കേപ്ടൗണ്‍: സൗത്താഫ്രിക്കയുമായുള്ള രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ചരിത്രവിജയം കൊയ്തിരിക്കുകയാണ് ടീം ഇന്ത്യ. വെറും രണ്ടു ദിവസം മാത്രം നീണ്ട ടെസ്റ്റില്‍ ഏഴു വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. ഇതോടെ ക്യാപ്റ്റനെന്ന നിലയില്‍ പുതുചരിത്രം കുറിച്ചിരിക്കുകയാണ് രോഹിത് ശര്‍മ. ചില വമ്പന്‍ നേട്ടങ്ങളും ഹിറ്റ്മാനെ തേടിയെത്തിയിട്ടുണ്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍ നേരത്ത ഏഷ്യയില്‍ നിന്നുള്ള മറ്റൊരു ടീമിനും കേപ്ടൗണില്‍ വിജയിക്കാനായിട്ടില്ല. ഇതാണ് ഇത്തവണ രോഹിത് തിരുത്തിയിരിക്കുന്നത്. കേപ്ടൗണില്‍ സൗത്താഫ്രിക്കയെ മലര്‍ത്തിയടിച്ച ആദ്യത്ത ഏഷ്യന്‍ ക്യാപ്റ്റനെന്ന അപൂര്‍വ്വനേട്ടം അദ്ദേഹത്തെ തേടിയെത്തി. നായകനായി കരിയറിലെ ആദ്യത്തെ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ തന്നെ രോഹിത്തിനു ഈ നേട്ടം കുറിക്കാന്‍ കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്.

നേരത്തേ 14 ക്യാപ്റ്റന്‍മാരാണ് കേപ്ടൗണില്‍ ഏഷ്യന്‍ ടീമിനെ ടെസ്റ്റില്‍ നയിച്ചിട്ടുള്ളത്. ഇവര്‍ക്കെല്ലാം തലകുനിച്ച് മടങ്ങേണ്ടി വരികയായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീനാണ് കേപ്ടൗണില്‍ ടെസ്റ്റില്‍ ടീമിനെ നയിച്ച ആദ്യത്തെ ഏഷ്യന്‍ ക്യാപ്റ്റന്‍. ഈ മല്‍സരത്തില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്തു.
അതിനു ശേഷം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു കീഴില്‍ ഇന്ത്യ ഇവിടെ ഇറങ്ങിയപ്പോഴും തോല്‍വിയായിരുന്നു ഫലം. തുടര്‍ന്നു അര്‍ജുന രണതുംഗ, സനത് ജയസൂര്യ എന്നിവര്‍ക്കു കീഴില്‍ ശ്രീലങ്ക ഇവിടെ ടെസ്റ്റുകള്‍ കളിച്ചെങ്കിലും പരാജയമേറ്റു വാങ്ങി.
വഖാര്‍ യൂനുസിനു കീഴിലാണ് പാകിസ്താന്‍ കേപ്ടൗണില്‍ ആദ്യ ടെസ്റ്റില്‍ ഇറങ്ങിയത്. ഇതില്‍ പാക് ടീം തോല്‍വിയും രുചിച്ചു. അതിനു ശേഷം രാഹുല്‍ ദ്രാവിഡിനു കീഴില്‍ ഇന്ത്യയും ഇന്‍സമാമുള്‍ ഹഖിനു കീഴില്‍ പാകിസ്താനാും ധോണിക്കു കീഴില്‍ ഇന്ത്യയും തിലകരത്‌നെ ദില്‍ഷനു കീഴില്‍ ലങ്കയും ഇവിടെ ടെസ്റ്റ് കളിച്ചെങ്കുലും ജയിക്കാനായില്ല.
മിസ്ബാഹുല്‍ ഹഖ് (പാകിസ്താന്‍), ഏഞ്ചലോ മാത്യൂസ് (ശ്രീലങ്ക), വിരാട് കോലി (രണ്ടു തവണ), സര്‍ഫറാസ് അഹമ്മദ് (പാകിസ്താന്‍) എന്നിവരാണ് കേപ്ടൗണില്‍ ടെസ്റ്റ് ടീമിനെ നയിച്ച മറ്റു ഏഷ്യന്‍ ക്യാപ്റ്റന്‍മാര്‍. ഇവര്‍ക്കെല്ലാം പരാജയം സമ്മതിക്കേണ്ടി വരികയും ചെയ്തു. ഇപ്പോഴിതാ ഈ ഏഷ്യന്‍ നായകര്‍ക്കെല്ലാം വേണ്ടി ഹിറ്റ്മാന്‍ ഇവിടെ പകരം ചോദിച്ചിരിക്കുകയാണ്.
ഇതു മാത്രമല്ല സൗത്താഫ്രിക്കയില്‍ ഒരു ടെസ്റ്റ് പരമ്പര സമനിലയില്‍ അവസാനിപ്പിച്ച രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡും രോഹിത്തിനെ തേടിയെത്തി. നേരത്തേ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കു മാത്രമേ സൗത്താഫ്രിക്കയില്‍ നിന്നും സമനിലയുമായി തലയുയര്‍ത്തി നാട്ടിലേക്കു മടങ്ങാനായിട്ടുള്ളൂ. 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സൗത്താഫ്രിക്കയെ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്വന്തം നാട്ടില്‍ ടെസ്റ്റില്‍ സമനിലയില്‍ പിടിച്ചുകെട്ടിയത്.

2020-21ലെ കഴിഞ്ഞ പര്യടനത്തില്‍ വിരാട് കോലിയായിരുന്നു മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയെ നയിച്ചത്. അന്നു ഇന്ത്യ പരമ്പര 1-2നു കൈവിടുകയായിരുന്നു. ഒന്നാം ടെസ്റ്റില്‍ ജയിച്ചു കോലിയും സംഘവും രാജകീയമായി തന്നെ തുടങ്ങിയെങ്കിലും അടുത്ത രണ്ടു ടെസ്റ്റുകളും തോറ്റ് പരമ്പര അടിയറവയ്ക്കുകയായിരുന്നു.
സെന (സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ) രാജ്യങ്ങളില്‍ ടെസ്റ്റ് ജയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ എലൈറ്റ് ക്ലബ്ബിലും രോഹിത് ശര്‍മ ഇപ്പോള്‍ അംഗമായിരിക്കുകയാണ്. ഇതാദ്യമായിട്ടാണ് അദ്ദേഹത്തിനു കീഴില്‍ സെന രാജ്യത്തു ഇന്ത്യ ഒരു ടെസ്റ്റില്‍ ജയിച്ചത്.
ഈ ലിസ്റ്റില്‍ തലപ്പത്ത് മുന്‍ നായകന്‍ വിരാട് കോലിയാണ്. ഏഴു വിജയങ്ങളുമായി അദ്ദേഹം മറ്റു ഇന്ത്യന്‍ ക്യാപ്റ്റന്‍മാരേക്കാള്‍ ഏറെ മുന്നിലാണ്. ധോണിയും മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയും മൂന്നു വിതം വിജയങ്ങള്‍ നേടി. രണ്ടു വീതം വിജയങ്ങളുള്ള ബിഷന്‍ ബേദി, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, അജിങ്ക്യ രഹാനെ എന്നിവര്‍ മൂന്നാംസ്ഥാനം പങ്കിടുകയാണ്.