സൗത്താഫ്രിക്കയുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീം ഇന്‍ട്രാ സ്‌ക്വാഡ് പരിശീലനം മല്‍സരം കളിച്ചു. ടെസ്റ്റ് സ്‌ക്വാഡിന്റെ ഭാഗമായിട്ടുള്ള താരങ്ങളാണ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഈ കളിയില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായപ്പോള്‍ സ്റ്റാറായത് മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരായിരുന്നു.
രോഹിത്തിനെക്കൂടാതെ ഓപ്പണിങ് പങ്കാളിയും യുവ ബാറ്ററുമായ യശസ്വി ജയ്‌സ്വാളും ബാറ്റിങില്‍ നിരാശപ്പെടുത്തി. ഇരുവരും ഒറ്റയക്ക സ്‌കോറുകള്‍ക്കു പുത്താവുകയായിരുന്നു. രോഹിത് അഞ്ചും ജയ്‌സ്വാള്‍ എട്ടും റണ്‍സാണ് നേടിയത്. 17 ബോളുകളിലാണ് ഹിറ്റ്മാന്‍ ഇത്രയും റണ്ണെടുത്തതെങ്കില്‍ ജയ്‌സ്വാള്‍ നേരിട്ടത് എട്ടു ബോളുകളുമായിരുന്നു.

എന്നാല്‍ ശ്രേയസിന്റെ മിന്നുന്ന പ്രകടനം ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച അദ്ദേഹം പുറത്താവാതെ 60 റണ്‍സ് അടിച്ചെടുത്തു. 75 ബോളുകളില്‍ നിന്നായിരുന്നു ഇത്. വിരാട് കോലിയാണ് ബാറ്റിങില്‍ മികച്ച പ്രകടനം നടത്തിയ മറ്റൊരു താരം. അദ്ദേഹം 80 ബോളില്‍ 43 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു.
ബൗളിങില്‍ മികച്ചുനിന്നത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരുന്നു. കളിയില്‍ രണ്ടു വിക്കറ്റുകള്‍ അദ്ദേഹത്തിനു ലഭിച്ചു. 17 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ഇത്. രോഹിത്, കോലി, ബുംറ എന്നിവരെല്ലാം ഒരിടവേളയ്ക്കു ശേഷം കളിക്കളത്തിലേക്കു തിരിച്ചെത്തിയ മല്‍സരമാണിത്. കഴിഞ്ഞ മാസം അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് ഫൈനലിനു ശേഷം ഇവരെല്ലാം വിശ്രമത്തിലായിരുന്നു.
ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി സന്നാഹ മല്‍സരങ്ങളൊന്നും തന്നെ ഇല്ലാത്തതിനാലാണ് ഇന്ത്യന്‍ ടീം ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരത്തിലേര്‍പ്പെട്ടത്. ശക്തമായ ടീമുമായിട്ടാണ് ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്കായി എത്തിയിരിക്കുന്നത്. പരിക്കു കാരണം പ്രമുഖ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെ നഷ്ടമായതൊഴിച്ചാല്‍ മറ്റു പ്രധാനപ്പെട്ട കളിക്കാരെല്ലാം ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്.
വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും പരമ്പരയില്‍ നിന്നും വിട്ടുനിന്നിരുന്നു. പകരം കെഎസ് ഭരതിനെയാണ് ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്. 2021ലായിരുന്നു ഇന്ത്യ അവസാനായി സൗത്താഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര കളിച്ചത്. അന്നു വിരാട് കോലിക്കു കീഴില്‍ ആദ്യ ടെസ്റ്റില്‍ ജയിച്ച ശേഷം അടുത്ത രണ്ടു ടെസ്റ്റുകളും തോറ്റ ഇന്ത്യ മൂന്നു മല്‍സരങ്ങളുടെ പരമ്പര 1-2നു കൈവിടുകയായിരുന്നു.

അന്നത്തെ പരാജയത്തിനു രോഹിത്തിനു കീഴില്‍ ഇത്തവണ പകരം ചോദിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഈ മാസം 26 മുതലാണ് ആദ്യ ടെസ്റ്റ്. സെഞ്ചൂറിയനാണ് ഈ മല്‍സരത്തിനു വേദിയാവുക.
രണ്ടാം ടെസ്റ്റ് ജനുവരി മൂന്നു മുതല്‍ കേപ്ടൗണിലും നടക്കും. നിലവില്‍ കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയില്‍ സൗത്താഫ്രിക്കയുമായി ഏകദിന പരമ്പര കളിക്കുകയാണ് ഇന്ത്യന്‍ ടീം. രണ്ടു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇരുടീമുകളും ഓരോ ജയം വീതം നേടി പരമ്പരയില്‍ ഒപ്പം നില്‍ക്കുകയാണ്.
ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്ക്വാദ്, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍).