രോഹിത് പുതിയ ഏകദിന നായകന്‍! ടെസ്റ്റില്‍ വൈസ് ക്യാപ്റ്റനും- ടെസ്റ്റ് ടീം പ്രഖ്യാപിച്ചു
ടി20ക്കു പിന്നാലെ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെയും നായകനായി രോഹിത് ശര്‍മയെ നിയമിച്ചു. ടെസ്റ്റില്‍ അദ്ദേഹം പുതിയ വൈസ് ക്യാപ്റ്റനുമായിരിക്കുകയാണ്. വിരാട് കോലി ടി20 ടീമിന്റെ നായകസ്ഥാനം കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം ഒഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ന്യൂസിലാന്‍ഡിനെതിരേ നടന്ന കഴിഞ്ഞ ടി20 പരമ്പരയില്‍ രോഹിത്തിനെ സ്ഥിരം ക്യാപ്റ്റനും കെഎല്‍ രാഹുലിനെ പുതിയ വൈസ് ക്യാപ്റ്റനുമാക്കിയിരുന്നു. ടി20ക്കു പിന്നാലെ ഏകിനദിനത്തിലും രോഹിത്തിനെ നായകനാക്കുമെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ അതു സംഭവിക്കുകയും ചെയ്തിരിക്കുകയാണ്. സൗത്താഫ്രിക്കന്‍ പര്യടനത്തിലെ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇതോടെ രോഹിത്തായിരിക്കും ഇന്ത്യയെ നയിക്കുക.
സൗത്താഫ്രിക്കയുമായുള്ള മൂന്നു ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെയും പ്രഖ്യാപിച്ചു. 18 പേരുള്‍പ്പെട്ട സംഘത്തെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുത്തിട്ടില്ല. ഈ ടീമിനെ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് വിവരം.

കോലിയെ നീക്കി
ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സിയെ സംബന്ധിച്ച് വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുമായി ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്ന് ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷെ രോഹിത്തിനെ ധൃതി പിടിച്ചു നായകനാക്കാന്‍ സാധ്യതയില്ലെന്നായിരുന്നു സൂചനകള്‍. സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കോലി തന്നെയായിരിക്കും നയിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ എല്ലാ അഭ്യൂഹങ്ങളും തെറ്റിച്ചുകൊണ്ടാണ് ഇപ്പോള്‍ ബിസിസിഐയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.
കോലിയെ ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും നീക്കിയത് തന്നെയാണെന്നാണ് വിവരം. വരാനിരിക്കുന്ന മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റനായി രോഹിത് ശര്‍മയെ നിയമിക്കാന്‍ ഓള്‍ ഇന്ത്യ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചുവെന്നാണ് ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

കോലിയുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ്
ഏകദിന ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ ഗംഭീര റെക്കോര്‍ഡാണ് വിരാട് കോലിക്കുള്ളത്. അദ്ദേഹത്തിനു കീഴില്‍ 95 മല്‍സരങ്ങളിലാണ് ഇന്ത്യ കളിച്ചത്. ഇതില്‍ 65 എണ്ണത്തിലും ടീമിനെ വിജയത്തിലേക്കു നയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 27 കളികളിലാണ് പരാജയം നേരിട്ടത്. 70.43 എന്ന മികച്ച വിജയശരാശരി കോലിക്കുണ്ട്. ഇവയില്‍ നിന്നും 72.65 ശരാശരിയില്‍ 5449 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു.
2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലിലും 2019ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലും ടീമിനെ എത്തിക്കാന്‍ കഴിഞ്ഞതാണ് കോലിയുടെ പ്രധാന നേട്ടങ്ങള്‍. ഒരു ഐസിസി കിരീടം പോലും നേടാനായില്ലെന്ന നിരാശയിലാണ് അദ്ദേഹത്തിനു നിശ്ചിത ഓവര്‍ ടീമുകളുടെ നായകസ്ഥാനമൊഴിയേണ്ടി വന്നത്.

രഹാനെയെ മാറ്റി
ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും അജിങ്ക്യ രഹാനെയെ മാറ്റി രോഹിത് ശര്‍മയെ നിയമിക്കുമെന്ന് നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. രഹാനെയുടെ മോശം ഫോം തന്നെയായിരുന്നു ഇതിനു കാരണം. അതു തന്നെയാണ് സംഭവിച്ചിരിക്കുന്നത്. രഹാനെയെ മാറ്റി രോഹിത്തിനെ ടെസ്റ്റ് ടീമിന്റെ പുതിയ വൈസ് ക്യാറ്റനാക്കിയിരിക്കുകയാണ്.
സൗത്താഫ്രിക്കന്‍ പര്യടനത്തിലെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ കോലിയുടെ അസിസ്റ്റന്റ് ഇനി രോഹിത്തായിരിക്കും. രഹാനെയെ പക്ഷെ ടെസ്റ്റ് ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്

ജഡേജയും അക്ഷറുമില്ല
സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ സേവനം ഇന്ത്യക്കു ലഭിക്കില്ല. ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തിനിടെയേറ്റ പരിക്കാണ് ജഡ്ഡുവിനു തിരിച്ചടിയായത്. പരിക്കു കാരണം മുംബൈയിലെ രണ്ടാം ടെസ്റ്റില്‍ അദ്ദേഹം കളിക്കുകയും ചെയ്തിരുന്നില്ല.
ജഡേജയെക്കൂടാതെ പരിക്കേറ്റ ശുഭ്മാന്‍ ഗില്‍, അക്ഷര്‍ പട്ടേല്‍ എന്നിവരും ടെസ്റ്റ് പരമ്പരയില്‍ കളിക്കില്ല.

ഇന്ത്യന്‍ ടെസ്റ്റ് ടീം
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications