സൗത്താഫ്രിക്കയുമായുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ടീം എട്ടു വിക്കറ്റിന്റെ ദയനീയ പരാജയമേറ്റു വാങ്ങിയെങ്കിലും ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് യുവ താരം റിങ്കു സിങ്. ഫിനിഷിങിലൂടെ ഇതിനകം ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനമുറപ്പിച്ച റിങ്കുവിന്റെ ഏകദിനത്തിലെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്. ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാനായില്ലെങ്കിലും ബൗളിങില്‍ മറ്റൊരു ഇന്ത്യന്‍ താരത്തിനും സാധിച്ചിട്ടില്ലാത്ത നേട്ടമാണ് റിങ്കു കൈക്കലാക്കിയിരിക്കുന്നത്.
കളിയില്‍ എട്ടു ബൗളര്‍മാരെയാണ് ഇന്ത്യന്‍ നായകന്‍ കെഎല്‍ രാഹുല്‍ പരീക്ഷിച്ചത്. അക്കൂട്ടത്തില്‍ റിങ്കുവുമുണ്ടായിരുന്നു. ഒരോവര്‍ മാത്രം ബൗള്‍ ചെയ്ത അദ്ദേഹം രണ്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത് അപകടകാരിയായ റാസ്സി വാന്‍ഡര്‍ ഡ്യുസെന്റെ വിക്കറ്റെടുക്കുകയും ചെയ്തു. ഇതോടെയാണ് ചരിത്ര നേട്ടം റിങ്കുവിനെ തേടിയെത്തിയത്.

ഏകദിനത്തില്‍ അരങ്ങേറ്റ മല്‍സരത്തില്‍ ഒരോവറോ, അതില്‍ താഴെയോ ബൗള്‍ ചെയ്ത ശേഷം ഒരു വിക്കറ്റെടുത്ത പുരുഷ ക്രിക്കറ്റിലെ മൂന്നാമത്തെ മാത്രം താരമായി റിങ്കു മാറിയിരിക്കുകയാണ്. ഒരു ഇന്ത്യന്‍ പുരുഷ താരത്തിനു അരങ്ങേറ്റ മല്‍സരത്തില്‍ ഇതു സാധിക്കുന്നതും ആദ്യമായിട്ടാണ്. വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം വെവല്‍ ഹിന്‍ഡ്‌സ്, അഫ്ഗാനിസ്താന്റെ നവ്‌റോസ് മംഗല്‍ എന്നിവര്‍ക്കു മാത്രമേ നേരത്തേ അപൂര്‍വ്വ നേട്ടം കുറിക്കാനായിട്ടുള്ളൂ.
1999ല്‍ ഇന്ത്യക്കെതിരായ ഏകദിന മല്‍സരത്തിലാണ് ഹിന്‍ഡ്‌സ് ഈ റെക്കോര്‍ഡിട്ടത്. 10 വര്‍ഷങ്ങള്‍ക്കു ശേഷം 2009ല്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരേ മംഗളും ഈ നേട്ടം ആവര്‍ത്തിക്കുകയായിരുന്നു. ഇപ്പോഴിതാ 14 വര്‍ഷങ്ങള്‍ക്കു ശേഷം റിങ്കുവും ഈ അപൂര്‍വ്വ റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ്.
പാര്‍ട്ട് ടൈം സ്പിന്‍ ബൗളറായ റിങ്കുവിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യത്തെ വിക്കറ്റ് കൂടിയാണ് സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ളത്. നേരത്തേ ലിസ്റ്റ് എ ക്രിക്കറ്റിലും ടി20യിലും അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ വിക്കറ്റെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു.
സൗത്താഫ്രിക്കയ്‌ക്കെതിരേ 42ാം ഓവറിലാണ് വലംകൈയന്‍ ഓഫ്‌ബ്രേക്ക് ബൗളറായ റിങ്കുവിനെ നായകന്‍ രാഹുല്‍ ബൗളിങില്‍ പരീക്ഷിച്ചത്. അപ്പോഴേക്കും സൗത്താഫ്രിക്ക വിജയമുറപ്പാക്കിയിരുന്നു. എന്നാല്‍ റിങ്കു നിരാശപ്പെടുത്തിയില്ല. ഏകദിനത്തിലെ അരങ്ങേറ്റ മല്‍സരത്തിലെ മൂന്നാമത്തെ ബോളില്‍ തന്നെ അദ്ദേഹം കന്നി വിക്കറ്റ് സ്വന്തം പേരില്‍ കുറിക്കുകയായിരുന്നു.

ഓഫ് സ്റ്റംപിനു പുറത്തേക്കു പോയ ബോളായിരുന്നു റിങ്കു പരീക്ഷിച്ചത്. ശരീരത്തിനു അകലെ കൂടി പോവുകയായിരുന്ന ബോളില്‍ വാന്‍ഡര്‍ ഡ്യുസെന്‍ കട്ട് ഷോട്ട് കളിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ പ്രതീക്ഷിച്ചതു പോലെ ബോള്‍ കണക്ട് ചെയ്യാന്‍ അദ്ദേഹത്തിനായില്ല.
ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. റിങ്കു ഇരുകൈകളും ആകാശത്തേക്കുയര്‍ത്തി ഓടി ആഹ്ലാദ പ്രകടനം നടത്തിയപ്പോള്‍ വാന്‍ഡര്‍ ഡ്യുസെന്‍ തലതാഴ്ത്തി ക്രീസ് വിടുകയും ചെയ്തു.
നേരത്തേ ബാറ്റിങില്‍ പ്രതീക്ഷിച്ചതു പോലെ സംഭാന നല്‍കാന്‍ റിങ്കുവിനായിരുന്നില്ല. ശ്രേയസ് അയ്യര്‍ക്കു പകരം പ്ലെയിങ് ഇലവനിലേക്കു വന്ന അദ്ദേഹം ആറാം നമ്പറിലാണ് ബാറ്റിങിനു ഇറങ്ങിയത്. പക്ഷെ 17 റണ്‍സ് മാത്രമേ റിങ്കുവിനു സ്‌കോര്‍ ചെയ്യാനായായുള്ളൂ. 14 ബോളില്‍ രണ്ടു ഫോറും ഒരു സിക്‌സറുമടക്കമായിരുന്നു. സ്പിന്നര്‍ കേശവ് മഹാരാജിന്റെ ബൗളിങില്‍ ക്രീസിനു പുറത്തേക്കിറങ്ങി പ്രതിരോധിക്കാന്‍ ശ്രമിച്ച റിങ്കുവിനെ വിക്കറ്റ് കീപ്പര്‍ ഹെന്‍ട്രിച്ച് ക്ലാസെന്‍ സ്റ്റംപ് ചെയ്യുകയായിരുന്നു.