സെഞ്ചൂറിയന്‍: സൗത്താഫ്രിക്കയുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാമിന്നിങ്‌സിലും വന്‍ ഫ്‌ളോപ്പായിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ആദ്യ ഇന്നിങ്‌സില്‍ രണ്ടു റണ്‍സ് മാത്രമെടുത്ത് ക്രീസ് വിട്ട അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ വലിയൊരു സ്‌കോറുമായി ഇതിനു പ്രായശ്ചിത്തം ചെയ്യുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
പക്ഷെ അക്കൗണ്ട് തുറക്കാന്‍ പോലുമാവാതെ ഹിറ്റ്മാന്‍ ക്രീസ് വിടുകയായിരുന്നു. എട്ടു ബോള്‍ നേരിട്ടിട്ടും റണ്ണെടുക്കാന്‍ സാധിക്കാതെ പോയ രോഹിത്തിനെ കാഗിസോ റബാഡയാണ് ക്ലീന്‍ ബൗള്‍ഡാക്കിയത്. 2019ല്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനു ഐസിസി തുടക്കമിട്ടതിനു ശേഷം ഇതാദ്യമായിട്ടാണ് രോഹിത് പൂജ്യത്തിനു പുറത്തായിരിക്കുന്നത്.

ഏറ്റവുമധികം തവണ ഡെക്കായ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ അദ്ദേഹം നാലാംസ്ഥാനത്തു നില്‍ക്കുകയാണ്. ആദ്യത്തെ ഏഴു സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്തവരില്‍ കൂടുതല്‍ തവണ ഡെക്കായവരെ എടുത്താല്‍ 31 തവണയാണ് രോഹിത്തിനു ഈ തിരിച്ചടി നേരിടേണ്ടി വന്നത്. വിവിധ ഫോര്‍മാറ്റുകളിലായി 483 ഇന്നിങ്‌സുകളിലാണ് അദ്ദേഹം കളിച്ചത്.
മുന്‍ ഇതിഹാസ ഓപ്പണറും വെടിക്കെട്ട് ബാറ്ററുമാായ വീരേന്ദര്‍ സെവാഗിനോടൊപ്പവും രോഹിത് ഇതോടെ എത്തിയിരിക്കുകയാണ്. വീരുവും അന്താരാഷ്ട്ര ക്രിക്കറ്റില്‍ 31 തവണയാണ് ഡെക്കായിട്ടുള്ളത്. 430 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ഇത്രയും തവണ പൂജ്യത്തിനു ക്രീസ് വിട്ടത്.
ഈ ലിസ്റ്റില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍ ആധുനിക ക്രിക്കറ്റിലെ ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയും മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ്. ഇരുവരും 34 തവണ വീതമാണ് ഡെക്കായത്. കോലി 575 ഇന്നിങ്‌സുകളില്‍ കളിച്ചപ്പോള്‍ സച്ചിന്‍ 782 ഇന്നിങ്‌സുകളിലും ഇന്ത്യക്കായി ഇറങ്ങി.
സെഞ്ചൂറിയന്‍ ടെസ്റ്റില്‍ രോഹിത്തിനെ പൂജ്യത്തിനു പുറത്താക്കിയതോടെ ഒരു അപൂര്‍വ്വനേട്ടവും സൗത്താഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയെ തേടിയെത്തിയിരിക്കുകയാണ്. മൂന്നു ഫോര്‍മാറ്റുകളിലും ഹിറ്റ്മാനെ ഡെക്കാക്കിയ ലോക ക്രിക്കറ്റിലെ ആദ്യത്തെ ബൗളറായി അദ്ദേഹം മാറി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ രോഹിത്തിനെ ഏറ്റവുമധികം തവണ പുറത്താക്കിയ ബൗളറും റബാഡ തന്നെയാണ്. 14 തവണയാണ് അദ്ദേഹം ഹിറ്റ്മാന്റെ ചീട്ടുകീറിയത്. 12 തവണ വിക്കറ്റെടുത്ത ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ടിം സൗത്തി രണ്ടാംസ്ഥാനത്തും 10 തവണ പുറത്താക്കിയ ശ്രീലങ്കയുടെ വെറ്ററന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ആഞ്ചലോ മാത്യൂസ് മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു. ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നതാന്‍ ലയണ്‍ (9), ന്യൂസിലാന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ട് (8) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ടെസ്റ്റില്‍ രോഹിത് പൂജ്യത്തിനു പുറത്തായിരിക്കുന്നത്. ടെസ്റ്റില്‍ അദ്ദേഹത്തിന്റെ എട്ടാമത്തെ ഡെക്കാണിത്. ഇതില്‍ മൂന്നു തവണയും സൗത്താഫ്രിക്കയ്‌ക്കെതിരേയാണ്. അതു മാത്രമല്ല സൗത്താഫ്രിക്കയ്‌ക്കെതിരേ ഡെക്കായ ഇന്നിങ്‌സുകളിലെല്ലാം ഹിറ്റ്മാന്‍ ക്ലീന്‍ ബൗള്‍ഡുമായിരുന്നു. ഡെയ്ല്‍ സ്റ്റെയ്ന്‍, മോര്‍നെ മോര്‍ക്കല്‍ എന്നിവര്‍ക്കു ശേഷം ഇപ്പോള്‍ റബാഡയും രോഹിത്തിന്റെ കുറ്റി തെറിപ്പിച്ചിരിക്കുകയാണ്.
സൗത്താഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റില്‍ മോശം റെക്കോര്‍ഡുള്ള രോഹിത്തിന് ഇത്തവണയും അതു മെച്ചപ്പെടുത്താന്‍ സാധിച്ചില്ല. ഇതുവരെ ഇവിടെ കളിച്ച 10 ഇന്നിങ്‌സുകളെടുത്താല്‍ വെറും 12.80 മാത്രമാണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. ഒരു ഫിഫ്റ്റി പോലും രോഹിത് ഇവിടെ നേടിയിട്ടുമില്ല. 30 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്യാനായത് ഒരിക്കല്‍ മാത്രം. 14, 6, 0, 25, 11, 10, 10, 47, 5, 0 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോറുകള്‍.