സെഞ്ച്വൂറിയന്‍: സൗത്താഫ്രിക്കയുമായുള്ള ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ നിരയിലെ ഏറ്റലും വലിയ ഫ്‌ളോപ്പുകളിലൊന്നായിരുന്നു യുവ പേസര്‍ പ്രസിദ്ധ് കൃഷ്ണ. അരങ്ങേറ്റ മല്‍സരം കളിച്ച അദ്ദേഹം ബൗളിങില്‍ തികഞ്ഞ പരാജയമായി മാറുകയായിരുന്നു. ഫാസ്റ്റ് ബൗളര്‍മാര്‍ക്കു അനുകൂലമായ പിച്ചും സാഹചര്യങ്ങളുണ്ടായിട്ടും പ്രസിദ്ധിനു ഇതു മുതലാക്കാനായില്ല.
20 ഓവറില്‍ 4.7. ഇക്കോണമി റേറ്റില്‍ 93 റണ്‍സാണ് പേസര്‍ വിട്ടുകൊടുത്തത്. വീഴ്ത്താനായത് ഒരേയൊരു വിക്കറ്റുമായിരുന്നു. പ്രസിദ്ധിനു എന്തുകൊണ്ടാണ് തിളങ്ങാന്‍ സാധിക്കാതെ പോയതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മല്‍സരശേഷമുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രസിദ്ധിനെ പിന്തുണച്ച് അദ്ദേഹം സംസാരിച്ചത്.

അനുഭവസമ്പത്ത് കുറവാണെന്നതു പ്രസിദ്ധിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. പക്ഷെ ഇവിടേക്കു വരാനും ഗെയിം കളിക്കാനുമുള്ള ടൂളുകള്‍ അവന്റെ പക്കലുണ്ട്. ഇന്ത്യയില്‍ നമുക്കുള്ള ബൗളര്‍മാരില്‍ ചിലര്‍ പരിക്കിന്റെ പിടിയിലാണ്, ചിലര്‍ ലഭ്യവുമല്ല. അതുകൊണ്ടു തന്നെ ലഭ്യമായ കളിക്കാരെ ടീമിലെടുക്കാനാണ് ഞങ്ങള്‍ ശ്രമിക്കാറുള്ളത്.
ഏതു തരത്തിലുള്ള സാഹചര്യങ്ങളിലാണ് കളിക്കാന്‍ പോവുന്നതെന്നു മനസ്സിലാക്കി അതിനു അനുസരിച്ചുള്ള ബൗളര്‍മാരെയാണ് എല്ലായ്‌പ്പോഴും തിരഞ്ഞെടുക്കാറുള്ളതെന്നും രോഹിത് വ്യക്തമാക്കി.
അനുഭവസമ്പത്തിനേക്കാള്‍ നിങ്ങള്‍ സ്വന്തം മനസ്സിനെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും, എങ്ങനെയാണ് നിങ്ങള്‍ ഗെയിം കളിക്കാന്‍ ആഗ്രഹിക്കുന്നത് എന്നതുമാണ് കൂടുതല്‍ പ്രധാനം. ഞാന്‍ ഒരുപാട് ടെസ്റ്റ് മല്‍സരങ്ങളിലും ഒരുപാട് ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളിലുമൊന്നും കളിച്ചിട്ടില്ലെന്നു നിങ്ങള്‍ ചിന്തിച്ചു കൊണ്ടിരുന്നാല്‍ അതു ഒരു തരത്തിലും സഹായിക്കാന്‍ പോവുന്നില്ലെന്നും രോഹിത് നിരീക്ഷിച്ചു.
കഴിഞ്ഞ രണ്ട്- മൂന്നു വര്‍ഷത്തിനിടെ പ്രസിദ്ധ് ഒരുപാട് വൈറ്റ് ബോള്‍ മല്‍സരങ്ങളില്‍ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുണ്ട്. ഒരുപാട് കഴിവുകള്‍ തനിക്കുണ്ടെന്നു അവന്‍ കാണിച്ചു തരികയും ചെയ്തിട്ടുള്ളതാണ്. ടെസ്റ്റില്‍ ആദ്യത്തെ മല്‍സരത്തില്‍ ഇറങ്ങിയപ്പോള്‍ അതു നന്നായി വര്‍ക്കായില്ല. പക്ഷെ ആദ്യത്തെ മല്‍സരത്തില്‍ കളിക്കാനിറങ്ങുമ്പോള്‍ നമുക്കെല്ലാവര്‍ക്കും പരിഭ്രമമുണ്ടാവുകയും ചെയ്യും.

ഇത്തരം കാര്യങ്ങള്‍ സംഭവിക്കാവുന്നതാണ്. പക്ഷെ ഈ ഫോര്‍മാറ്റില്‍ തിളങ്ങാനുള്ള പ്രതിഭ തീര്‍ച്ചയായും പ്രസിദ്ധിനുണ്ട്. അതുകൊണ്ടു തന്നെ അവനെ പിന്തുണയ്ക്കാന്‍ തന്നെയാണ് ഞങ്ങളുടെ ശ്രമം. കാരണം ഗെയിമിനെക്കുറിച്ച് നല്ല മനോഭാവമുള്ള അവന് തീര്‍ച്ചയായും നല്ല കഴിവുമുണ്ടെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കു വേണ്ടി 17 ഏകദിനങ്ങളിലും അഞ്ചു ടി20കളിലും പ്രസിദ്ധ് ഇതിനകം കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും യഥാക്രമം 29ഉം എട്ടും വിക്കറ്റുകളാണ് പേസര്‍ക്കു ലഭിച്ചത്.
സെഞ്ചൂറിയന്‍ ടെസ്റ്റില്‍ നാലു പേസര്‍മാരും ഒരു സ്പിന്നറുമടങ്ങുന്ന ബൗളിങ് കോമ്പിനേഷനായിരുന്നു ഇന്ത്യ പരീക്ഷിച്ചത്. പ്രസിദ്ധിനൊപ്പം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരാണ് പേസ് ബൗളിങ് കൈകാര്യം ചെയ്തത്. വെറ്ററനും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ അശ്വിനായിരുന്നു ഏക സ്പിന്നര്‍.
ഇവരില്‍ ബുംറയും സിറാജും മികച്ചുനിന്നപ്പോള്‍ ബാക്കിയുള്ള മൂന്നു പേര്‍ക്കും ബൗളിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാനായില്ല. നാലു വിക്കറ്റുകള്‍ പിഴുത ബുറയാണ് ഇന്ത്യന്‍ പേസ് ബൗളിങിലെ കുന്തമുനയായത്. 26.4 ഓവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹം 2.6 ഇക്കോണമി റേറ്റിലാണ് നാലു വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്.
സിറാജ് 24 ഓവറില്‍ 3.8 ഇക്കോണമി റേറ്റില്‍ രണ്ടു വിക്കറ്റുകളും വീഴ്ത്തി. മല്‍സരത്തില്‍ പ്രസിദ്ധിനേക്കാള്‍ മോശം ബൗളിങ് കാഴ്ചവച്ചത് ശര്‍ദ്ദുലായിരുന്നു. 19 ഓവറില്‍ 5.3 ഇക്കോണമി റേറ്റില്‍ 101 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് മാത്രമേ ലഭിക്കുകയും ചെയ്തുള്ളൂ.