‍ നിന്നും രോഹിത് അടിച്ചെടുത്തത്. സിക്‌സറുകളുടെ എണ്ണത്തില്‍ മറ്റാരും തന്നെ അദ്ദേഹത്തിന്റെ അരികില്‍ പോലും എത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയിലും രോഹിത്തില്‍ നിന്നും കണ്ണഞ്ചിക്കുന്ന നിരവധി സിക്‌സറുകള്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു.

പക്ഷെ സൗത്താഫ്രാക്കിയിലെ പേസും ബൗണ്‍സുമുള്ള അതിവേഗ പിച്ചുകളില്‍ അദ്ദേഹം റണ്ണെടുക്കാന്‍ ശരിക്കും പാടുപെട്ടു. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ രോഹിത്തിനു കളിക്കാനായത് രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ മാത്രമായിരുന്നു. ബാക്കിയുള്ള മൂന്നു ഇന്നിങ്‌സുകളിലും ഹിറ്റ്മാന്‍ റണ്ണെടുക്കാനാവാതെ വിയര്‍ത്തു.

Story first published: Friday, January 5, 2024, 16:21 [IST]
Other articles published on Jan 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+