For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: വെറും 11 സിക്‌സ്, വീരുവിന്റെ ആ റെക്കോര്‍ഡ് പഴങ്കഥ! ചരിത്രം കുറിക്കുമോ ഹിറ്റ്മാന്‍?

ലോക ക്രിക്കറ്റിലെ സിക്‌സര്‍ വീരന്‍മാരിലൊരാളായ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ വമ്പന്‍ റെക്കോര്‍ഡിനു കച്ചമുറുക്കുകയാണ്. സമാപിച്ച ഐസിസിയുടെ ഏകദിന ലോകകപ്പില്‍ സിക്‌സറുകള്‍ വാരിക്കൂട്ടിയ ഹിറ്റ്മാന്‍ പല റെക്കോര്‍ഡുകളും കടപുഴക്കിയിരുന്നു. ഇനി റെഡ് ബോള്‍ ക്രിക്കറ്റിലും തന്റെ സംഹാര താണ്ഡവം തുടരാനാണ് രോഹിത്തിന്റെ ശ്രമം.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പറത്തിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ അദ്ദേഹത്തെ കാത്തിരിക്കുന്നത്. നിലവില്‍ ഈ റെക്കോര്‍ഡിന്റെ അവകാശി മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ്. 178 ഇന്നിങ്‌സുകളില്‍ നിന്നും വീരു വാരിക്കൂട്ടിയത് 90 സിക്‌സറുകളാണ്.

ROHIT SHARMA

ഈ നേട്ടത്തിനു അധികം പിറകില്ല ഹിറ്റ്മാന്‍. സൗത്താഫ്രിക്കയുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ നാലു ഇന്നിങ്‌സുകളിലായി 11 സിക്‌സറുകളടിച്ചാല്‍ സെവാഗിനെ മറികടന്ന് സിക്‌സര്‍ വേട്ടയിലെ പുതിയ കിങായി രോഹിത് മാറും. നിലവില്‍ ഇന്ത്യന്‍ സിക്‌സര്‍ വീരന്‍മാരില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുകയാണ് രോഹിത്.

88 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം അടിച്ചെടുത്തത് 77 സിക്‌സറുകളാണ്. ഹിറ്റ്മാന് തൊട്ടുമുകളിലായി രണ്ടാംസ്ഥാനത്ത് മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. 78 സിക്‌സറുളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

ഇത്രയും സിക്‌സറുകളടിക്കാന്‍ 144 ഇന്നിങ്‌സുകളാണ് ധോണിക്കു വേണ്ടി വന്നത്. എന്നാല്‍ വെറും 88 ഇന്നിങ്‌സുകളിലാണ് 77 സിക്‌സറുകള്‍ രോഹിത് വാരിക്കൂട്ടിയത്. രണ്ടു സിക്‌സറുകളടിച്ചാല്‍ ധോണിയെ പിന്തള്ളി പുതിയ രണ്ടാംസ്ഥാനക്കാരനായി അദ്ദേഹം മാറും.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സറുകളടിച്ച താരമെന്ന ലോക റെക്കോര്‍ഡ് നിലവില്‍ രോഹിത്തിനു അവകാശപ്പെട്ടതാണ്. കഴിഞ്ഞ ഏകദിന ലോകകപ്പിനിടെയായിരുന്നു ഈ നേട്ടം അദ്ദേഹത്തെ തേടിയെത്തിയത്. 479 ഇന്നിങ്‌സുകളില്‍ നിന്നും രോഹിത്തിന്റെ സമ്പാദ്യം 573 സിക്‌സറുകളാണ്.

യൂനിവേഴ്‌സല്‍ ബോസെന്നറിയപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ (553) പേരിലായിരുന്നു നേരത്തേയുള്ള ലോക റെക്കോര്‍ഡ്. ഇതാണ് രോഹിത് തകര്‍ത്തെറിഞ്ഞത്. ഇതു കൂടാതെ ലോകകപ്പിലെ റണ്‍വേട്ടയ്ക്കിടെ മറ്റൊരു റെക്കോര്‍ഡും രോഹിത് തിരുത്തിയിരുന്നു.

ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ സിക്‌സറുകളടിച്ച താരമായാണ് അദ്ദേഹം മാറിയത്. നേരത്തേ ഈ റെക്കോര്‍ഡ് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സിനു സ്വന്തമായിരുന്നു. 2015ലാണ് അദ്ദേഹം 58 സിക്‌സറുകളോടെ ചരിത്രം കുറിച്ചത്. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തവണ രോഹിത് ഇതു തിരുത്തിക്കുറിക്കുകയായിരുന്നു.

ROHIT SHARMA

ഏകദിന ലോകകപ്പിന്റെ ഒരു എഡിഷന്‍ കൂടുതല്‍ സിക്‌സറുകളടിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡും രോഹിത് തന്റെ പേരിലാക്കിയിരുന്നു. ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ ഒയ്ന്‍ മോര്‍ഗന്റെ പേരിലായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്.

2019ലെ ടൂര്‍ണമെന്റിലാണ് 22 സിക്‌സറുകളുമായി അദ്ദേഹം റെക്കോര്‍ഡ്. രോഹിത് ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ഇതു തകര്‍ക്കുകയും ചെയ്തു. 11 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം 31 സിക്‌സറുകള്‍ വാരിക്കൂട്ടിയിരുന്നു.

അതേസമയം, സൗത്താഫ്രിക്കയില്‍ ഇതുവരെ ടെസ്റ്റ് പരമ്പര ജയിക്കാനായിട്ടില്ലെന്ന നാണക്കേട് ഇത്തവണ തിരുത്താമെന്ന പ്രതീക്ഷയിലാണ് രോഹിത്തിനു കീഴില്‍ ഇന്ത്യയിറങ്ങുന്നത്. വിരാട് കോലിയും ജസ്പ്രീത് ബുംറയുമടക്കമുള്ള വമ്പന്‍ താരങ്ങളെല്ലാം പരമ്പരയില്‍ ഇന്ത്യയുടെ ഭാഗമാണ്. ലോകകപ്പ് ഫൈനലിനു ശേഷം രോഹിത്തടക്കമുള്ള ചില സീനിയര്‍ കളിക്കാര്‍ ഇന്ത്യക്കായി കളിച്ചിട്ടില്ല. ഇവരുടെ തിരിച്ചുവരവ് കൂടിയായിരിക്കും ഈ പരമ്പരയില്‍ കാണാന്‍ സാധിക്കുക.

Story first published: Tuesday, December 26, 2023, 10:03 [IST]
Other articles published on Dec 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+