IND vs SA: വെറും 2 ജയം, അസ്ഹറിന്റെ വമ്പന്‍ റെക്കോര്‍ഡ് മിസ്സാക്കി രോഹിത്! മൂന്നാമത് ധോണി
സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാതിരുന്നതു കാരണം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു നഷ്ടമായിരിക്കുന്നത് വമ്പന്‍ റെക്കോര്‍ഡ്. നായകനെന്ന നിലയില്‍ ഓള്‍ടൈം റെക്കോര്‍ഡ് കുറിക്കാന്‍ ഹിറ്റ്മാന് ഈ പരമ്പരില്‍ സാധിക്കുമായിരുന്നു. പക്ഷെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നതിനാല്‍ വലിയൊരു നേട്ടം അദ്ദേഹം പാഴാക്കിയിരിക്കുകയാണ്. ഈ മാസം 17 മുതലാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്.
17, 19, 21 തിയ്യതികളിലാണ് ഏകദിന മല്‍സരങ്ങൾ. അതിനു മുമ്പ് മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും ഇരുടീമുകളും ശക്തി പരീക്ഷിക്കും. ഈ വര്‍ഷം ഇന്ത്യയുടെ അവസാനത്തെ ഏകദിന പരമ്പരയാണ് സൗത്താഫ്രിക്കയിലേത്. അതുകൊണ്ടു തന്നെ കരിയറില്‍ ഇനിയൊരിക്കലും രോഹിത്തിനു ഈ റെക്കോര്‍ഡ് തകര്‍ക്കാനുള്ള ഭാഗ്യവുമുണ്ടായേക്കില്ല.

കഴിഞ്ഞ മാസം സമാപിച്ച ഐസിസിയുടെ ഏകദിന ലോകകപ്പ് ഫൈനലിനു ശേഷം ക്രിക്കറ്റില്‍ നിന്നും ചെറിയൊരു ബ്രേക്ക് എടുത്തിരിക്കുകയാണ് രോഹിത്. ഓസ്‌ട്രേലിയയുമായി നാട്ടില്‍ നടന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ നിന്നും വിട്ടുനിന്ന അദ്ദേഹം സൗത്താഫ്രിക്കയില്‍ ടി20, ഏകദിന പരമ്പരകളിലും ടീമിന്റെ ഭാഗമല്ല. ഈ മാസം 26നു തുടങ്ങുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ മാത്രമേ രോഹിത് കളിക്കുകയുള്ളൂ.
ഏകദിനത്തില്‍ ഒരു വര്‍ഷം കൂടുതല്‍ വിജയങ്ങള്‍ കൊയ്ത ഇന്ത്യന്‍ ക്യാപ്റ്റനെന്ന എക്കാലത്തെയും വലിയ റെക്കോര്‍ഡാണ് കൈയെത്തുംദൂരത്ത് രോഹിത്തിനു നഷ്ടമായത്. മുന്‍ ക്യാപ്റ്റനും സ്റ്റൈലിഷ് ബാറ്ററുമായ മുഹമ്മദ് അസ്ഹറുദ്ദീന്റെ പേരിലാണ് നിലവില്‍ ഈ റെക്കോര്‍ഡ്.
21 വിജയങ്ങളുമായാണ് അസ്ഹര്‍ തലപ്പത്തുള്ളത്. 1998ലായിരുന്നു അദ്ദേഹത്തിനു കീഴില്‍ ടീമിന്റെ സ്വപ്‌നതുല്യമായ കുതിപ്പ്. 37 മല്‍സരങ്ങളിലായിരുന്നു അസ്ഹറിനു കീഴില്‍ ടീം ഇറങ്ങിയത്. ഇതില്‍ 22ലും ഇന്ത്യ വെന്നിക്കൊടി പാറിക്കുകയായിരുന്നു. അസ്ഹറിനു തൊട്ടു പിറകിലായി രണ്ടാംസ്ഥാനത്തു നില്‍ക്കുകയാണ് രോഹിത്.
ഈ വര്‍ഷം അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ 21 മല്‍സരങ്ങളിലാണ് ടീം ഇന്ത്യ വെന്നിക്കൊടി പാറിച്ചത്. നയിച്ച 27 ഏകദിനങ്ങളില്‍ 21ലും ടീമിനു ജയം നേടിത്തരാന്‍ ഹിറ്റ്മാനു സാധിച്ചു. സൗത്താഫ്രിക്കയുമായി നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കുകയും രണ്ടെണ്ണത്തില്‍ ടീമിനെ വിജയിപ്പിക്കുകയും ചെയ്തിരുന്നെങ്കില്‍ അസ്ഹറിനെ പിന്തള്ളി പുതിയ റെക്കോര്‍ഡിന്റെ അവകാശിയായി രോഹിത് മാറുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഈ പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനാല്‍ കിടിലന്‍ റെക്കോര്‍ഡ് അദ്ദേഹം കൈവിട്ടിരിക്കുകയാണ്.

ഈ ലിസ്റ്റില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയും ബാറ്റിങ് ഇതിഹാസം വിരാട് കോലിയുമാണ്. ഇരുവരുടെയും പേരില്‍ 19 വീതം ഏകദിന വിജയങ്ങളാണ് ഒരു വര്‍ഷമുള്ളത്. 2008ലാണ് ധോണിക്കു കീഴില്‍ 28 മല്‍സരങ്ങളില്‍ കളിച്ച് ഇന്ത്യ 19 വിജയങ്ങള്‍ കൊയ്തത്. 2017ല്‍ കോലിക്കു കീഴില്‍ 26 മല്‍സരങ്ങളില്‍ 19 വിജയങ്ങള്‍ കൊയ്യാനും ഇന്ത്യക്കായിരുന്നു.
രോഹിത്തിന്റെ അഭാവത്തില്‍ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലാണ് സൗത്താഫ്രിക്കയുമായി നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍. തുടര്‍ച്ചയായി രണ്ടാമത്തെ സൗത്താഫ്രിക്കന്‍ പര്യടനത്തിലാണ് അദ്ദേഹത്തിനു കീഴില്‍ ടീം ഇവിടെ ഏകദിന പരമ്പര കളിക്കുന്നത്.
കഴിഞ്ഞ പര്യടനത്തില്‍ രാഹുല്‍ നയിച്ച ഇന്ത്യയെ സൗത്താഫ്രിക്ക 3-0നു തൂത്തുവാരിയിരുന്നു. അതേസമയം, രോഹിത്തിനു കീഴില്‍ സ്വപ്‌നതുല്യമായ കുതിപ്പായിരുന്നു കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യ നടത്തിയത്. തുടര്‍ച്ചയായി 10 വിജയങ്ങളുമായി മുന്നേറിയ ഇന്ത്യക്കു ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ അടിതെറ്റുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications